print edition ഹൃദയപ്പന്ത്

അറ്റ്‌ലാന്റ
: ഇംഗ്ലണ്ട് ഒരു സ്വപ്‌നത്തിലായിരുന്നു. ആറ് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിക്കുകയാണെന്ന് അവർ കണക്കുകൂട്ടി. സമയസൂചികളിലേക്ക് ഇംഗ്ലീഷുകാർ കണ്ണയച്ചു. കളിസമയം 55 മിനിറ്റ് കഴിഞ്ഞിരിക്കുന്നു. സ്വപ്‌നത്തിനും യാഥാർഥ്യത്തിനുമിടയിൽ 45 മിനിറ്റ് കൂടി. ഒരു ഗോളിന്റെ ലീഡുണ്ട്. പന്ത് കൈവശമുണ്ട്. വേണമെങ്കിൽ ഒരു ഗോൾ കൂടി നേടി കഥ പൂർത്തിയാക്കാം. മറുവശത്ത്, അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി വലിഞ്ഞുമുറുകിയ മുഖത്തോടെ കളത്തിലേക്ക് നോക്കി. ലയണൽ മെസി ശാന്തനായി നിൽക്കുന്നു. ഇംഗ്ലണ്ട് സുരക്ഷിതമായ വേലിക്കെട്ടിനകത്തേക്ക് വലിഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ ആലയിലേക്ക് മാറ്റിവച്ചു.
അറ്റ്‌ലാന്റയിൽ കനത്ത ചൂടിന്റെ കാറ്റ് വീശി. കളത്തിലെ കണക്കുകൾ മാറിത്തുടങ്ങുകയായിരുന്നു. സ്‌കലോണി പകരക്കാരുടെ നിരയിലേക്ക് നോക്കി.
പ്രതിരോധകവാടം മറന്നു. ആക്രമണത്തിലേക്ക് പോരാളികളെ ഒഴുക്കി. മെസി വലതുവശം ചേർന്നു. അർജന്റീന കളത്തിലെ കണക്കുകൾ മായ്ച്ചു. കേളീശൈലി വിട്ടു. ഒറ്റലക്ഷ്യത്തിലേക്ക് അവർ നീങ്ങി. ഹൃദയം കൊണ്ട്‌പന്ത് തട്ടി. ഇംഗ്ലണ്ട് ചുരുങ്ങാൻ കഴിയുന്നത്രയും ചുരുങ്ങി. മെസിയുടെ ക്രോസുകൾ ഒന്നൊന്നായി ഇംഗ്ലീഷ് ഗോൾമുഖത്തേക്ക് പറന്നു. 85–ാം മിനിറ്റിൽ കെട്ടുപൊട്ടി. മെസി നൽകിയ പന്ത് ബോക്‌പുറത്തുവച്ച് എൺസോ ഫെർണാണ്ടസ് തൊടുത്തു. ഗോളി ജോർദാൻ പിക്‌ഫോർഡിന്റെ ചാട്ടത്തെ മറികടന്ന് ലോങ് റേഞ്ചർ വലയിൽ ആഞ്ഞുപതിക്കുന്പോൾ കളിസമയം തീരാൻ അഞ്ച് മിനിറ്റ് കൂടി.
പരിക്കുസമയം കടന്നു അറ്റ്‌ലാന്റ. മെസിയുടെ ക്രോസ് ഉതിർന്നു. ലൗതോരോ മാർട്ടിനെസ് തലവച്ചു. റഫറി വിസിലൂതി.
സ്‌കോർ 2–1. തുടർച്ചയായ രണ്ടാംതവണയും അർജന്റീന ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ.
റൗണ്ട് ഓഫ് 32ൽ കേപ് വെർദെയെയും പ്രീ ക്വാർട്ടറിൽ ഇൗജിപ്‌തിനെയും ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനെയും കടുത്ത പോരിൽ മറികടന്നുവന്ന അർജന്റീനയ്‌ക്ക് ലോകോത്തര താരങ്ങൾ ഉൾപ്പെട്ട ഇംഗ്ലണ്ട് വലിയ ഭീഷണി ഉയർത്തുമെന്നാണ് കരുതിയത്. പക്ഷേ, തുടക്കംമുതൽ അർജന്റീന തന്ത്രംമാറ്റി. കളിയുടെ ആദ്യനിമിഷം മുതൽ അവർ ഇംഗ്ലീഷുകാരെ ശാരീരികമായി നേരിടാൻ തുടങ്ങി. മുൻതാരം ദ്യേഗോ സിമിയോണിയുടെ മകൻ ജിയുലിയാനോ സിമിയോണിയായിരുന്നു സ്‌കലോണിയുടെ പ്രധാന ആയുധം. ജിയുലിയാനോ ഇംഗ്ലീഷ് കളിയുടെ ഒഴുക്ക് മുറിച്ചു. ആദ്യപകുതി അവസാനിക്കുന്പോൾ അർജന്റീന 13 -ഫൗളുകളായിരുന്നു വരുത്തിയത്. അതിൽ അഞ്ചെണ്ണം ജിയുലിയാനോയുടെ വകയായിരുന്നു. ഇംഗ്ലണ്ടിനെ പ്രകോപിപ്പിച്ച് കെണിയിൽപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
ഇംഗ്ലണ്ട് ആന്തണി ഗോഡന്റെയും മോർഗൻ റോജേഴ്‌സിന്റെയും മികവിൽ അർജന്റീനയുടെ ഫുൾബാക്കുകളെ പരീക്ഷിച്ചു.
ജൂഡ് ബെല്ലിങ്‌ഹാം പിൻവലിഞ്ഞു. എല്ലിയട്ട് ആൻഡേഴ്‌സൺ മെസിയുടെ ചലനങ്ങളെ നിരീക്ഷിച്ചു. 55–ാം മിനിറ്റിൽ ഹാരി കെയ്‌ൻ ഉയർത്തിവിട്ട പന്ത് നിക്കോളാസ് താഗ്ലിയാഫിക്കോ പിന്നോട്ടടിച്ചു. പന്ത് റോജേഴ്‌സിന്റെ കാലിൽ. വലതുവശത്ത്‌നിന്ന് ക്രോസ് നഹുവേൽ മൊളീനയുടെ പ്രതിരോധം മറികടന്ന് ഗോഡൻ കാൽവച്ചു. ഇംഗ്ലണ്ടിന് ലീഡ്.
തോമസ് ടുഷെൽ പിന്നാലെ ഗോഡനെ വലിച്ചു. ഡെക്ലൻ റൈസിനെ മാറ്റി. പ്രതിരോധത്തിൽ ആറ് പേരെ അണിനിരത്തി. സ്‌കലോണി റോഡ്രിഗോ ഡി പോളിനെയും ലൗതാരോയെയും നിക്കോ ഗൊൺസാലസിനെയും കളത്തിലിറക്കി. മെസി സർവ സ്വതന്ത്രനായി. ക്രോസുകളും പാസുകളും നിറഞ്ഞു. ഒടുവിൽ വലംകാലിൽനിന്നുള്ള ക്രോസ് ലൗതാരോയുടെ തലയ്‌ക്ക് പാകമായെത്തുന്പോൾ അർജന്റീന ആകാശംതൊട്ടിരുന്നു.










0 comments