ad
Deshabhimani

കൊളംബിയൻ ശ‍ൗര്യം

COLOMBIAL FIFA
വെബ് ഡെസ്ക്

Published on Jun 29, 2026, 02:34 AM | 1 min read

മയാമി: പോർച്ചുഗൽ കരുത്തിനെ വിറപ്പിച്ച്‌ കൊളംബിയയുടെ കുതിപ്പ്‌. ലോകകപ്പ്‌ -ഫുട്‌ബോളിൽ യൂറോപ്പിന്റെയും ലാറ്റിനമേരിക്കയുടെ പോരാട്ടം ഗോളില്ലാതെ അവസാനിച്ചു. സമനിലവഴി ഗ്രൂപ്പ്‌ ‘കെ’യിൽനിന്ന്‌ ഒന്നാംസ്ഥാനക്കാരായാണ്‌ കൊളംബിയ നോക്ക‍ൗട്ടിലേക്ക്‌ മുന്നേറിയത്‌. പോർച്ചുഗൽ രണ്ടാമതായി.


ലോകകപ്പിലെ ഏറ്റവും മികച്ച ആക്രമണനിരയുമായെത്തിയ കൊളംബിയ പോർച്ചുഗലിനെതിരെ അവസാന നിമിഷം ജയം ഉറപ്പിച്ചതാണ്‌. ഡേവിൻസൺ സാഞ്ചെസിന്റെ തകർപ്പൻ ഹെഡ്ഡർ വലയിൽ കയറിയെങ്കിലും വാർ പരിശോധനയിൽ ഓഫ്‌ സൈഡ്‌ ആണെന്ന്‌ തെളിഞ്ഞതോടെ ആഘോഷം നിലച്ചു. സാഞ്ചെസിന്റെ ബൂട്ടിന്റെ നേരിയ ഭാഗമാണ്‌ വര കടന്നത്‌. എങ്കിലും ആദ്യ രണ്ട്‌ മത്സരങ്ങൾ ജയിച്ച കൊളംബിയക്ക്‌ സമനില ധാരാളമായിരുന്നു.


ഒന്നാംസ്ഥാനത്തിന്‌ ജയം അനിവാര്യമായിരുന്ന പോർച്ചുഗൽ നിരാശപ്പെടുത്തി. സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ ലോകോത്തര നിരയുമായി കളത്തിലിറങ്ങിയ പോർച്ചുഗൽ, ഗോൾകീപ്പർ ദ്യേഗോ കോസ്‌റ്റയുടെ പ്രകടനത്തിലാണ്‌ പിടിച്ചുനിന്നത്‌. റിച്ചാർഡ്‌ റിയോസിന്റെയും ഗുസ്‌താവോ പുയേർട്ടയുടെയും ഷോട്ടുകൾ നേരിയ വ്യത്യാസത്തിൽ അകന്നുപോയി. ഗോൾമുഖത്തുള്ള അവസരം മുന്നേറ്റക്കാരൻ ലൂയിസ്‌ സുവാരസ്‌ പാഴാക്കി. ക്യാപ്‌റ്റൻ ഹമേഷ്‌ റോഡ്രിഗസ്‌ പ്രതാപകാലം ഓർമിപ്പിച്ചു.


കൊളംബിയയുടെ ഓരോ നീക്കങ്ങൾക്കുപിന്നിലും റോഡ്രിഗസായിരുന്നു. 24 ഷോട്ടുകളാണ്‌ മത്സരത്തിൽ കൊളംബിയ തൊടുത്തത്‌. ആറെണ്ണം ലക്ഷ്യത്തിലേക്കുള്ളവ. മറുവശത്ത്‌ റൊണാൾഡോയ്‌ക്ക്‌ കൊളംബിയൻ പ്രരിരോധത്തെ മറികടക്കാനായില്ല. ബ്ര‍‍‍ൂണോ ഫെർണാണ്ടസും വിറ്റീന്യയും ഉൾപ്പെട്ട ആക്രമണനിര ദുർബലമായിപ്പോയി.ക്ലോസ്‌ റേഞ്ചിൽവച്ചുള്ള ബ്രൂണോയുടെ ഷോട്ട്‌ കൊളംബിയൻ ഗോൾകീപ്പർ കാമിലോ വർഗാസ്‌ തടയുകയായിരുന്നു. 15 തവണ ഷോട്ടുകൾ ഉതിർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home