പ്രഥമ ഫിഫ അണ്ടർ-15 ലോകകപ്പ് ഫുട്ബോളും ഫെസ്റ്റിവലും; അറിയേണ്ടതെല്ലാം

ബാകു: ഫിഫയുടെ പ്രഥമ അണ്ടർ-15 ലോകകപ്പും ഫുട്ബോൾ ഫെസ്റ്റിവലും 2026 ഒക്ടോബർ 24 ന് അസർബൈജാന്റെ തലസ്ഥാനമായ ബാകുവിൽ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 3,000ത്തിലധികം കളിക്കാരും പരിശീലകരും ഒഫീഷ്യൽസും പങ്കെടുക്കുന്ന ടൂർണമെന്റ് ഒക്ടോബർ 30 ന് നടക്കുന്ന ഫൈനലോടെ സമാപിക്കും. 2026 ജൂണിലാണ് അസർബൈജാനെ ടൂർണമെന്റിന്റെ ആതിഥേയ രാജ്യമായി ഫിഫ തിരഞ്ഞെടുത്തത്.
ഫുട്ബോളിന്റെ ആഗോള വളർച്ച ലക്ഷ്യമിട്ട് ഫിഫ സംഘടിപ്പിക്കുന്ന ഈ പുതിയ ടൂർണമെന്റിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് പ്രായഭേദമന്യേ കൗമാര പ്രതിഭകളെ അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കുകയാണ്.
എന്താണ് ഫിഫ അണ്ടർ 15 ലോകകപ്പും ഫെസ്റ്റിവലും?
2025 ഡിസംബറിൽ ഫിഫ കൗൺസിലാണ് പുതിയ ടൂർണമെന്റിന് അംഗീകാരം നൽകിയത്. 2027 ൽ പെൺകുട്ടികൾക്കായും ടൂർണമെന്റ് സംഘടിപ്പിക്കും. 2028 മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുടർച്ചയായി മത്സരങ്ങൾ നടത്താനാണ് പദ്ധതി.
ഫിഫയിലെ 211 അംഗ അസോസിയേഷനുകൾക്കും പങ്കെടുക്കാൻ അവസരം നൽകുന്നതാണ് ടൂർണമെന്റിന്റെ പ്രധാന പ്രത്യേകത. ഈവർഷം 189 അംഗ അസോസിയേഷനുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. കുട്ടി താരങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ രീതിയിൽ ചെറിയ മൈതാനങ്ങളിലും കുറഞ്ഞ സമയദൈർഘ്യമുള്ള മത്സരങ്ങളിലുമാണ് കളി നടന്നുകൊണ്ടിരിക്കുന്നത്.
എവിടെ, എപ്പോൾ നടക്കും?
2026 ഒക്ടോബർ 24ന് ആരംഭിച്ച ടൂർണമെന്റ് 30 ന് സമാപിക്കും. അസർബൈജാന്റെ തലസ്ഥാനമായ ബാകുവിലെ ഹോവ്സാൻ കോംപറ്റീഷൻ കോംപ്ലക്സിലാണ് ഭൂരിഭാഗം മത്സരങ്ങളും നടന്നുകൊണ്ടിരിക്കുന്നത്. ഫൈനൽ മത്സരത്തിന് ബാകുവിലെ ക്രിസ്റ്റൽ ഹാൾ വേദിയാകും.
മത്സരരീതി എങ്ങനെ?
ടൂർണമെന്റിൽ എട്ട് പേർ വീതമുള്ള ടീമുകൾ തമ്മിലുള്ള മത്സരങ്ങളാണ് നടക്കുന്നത്. 20 മിനിറ്റ് വീതമുള്ള രണ്ട് പകുതികളായിരിക്കും ഓരോ മത്സരത്തിനും. ആകെ ഏകദേശം 1,000 മത്സരങ്ങൾ നടത്താനാണ് പദ്ധതി. ഒന്നിലധികം മൈതാനങ്ങളിലായി ഒരേസമയം 20 മത്സരങ്ങൾ വരെ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പ്രധാന വിവരങ്ങൾ
ഓരോ ടീമിലും 14 കളിക്കാരും പരമാവധി ആറ് ഒഫീഷ്യൽസും ഉൾപ്പെടും. 2011 ലോ 2012 ലോ ജനിച്ച താരങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളെയും മേഖലകളെയും പ്രതിനിധീകരിക്കുന്ന ടീമുകളെ ഗ്രൂപ്പുകളായി തിരിച്ചാണ് ആദ്യഘട്ട മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. റൗണ്ട് റോബിൻ രീതിയിലുള്ള യോഗ്യതാ ഘട്ടത്തിൽ ഓരോ ടീമിനും നാല് മുതൽ അഞ്ച് വരെ മത്സരങ്ങൾ ലഭിക്കും.
രണ്ടാം ഘട്ടം
ആദ്യഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ടീമിനും നാല് മുതൽ അഞ്ച് വരെ അധിക മത്സരങ്ങൾ. ആദ്യഘട്ടത്തിലെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ടീമുകളെ ആറ് വിഭാഗങ്ങളായി തിരിക്കും. എല്ലാ ടീമുകൾക്കും അവസാന ദിവസം വരെ മത്സരങ്ങൾ ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം.
ഓരോ വിഭാഗത്തിലെയും ജേതാക്കളെ പ്രഖ്യാപിക്കും. ടയർ എ വിഭാഗത്തിൽ ഒന്നാമതെത്തുന്ന ടീമിനായിരിക്കും ഫിഫ അണ്ടർ-15 ലോകകപ്പ് ആൻഡ് ഫെസ്റ്റിവൽ ചാമ്പ്യൻ പട്ടം.
ഗ്രൂപ്പുകൾ രൂപീകരിക്കുമ്പോൾ ടീമുകളുടെ മത്സരശേഷി സന്തുലിതമാക്കുന്നതിനായി സീനിയർ ദേശീയ ടീമുകളുടെ പ്രകടനവും സമീപകാല യൂത്ത് ടീമുകളുടെ പങ്കാളിത്തവും ഫലങ്ങളും പരിഗണിച്ചുള്ള റാങ്കിങ്ങും ഉപയോഗിച്ചിട്ടുണ്ട്.
എന്തിനാണ് ഈ ടൂർണമെന്റ് ആരംഭിച്ചത്?
അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾക്ക് യോഗ്യത നേടാൻ ബുദ്ധിമുട്ടുന്ന രാജ്യങ്ങളിലെ കുട്ടി താരങ്ങൾക്കും മികച്ച മത്സരപരിചയം നൽകുകയാണ് ഫിഫയുടെ പ്രധാന ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ടീമുകളുമായി ഏറ്റുമുട്ടാനും വ്യത്യസ്ത ഫുട്ബോൾ ശൈലികൾ മനസ്സിലാക്കാനും കളിക്കാർക്ക് ഇതിലൂടെ അവസരം ലഭിക്കും.
കുട്ടി താരങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ കഴിവ് തെളിയിക്കാനും വിവിധ രാജ്യങ്ങളിലെ ഫുട്ബോൾ ശൈലികളും സംസ്കാരങ്ങളും പരിചയപ്പെടാനും അവസരമൊരുക്കുകയാണ് ടൂർണമെന്റിന്റെ ലക്ഷ്യമെന്ന് ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് മേധാവി ആഴ്സൻ വെംഗർ വ്യക്തമാക്കി. ഇത്തരം മത്സരങ്ങൾ കുട്ടി കളിക്കാരുടെ വളർച്ചയ്ക്ക് ഏറെ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ പ്രതിഭകൾക്കും അവസരം നൽകുകയെന്ന ഫിഫയുടെ ലക്ഷ്യത്തിൽ ഈ ടൂർണമെന്റിന് നിർണായക സ്ഥാനമുണ്ടെന്ന് പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും നേരത്തെ വ്യക്തമാക്കിയിരുന്നു.
മത്സരങ്ങൾ എവിടെ കാണാം?
ഫിഫ അണ്ടർ-15 ലോകകപ്പിലെയും ഫെസ്റ്റിവലിലെയും മത്സരങ്ങൾ DAZN-ലെ FIFA+ പ്ലാറ്റ്ഫോമിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. മത്സരങ്ങളുടെ സമയക്രമവും സംപ്രേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
യുവതാരങ്ങൾക്ക് അന്താരാഷ്ട്ര മത്സരവേദി ഒരുക്കുന്നതിനൊപ്പം ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രതിഭകളെ കണ്ടെത്താനും വളർത്തിയെടുക്കാനും ലക്ഷ്യമിടുന്ന പുതിയ സംരംഭമായാണ് ഫിഫ ഈ ടൂർണമെന്റിനെ അവതരിപ്പിക്കുന്നത്.








0 comments