കേരളതീരത്ത് ചെറുമീൻ പിടിത്തം വ്യാപകം; മത്സ്യസമ്പത്തിന് ഭീഷണിയെന്ന് ശാസ്ത്രജ്ഞർ

കൊച്ചി : കേരളതീരത്ത് വളർച്ചയെത്താത്ത ചെറു മത്സ്യങ്ങളെ വ്യാപകമായി പിടിക്കുന്നതായി റിപ്പോർട്ട്. കടലിലെ മത്സ്യസമ്പത്തിനെ മാത്രമല്ല, മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും ഭീഷണിയാകുന്ന ചെറുമീൻ പിടിത്തം തടയാൻ കർശന നടപടിയും നിയമ സംവിധാനങ്ങളും വേണമെന്നാണ് ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നത്.
കേരളതീരത്ത് ഈ വർഷം മത്തിക്കുഞ്ഞുങ്ങളുടെ ലഭ്യത വർധിച്ചിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. എന്നാൽ പലരും വളർച്ചയെത്താത്ത മീനുകളെ വ്യാപകമായി പിടിക്കുന്നുണ്ട്. ഇത്തരം മീനുകളെ മത്സ്യത്തീറ്റ നിർമാണശാലകൾ വാങ്ങുന്നതായും റിപ്പോർട്ടുണ്ട്. ഏകദേശം കിലോയ്ക്ക് 18–20 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. നാലുമാസം കൂടി വളരാൻ അനുവദിച്ചാൽ മീനിന്റെ വില നാലിരട്ടിയോളം വർധിക്കും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമാണ് ഈ അനധികൃത മീൻപിടിത്തത്തിലൂടെ പ്രതിസന്ധിയിലാകുന്നത്. വളർച്ചയെത്താത്ത മീനുകളെ പിടിക്കുന്നത് കടലിലെ മത്സ്യസമ്പത്തിന്റെ സ്വാഭാവികതയേയും, പുനരുത്പാദന പ്രവർത്തനത്തെയും ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
2018ൽ 55 ഇനം മത്സ്യങ്ങളെ പിടിക്കാനുള്ള വലിപ്പം ഫിഷറീസ് വകുപ്പ് കുറഞ്ഞ നിയമാനുസൃതമായി നിശ്ചയിച്ചിരുന്നു. എന്നാൽ, ഈ നിയമം പാലിക്കപ്പെടുന്നില്ല. നിലവിൽ വലയിലാകുന്ന ചെറുമത്സ്യങ്ങളുടെ വലിപ്പം പുനഃപരിശോധിക്കണമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകളുടെ ആവശ്യം. ഇപ്പോൾ 10 സെന്റിമീറ്റർ നീളമുള്ള മത്തി പിടിക്കാനാണ് അനുവാദമുള്ളത്. എന്നാൽ മത്തി 18 സെന്റിമീറ്റർ വരെ വളരുന്ന സാഹചര്യത്തിൽ ഈ പരിധി 15 സെന്റിമീറ്ററായി ഉയർത്തണമെന്നാണ് മത്സ്യത്തൊഴിലാളികളും ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത്.
പ്രജനനത്തിന് ആവശ്യമായ സമയം ലഭിക്കുന്ന വിധത്തിൽ നിയമപരമായി അനുവദനീയമായ വലിപ്പത്തിലെത്തിയ ചെറുമീനുകളെ സംരക്ഷിക്കേണ്ടതുണ്ട്. സുസ്ഥിര മത്സ്യബന്ധനത്തിനും, മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും പ്രജനനശേഷിയുള്ള മത്സ്യങ്ങളുടെ മതിയായ ശേഖരം ഉറപ്പാക്കണം. അടിത്തട്ടിൽ വലവീശുന്ന ബോട്ടം ട്രോളിങ്ങും ജോടി ബോട്ടുകൾ ഉപയോഗിച്ചുള്ള പെയർ ട്രോളിങ്ങും കടലിലെ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുന്നതായി ശാസ്ത്രജ്ഞർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.








0 comments