ad
Deshabhimani

ജുഡീഷ്യൽ കസ്റ്റഡിയിൽ യുവാവിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമീഷൻ

resh babu
വെബ് ഡെസ്ക്

Published on Jun 05, 2026, 07:02 PM | 1 min read

തൃശൂർ: മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മർദനമേറ്റ്‌ കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. നെന്മണിക്കര പുലക്കാട്ടുകര പടിഞ്ഞാറേ പുരയ്‌ക്കൽ ബാബുവിന്റെ മകൻ രേഷ് ബാബുവാണ്‌ (33) കൊല്ലപ്പെട്ടത്. ജയിൽ വകുപ്പ് മേധാവിയും തൃശൂർ സിറ്റി പൊലീസ് കമീഷണറും വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി ഗീത നിർദ്ദേശം നൽകി.


റിപ്പോർട്ട് ലഭിച്ച ശേഷം തൃശൂരിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സാധാരണ ജയിലിലേക്ക് അയച്ചതിൽ പൊലീസിന്റെ ഭാഗത്ത് വിഴ്ചയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. മെയ് 17നാണ്‌ രേഷ് ബാബുവിനെ തൃശൂർ ഈസ്റ്റ്‌ പൊലീസ് അറസ്റ്റ്ചെയ്‌തത്‌. വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിയവെ 26ന്‌ രക്തംഛർദിച്ച നിലയിൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധൻ രാത്രിയോടെ മരിച്ചു.


ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന രേഷ്‌ ബാബു വീടുവിട്ട്‌ നഗരത്തിലെത്തിയതാണ്‌. പിടിച്ചുപറിക്കേസിലാണ് പ്രതിചേർത്തത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന സർട്ടിഫിക്കറ്റ് അച്ഛൻ പൊലീസിൽ ഹാജരാക്കിയിട്ടും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയില്ല. മറ്റുപ്രതികൾക്കൊപ്പം ജ‍ുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ്‌ കോടതി ഒന്നിൽ ഹാജരാക്കി. മാനസിക വെല്ലുവിളി നേരിടുന്ന വിവരം കോടതിയിലും മറച്ചുവച്ചു. തുടർന്ന്‌ വിയ്യൂർ ജയിലിൽ റിമാൻഡ്ചെയ്‌തു.


മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായി 26നാണ്‌ ജയിൽ അധികൃതർ കുടുംബത്തെ അറിയിച്ചത്‌. ചുണ്ട് വീങ്ങി ശരീരമാസകലം പരിക്കേറ്റ നിലയിലായിരുന്നു. വായിലും മൂക്കിലും ട്യൂബ്‌ ഇട്ടിരുന്നു. ജയിലിൽവച്ച്‌ കക്ക‍ൂസിൽ പോയി തിരിച്ചുവരുന്പോൾ ചന്ദനത്തിരിയുടെ കമ്പ്‌ പല്ലിൽ കുത്തിയപ്പോൾ ചോര വാർന്നതിനാൽ ആശുപത്രിയിലെത്തിച്ചെന്നാണ്‌ പൊലീസിന്റെ വിശദീകരണം. തലച്ചോറിൽ രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ട്‌. മുതുകിലും പിൻഭാഗത്തും ചതവുള്ളതായും റിപ്പോർട്ടിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home