print edition സുവർണ താരങ്ങളാകാൻ വമ്പന്മാർ

ന്യൂയോർക്ക്: ലോകകപ്പിൽ കിരീടപ്പോരാട്ടം കടുക്കുന്നതിനിടെ ആരാധകരെ ആവേശത്തിലാഴ്‌ത്തി വ്യക്തിഗത പുരസ്‌കാരങ്ങൾക്കായുള്ള മത്സരവും മുറുകുന്നു. പട്ടികയിൽ പ്രമുഖരുണ്ട്. ഉദിച്ചുയരുന്ന യുവതാരങ്ങളുണ്ട്. എല്ലാ പുരസ്‌കാരങ്ങൾക്കും ഒപ്പത്തിനൊപ്പമുള്ള മത്സരമാണ്. ഒന്നും ഏകപക്ഷീയമല്ല, ആര് നേടുമെന്ന് കണ്ടറിയണം.
ഗോൾഡൻ ബൂട്ട്
മികച്ച ഗോളടിക്കാരനാകാൻ ഇതുവരെയില്ലാത്ത മത്സരമാണ് ഇത്തവണ. എട്ട് ഗോൾ നേടുകയും മൂന്ന് ഗോളിന് വഴിയൊരുക്കുകയും ചെയ്‌ത ഫ്രാൻസ് ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെയാണ് പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ തവണ ഖത്തറിൽ ഗോൾഡൻ ബൂട്ട് പുരസ്‌കാരം നേടിയിരുന്നു.
അർജന്റീനയെ മുന്നിൽ നിന്ന് നയിക്കുന്ന നായകൻ ലയണൽ മെസി എട്ട് ഗോളും രണ്ട് ഗോളവസരങ്ങളുമായി ഗോൾഡൻ ബൂട്ടിനായി ശക്തമായി രംഗത്തുണ്ട്. 21 ഗോളുമായി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായ മെസി ആകെ 10 ഗോളവസരവുമൊരുക്കി.
2018 ലോകകപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവായ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്‌ൻ 6 ഗോളുമായി തൊട്ടുപിന്നാലെയുണ്ട്. ഒരു ഗോളവസരവും ഒരുക്കി. ഇംഗ്ലണ്ടിന്റെ യുവതാരം ജൂഡ് ബെല്ലിങ്‌ഹാമിനും ആറ് ഗോളായി. ഒരു ഗോളവസരവുമുണ്ട്.
ഗോൾഡൻ ബോൾ
ലോകകപ്പിലെ മികച്ച കളിക്കാരനാകാനുള്ള സാധ്യതാ പട്ടികയിൽ സ്‌പാനിഷ് ക്യാപ്‌റ്റൻ റോഡ്രിയാണ് മുന്നിൽ. സ്‌പെയിനിന്റെ കളിയുടെ വേഗം നിശ്‌ചയിക്കുകയും എതിർ മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും ചെയ്യുന്ന താരം ഇതിനോടകം 694 പാസുകൾ കൈമാറി.
2014ലും 2022ലും ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ലയണൽ മെസി ഇത്തവണയും രംഗത്തുണ്ട്. അർജന്റീനയുടെ ആദ്യ അഞ്ച് മത്സരങ്ങളിലും ഗോൾ നേടി. ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനെതിരെ ഗോളിന് വഴിയൊരുക്കി. ഇംഗ്ലണ്ട് മധ്യനിര താരം ജൂഡ് ബെല്ലിങ്‌ഹാമാണ് സാധ്യത കൽപ്പിക്കപ്പെടുന്ന മറ്റൊരു താരം. ഇരുപത്തിമൂന്നുകാരൻ പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും ഇരട്ട ഗോൾ നേടി.
ഗോൾഡൻ ഗ്ലൗ
സ്‌പെയ്‌നിന്റെ ഗോൾകീപ്പർ ഉനായ് സിമോണിന് മുൻതൂക്കം. ഏഴ് കളിയിൽ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. ഏഴ് രക്ഷപ്പെടുത്തലുമുണ്ട്. ഫ്രാൻസിന്റെ മൈക്ക് മയിന്യാനാണ് പുരസ്‌കാരനേട്ടത്തിനായി രംഗത്തുള്ള മറ്റൊരു താരം. ഏഴ് കളിയിൽ ഒന്പത് ഗോൾ ശ്രമങ്ങൾ തടഞ്ഞു. നാല് മത്സരങ്ങളിൽ ഗോൾ വഴങ്ങിയില്ല. നോർവെയ്‌ക്കെതിരെ ഒരു പെനൽറ്റി തട്ടിയകറ്റി. നാല് ഗോൾ വഴങ്ങി. 2022ൽ ഗോൾഡൻ ഗ്ലൗ പുരസ്‌കാരം നേടിയ അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസിനും സാധ്യതയുണ്ട്. എട്ട് ഗോൾ ശ്രമങ്ങൾ തടഞ്ഞു. രണ്ട് മത്സരത്തിൽ ഗോൾ വഴങ്ങിയില്ല. ആറ് ഗോൾ വലയിൽ കയറി.
മികച്ച യുവതാരം
സ്‌പെയ്‌നിന്റെ സൂപ്പർതാരം ലമീൻ യമാലാണ് സാധ്യതയിൽ മുന്നിൽ. ഗ്രൂപ്പ്‌ഘട്ട മത്സരങ്ങളിൽ തിളങ്ങാതിരുന്ന പത്തൊന്പതുകാരൻ നോക്കൗട്ടിൽ മികവ് വീണ്ടെടുത്തു. ഒരു ഗോൾ നേടി. 15 ഷോട്ടുതിർത്തു. ഫ്രാൻസിന്റെ ഇരുപത്തൊന്നുകാരനായ അറ്റാക്കിങ് മിഡ്‌ഫീൽഡർ ദിസിരെ ദുവെയാണ് മറ്റൊരു ഭാവി വാഗ്‌ദാനം. ഏഴ് കളിയിൽ ഒരു ഗോൾ നേടുകയും ഒരു ഗോളവസരം സൃഷ്‌ടിക്കുകയും ചെയ്‌തു. മെക്‌സിക്കോയുടെ യുവതാരം ഗിൽബർട്ടോ മോറയാണ് സാധ്യത കൽപ്പിക്കപ്പെടുന്ന മറ്റൊരു താരം. പതിനേഴുകാരൻ നാല് കളിയിൽ അഞ്ച് ഗോളവസരം സൃഷ്‌ടിച്ചു.











0 comments