ഫുട്ബോൾ ലോകകപ്പ്: തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് പരിശീലകനെ വിമർശിച്ച് മുൻ താരങ്ങൾ

Photo:FIFA
ലണ്ടൻ : ലോകകപ്പ് സെമി ഫൈനലിൽ മുന്നിട്ടു നിന്ന ശേഷം അർജന്റീനയോട് തോറ്റ് ഫൈനൽ കാണാതെ പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുച്ചെലിനെതിരെ കടുത്ത വിമർശനം. മത്സരത്തിന്റെ 55-ാം മിനിറ്റിൽ ലീഡ് നേടിയതിന് പിന്നാലെ അഞ്ച് പ്രതിരോധ നിരക്കാരെ പിൻവലിച്ച് കളിച്ച ടുച്ചെലിന്റെ തന്ത്രമാണ് ഇംഗ്ലണ്ടിന്റെ പരാജയത്തിന് കാരണമായതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
പ്രതിരോധ തന്ത്രം മുതലെടുത്താണ് അർജന്റീന രണ്ട് ഗോളുകൾ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. ഇതിന് പുറമെ ടീം തെരഞ്ഞെടുപ്പിലും പകരക്കാരെ ഇറക്കിയതിലും വലിയ പാളിച്ചകൾ സംഭവിച്ചതായി മുൻ താരങ്ങൾ ഉൾപ്പെടെ ആരോപിക്കുന്നു. ലീഡ് നേടിയ ശേഷം ടീം പൂർണമായും പ്രതിരോധത്തിലേക്ക് മാറിയതാണ് പരാജയത്തിന് പിന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ വെയ്ൻ റൂണി ആരോപിച്ചു.
മെസിയെയും കൂട്ടരെയും സ്വതന്ത്രമായി ആക്രമിക്കാൻ വിടുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് റൂണി പ്രതികരിച്ചു. സ്വന്തം ടീമിൽ വിശ്വാസമില്ലാത്ത വ്യക്തിയെപ്പോലെയാണ് ടുച്ചെൽ പെരുമാറിയതെന്ന് മുൻ ഗോൾകീപ്പർ ജോ ഹാർട്ടും വിമർശിച്ചു.
കടുത്ത വിമർശനങ്ങൾക്കിടയിലും തന്റെ തീരുമാനങ്ങളെ ന്യായീകരിച്ച് തോമസ് ടുച്ചെൽ രംഗത്തെത്തി. മാർകസ് റാഷ്‌ഫോർഡിനെപ്പോലെയുള്ള മികച്ച സ്‌ട്രൈക്കർമാർ ബെഞ്ചിൽ ഉള്ളപ്പോൾ എന്തുകൊണ്ട് ഡാൻ ബേണിനെയും നിക്കോയെയും കളത്തിലിറക്കി എന്ന ചോദ്യത്തിന്, അർജന്റീന കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് തടയാൻ വേണ്ടിയാണ് പ്രതിരോധത്തിന് മുൻഗണന നൽകിയതെന്നായിരുന്നു പരിശീലകന്റെ മറുപടി.











0 comments