ad
Deshabhimani

ക്ലാസിക് പോരിന്‌ അരങ്ങൊരുങ്ങി

finalissima.jpg
വെബ് ഡെസ്ക്

Published on Jul 17, 2026, 05:20 AM | 1 min read

ന്യൂയോർക്ക്‌: ലോകകപ്പ്‌ ഫുട്‌ബോൾ ചരിത്രത്തിലെ ക്ലാസിക് പോരിന്‌ അരങ്ങൊരുങ്ങി. ലയണൽ മെസിയുടെ അർജന്റീനയ്‌ക്ക്‌ മുന്നിൽ സ്‌പെയ്‌ൻ. രണ്ട്‌ വ്യത്യസ്‌ത രീതികളിൽ, ആശയത്തിൽ പന്ത്‌ തട്ടുന്ന ടീമുകൾ. രണ്ട്‌ വൻകരകളുടെ പോര്‌. മെസിയെന്ന ഇതിഹാസവും ലമീൻ യമാൽ എന്ന ക‍ൗമാര വിസ്‌മയവും മുഖാമുഖമെത്തുന്ന അപൂർവത. ഞായറാഴ്‌ചത്തെ ഫൈനലിൽ ആവേശംനിറയും. ലോകകപ്പിനുശേഷം മെസി രാജ്യാന്തര കളമൊഴിഞ്ഞേക്കും. ആ വിടവിലേക്ക്‌ ലോകം കാണുന്നത്‌ യമാലിനെയാണ്‌. അതേ കളിയഴകുമായി ആനന്ദിപ്പിക്കുന്ന ശൈലിയാണ്‌ പത്തൊന്പതുകാരന്‌. മെസിയുടെ യഥാർഥ പിൻഗാമിയെന്ന്‌ യമാലിനെ ലോകം വാഴ്‌ത്തുന്നു. യാദൃശ്‌ചികമായുള്ള ഒരു ഫോട്ടോഷൂട്ടിൽനിന്ന്‌ ലോകകപ്പ്‌ ഫൈനൽവേദിയിൽ എത്തിയിരിക്കുന്ന ബന്ധമാണ്‌ ഇരുവരും തമ്മിൽ. ബാഴ്‌സലോണയിൽ മുപ്പത്തൊമ്പതുകാരന്റെ പത്താം നമ്പർ കുപ്പായമണിയുന്നതും യമാലാണ്‌. കളത്തിൽ മുഖാമുഖമെത്തുന്നത്‌ ആദ്യം. മെസിക്ക്‌ സ്‌പെയ്‌ൻ സ്വന്തം വീട്‌ പോലെയാണ്‌. ബാഴ്‌സലോണയിലെ കളിക്കാലമാണ്‌ മെസിയെ ലോകോത്തര താരമായി വളർത്തിയത്‌.

സ്‌പെയ്‌നിനെതിരെ ലോകവേദിയിൽ ആദ്യമായി പന്ത്‌ തട്ടുന്പോൾ ആ സമ്മർദം അർജന്റീന ക്യാപ്‌റ്റനെ ബാധിക്കുമോയെന്ന്‌ കണ്ടറിയാം. ഞായറാഴ്‌ച രാത്രി 12.30ന്‌ ന്യൂയോർക്കിലെ ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിലാണ്‌ കിരീടക്കളി. പരിശീലകൻ ലൂയിസ്‌ ഡാ ലെ ഫുയെന്റെ പകരുന്ന തന്ത്രങ്ങൾ അതേപടി പട്ടാളച്ചിട്ടയോടെ പകർത്തിയാണ്‌ സ്‌പെയ്‌നിന്റെ വരവ്‌. വ്യക്തമായ കളിശൈലിയും പദ്ധതിയുമാണവർക്ക്‌. ഓരോ നീക്കത്തിന്‌ പിറകിലും ഉറച്ച കണക്കുണ്ട്‌. പ്രതിരോധത്തിൽ വിട്ടുവീഴ്‌ചയില്ല. പന്ത്‌ എതിർ കാലിലായാൽ നിമിഷങ്ങൾക്കുള്ളിൽ തിരിച്ചെടുക്കും. മധ്യനിരയിലൂന്നി ആക്രമണം നെയ്യും. അടിമുടി യൂറോപ്യൻ പ്രൊഫഷണലിസം. അർജന്റീനയ്‌ക്കാകട്ടെ വ്യത്യസ്‌ത രീതികളാണ്‌. മെസിയിലാണ്‌ എല്ലാം. എന്നാൽ മെസി മാത്രവുമല്ല ടീം. പ്രതിരോധത്തിന്‌ ബലംനൽകി മധ്യനിരയിൽ പന്ത്‌ പിടിച്ചുവച്ച്‌ കളിക്കുകയാണ്‌ പതിവ്‌.

അവസരം കിട്ടുമ്പോൾ ഗോളടിക്കും. ഏത്‌ സമ്മർദത്തിലും പതറാത്ത ആത്മവീര്യവും സംഘബോധവുമാണ്‌ കരുത്ത്‌. വൈകാരികതയോടെയാണ്‌ എല്ലാ നീക്കങ്ങളും. ഇ‍ൗ ഒരുമയും സാഹചര്യങ്ങളെ നേരിടാനുള്ള മനക്കരുത്തും ചാമ്പ്യൻമാരെ വ്യത്യസ്തരാക്കുന്നു. ഗോൾ വഴങ്ങിയാലും തോൽക്കാത്ത മനസ്സുമുണ്ട്‌. മൂന്നാം സ്ഥാനത്തിനായുള്ള ലൂസേഴ്‌സ്‌ ഫൈനലിൽ ഫ്രാൻസും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഞായാറാഴ്‌ച പുലർച്ചെ രണ്ടരയ്‌ക്ക്‌ മയാമി സ്‌റ്റേഡിയത്തിലാണ്‌ കളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home