ശ്രീരാമ വിലാസം തസ്കര സംഘം
print edition തീവെട്ടിക്കൊളളയുടെ കര്‍സേവ

പട്ടാഭിഷേകത്തിന് തൊട്ടുമുമ്പ് രാജ്യമുപേക്ഷിച്ച് കാട്ടിലേക്ക് പോകേണ്ടിവന്നു ശ്രീരാമന്. ‘ധർമാചരണത്തിന്റെ മൂർത്തീഭാവ’മായാണ് രാമായണത്തിലെ ശ്രീരാമൻ വിശ്വാസികളിൽ നിറഞ്ഞുനില്‍ക്കുന്നത്. ഇതേ രാമന്റെ പേരിൽ ഹിന്ദുത്വ തീവ്രവാദികൾ ‘അധര്‍മ’ വഴിയില്‍ അഴിഞ്ഞാടുകയാണ്. ഇന്ത്യയുടെ മതനിരപേക്ഷഗാത്രത്തെ കീറിമുറിച്ചുകൊണ്ട് ബാബ്‌റി മസ്ജിദ് തകർത്ത് ആനന്ദനൃത്തമാടിയ സംഘപരിവാർ നേതാക്കൾ, നിഗൂഢമായി നടപ്പാക്കിയ മറ്റൊരു ‘കര്‍സേവ’യുടെ വിവരങ്ങളാണ് ദിവസവും പുറത്തുവരുന്നത്.
അയോധ്യ രാമക്ഷേത്രത്തിലേക്ക് ഒഴുകുന്ന വിശ്വാസികളിൽ പാവപ്പെട്ടവരും ഇടത്തരക്കാരും സന്പന്നരുമുണ്ട്.
രാമപാദങ്ങളിൽ നേരിട്ടെത്തുമെന്ന സങ്കൽപ്പത്തിൽ അവർ സമർപ്പിച്ച കാണിക്കകളാണ് ക്ഷേത്രത്തിലെ ‘പ്രൊഫഷണൽ തസ്‌കരസംഘങ്ങൾ’ കവർന്നത്.
നല്ല വിളകിട്ടിയ കർഷകനും അൽപ്പലാഭം കിട്ടിയ കച്ചവടക്കാരനും വീട്ടുചെലവിൽനിന്ന് മിച്ചംപിടിച്ച വീട്ടമ്മയും രാംലല്ലയ്‌ക്ക് അർപ്പിച്ച കാണിക്ക ഇക്കൂട്ടര്‍ കൊള്ളയടിച്ചു. ആർഎസ്‌എസും വിഎച്ച്‌പിയും നിയന്ത്രിക്കുന്ന ട്രസ്റ്റ് തീവെട്ടിക്കൊള്ളയ്‌ക്ക് കൂട്ടുചേര്‍ന്നു.
മുതിർന്ന ആർഎസ്‌എസ് നേതാക്കളായ ചന്പത് റായിയും അനിൽ മിശ്രയും ഗോപാൽ റാവുവും കടുത്ത ആരോപണങ്ങളുടെ നിഴലിലാണ്. രാമക്ഷേത്ര നിർമാണത്തിൽ വലിയ അഴിമതിയും കമീഷനടിയും നടന്നിട്ടുണ്ടെന്നും അയോധ്യ കേന്ദ്രമാക്കി വലിയ ഭൂമികുംഭകോണങ്ങൾ നടക്കുന്നുവെന്നും വെളിപ്പെടുത്തലുണ്ടായി. മതവും വിശ്വാസവും ആയുധമാക്കി അധികാരത്തിലെത്തുകയും അധികാരം നിലനിർത്തുകയും ചെയ്യുന്ന ബിജെപിയുടെ ‘ഡബിൾ എൻജിൻ’ സർക്കാരിന് കീഴിലാണ് തീവെട്ടിക്കൊള്ള.
‘
രാമരാജ്യ’ത്തിന്റെ വക്താവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റകരമായ മൗനം പുലർത്തുന്നു. മതവും വിശ്വാസവും അധികാരത്തിലെത്താനുള്ള ഏണിപ്പടികൾ മാത്രമായി കണക്കാക്കുന്ന ബിജെപിയുടെയും ആർഎസ്‌എസിന്റെയും മുഖംകൂടിയാണ് വലിച്ചുകീറപ്പെടുന്നത്. കർക്കടക മാസാരംഭത്തിൽ കേരളത്തിലെ വലിയ വിഭാഗം വിശ്വാസികൾ ഭക്തിപുരസ്സരം രാമായണം വായിക്കുന്ന അവസരത്തിൽ രാമന്റെ പേരിൽ നടക്കുന്ന കൊള്ളകളുടെ ഉള്ളറകളിലേക്ക് കടക്കുന്ന പരമ്പര ആരംഭിക്കുന്നു.










0 comments