ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുക; കിരീട ജേതാവിന് ലഭിക്കുക 50 ദശലക്ഷം ഡോളർ

Photo: X/@FIFAWorldCup
ന്യൂയോർക്ക് : ചരിത്രത്തിലെ ഏറ്റവും വലിയ തുക സമ്മാനമായി പ്രഖ്യാപിച്ച് 2026 ഫിഫ ലോകകപ്പ്. 48 ടീമുകളായി വിപുലീകരിച്ച ഈ ടൂർണമെന്റിൽ പങ്കെടുക്കുന്ന രാജ്യങ്ങൾക്കായി റെക്കോഡ് തുകയായ 871 ദശലക്ഷം ഡോളറാണ് (ഏകദേശം 7200ലധികം കോടി രൂപ) ഫിഫ നീക്കിവെച്ചിരിക്കുന്നത്. ഇതിൽ 655 ദശലക്ഷം ഡോളറും മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള സമ്മാനത്തുകയാണ്. 2022ൽ ഖത്തറിൽ നടന്ന ലോകകപ്പിലെ ആകെ സമ്മാനത്തുകയേക്കാൾ (440 ദശലക്ഷം ഡോളർ) ഏകദേശം 49 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ വരുത്തിയിരിക്കുന്നത്.
ഈ വർഷത്തെ ലോകകപ്പ് ജേതാവിന് 50 ദശലക്ഷം ഡോളർ (ഏകദേശം 415 കോടി രൂപ) സമ്മാനമായി ലഭിക്കും. ഖത്തർ ലോകകപ്പിൽ ഇത് 42 ദശലക്ഷം ഡോളർ മാത്രമായിരുന്നു. റണ്ണേഴ്സ് അപ്പ് ആകുന്നവർക്കും മൂന്നാം സ്ഥാനക്കാർക്കും ക്വാർട്ടർ ഫൈനലിൽ എത്തുന്നവർക്കും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ തുക ലഭിക്കും.
ഇത്തവണ ടീമുകളുടെ എണ്ണം വർധിപ്പിച്ചതോടെ പുതുതായി ഉൾപ്പെടുത്തിയ 'റൗണ്ട് ഓഫ് 32' ഘട്ടത്തിൽ പുറത്താകുന്ന ടീമുകൾക്ക് പോലും 11 ദശലക്ഷം ഡോളർ വീതം ലഭിക്കും. മുൻപ് 32 ടീമുകൾ മാത്രം മാറ്റുരച്ചിരുന്ന ഫോർമാറ്റിൽ ഈ ഘട്ടം ഉണ്ടായിരുന്നില്ല. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ടൂർണമെന്റിന്റെ യാത്രാ-താമസ ചിലവുകൾ മുൻനിർത്തി രാജ്യങ്ങളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഫിഫ ആകെ ഫണ്ട് 727 ദശലക്ഷം ഡോളറിൽ നിന്നും 871 ദശലക്ഷം ഡോളറായി ഉയർത്തിയത്.
ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക ഭദ്രതയിലാണ് ഫിഫ ഇപ്പോഴുള്ളതെന്നും, അതുകൊണ്ടാണ് അംഗരാജ്യങ്ങളെ ഇത്രയധികം സഹായിക്കാൻ സാധിക്കുന്നതെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി. പുതിയ പാക്കേജ് അനുസരിച്ച് ലോകകപ്പിന് യോഗ്യത നേടിയ എല്ലാ ടീമുകൾക്കും ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപ് തന്നെ വലിയൊരു തുക തയ്യാറെടുപ്പുകൾക്കായി ലഭിക്കും. ഇതനുസരിച്ച് ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും കുറഞ്ഞത് 12.5 ദശലക്ഷം ഡോളർ (തയ്യാറെടുപ്പ് ഫണ്ടും പങ്കാളിത്ത തുകയും ഉൾപ്പെടെ) ലഭിക്കും.









0 comments