യുഎസ്-ഇറാൻ യുദ്ധം: സമ്പുഷ്ട യുറേനിയം കൈമാറാൻ തയ്യാറാണെന്ന് ഇറാൻ

ഇറാനിലെ ബുഷെഹർ ആണവനിലയം |Photo: Wikimedia Commons
തെഹ്റാൻ : ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ വലിയ മുന്നേറ്റം. തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഒരു ഭാഗം മൂന്നാമതൊരു രാജ്യത്തിന് കൈമാറാൻ തയ്യാറാണെന്ന് ഇറാൻ പാകിസ്താനെ അറിയിച്ചതായി അൽ അറേബ്യ റിപ്പോർട്ട് ചെയ്തു. കിർഗിസ്താൻ തലസ്ഥാനമായ ബിഷ്കെകിൽ നടന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിനിടെ പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വിയും ഇറാൻ ആഭ്യന്തര മന്ത്രി എസ്കന്ദർ മൊമേനിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണായക പ്രഖ്യാപനമുണ്ടായത്.
ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ് - ഇറാൻ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ചർച്ചകളുടെ ഭാഗമായാണ് തീരുമാനം എന്ന് റിപ്പോർട്ട്. ആണവ പദ്ധതി പൂർണമായി നിർത്തലാക്കുന്നതിന് പകരം, ഘട്ടങ്ങളായുള്ള വെടിനിർത്തലിനും ദീർഘകാലത്തേക്ക് പദ്ധതി മരവിപ്പിക്കുന്നതിനും പകരമായി മാത്രമേ യുറേനിയം കൈമാറൂ എന്നാണ് ഇറാന്റെ നിബന്ധന.
കൂടാതെ ഈ യുറേനിയം ശേഖരം നേരിട്ട് അമേരിക്കയ്ക്ക് നൽകുന്നതിന് പകരം റഷ്യ പോലുള്ള മറ്റൊരു രാജ്യത്തേക്ക് മാറ്റാനാണ് ഇറാൻ താല്പര്യപ്പെടുന്നത്. മുൻപ് ചർച്ച ചെയ്യാൻ പോലും വിസമ്മതിച്ചിരുന്ന ആണവ പദ്ധതിയുടെ ചില ഭാഗങ്ങളിൽ ചർച്ചയ്ക്ക് ഇറാൻ ഇപ്പോൾ തയ്യാറായിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
അതേസമയം, യുഎസ് മുൻപ് മരവിപ്പിച്ചു നിർത്തിയിരിക്കുന്ന തങ്ങളുടെ 20 ബില്യൺ ഡോളറിന്റെ ആസ്തികൾ തിരികെ നൽകണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. എന്നാൽ അന്തിമ കരാറിൽ എത്തിയതിനു ശേഷം മാത്രമേ പണം നൽകാനാകൂ എന്ന നിലപാടിലാണ് അമേരിക്ക. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നശിപ്പിക്കണമെന്നോ അല്ലെങ്കിൽ അന്താരാഷ്ട്ര മേൽനോട്ടത്തിലാക്കണമെന്നോ അമേരിക്ക ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഇത് നടപ്പിലാക്കുന്നതിലെ മുൻഗണനാക്രമത്തെ ചൊല്ലിയുള്ള തർക്കങ്ങൾ ഇപ്പോഴും തുടരുകയാണ്.









0 comments