വെല്ലിങ്ടണിൽ കാറ്റ് വില്ലനാകും; ഇന്ത്യൻ താരങ്ങൾക്ക് മോർക്കലിന്റെ മുന്നറിയിപ്പ്

വെല്ലിങ്ടൺ: ന്യൂസിലൻഡിലെ വെല്ലിങ്ടണിൽ വീശുന്ന ശക്തമായ കാറ്റിനെ നേരിടാൻ ഇന്ത്യൻ ടെസ്റ്റ് താരങ്ങൾ ശക്തിയേറിയ ഫാനിന് മുന്നിൽ പരിശീലിക്കണമെന്ന് ഇന്ത്യൻ ബൗളിങ് പരിശീലകൻ മോർണി മോർക്കൽ. ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച കാലത്ത് സമാന സാഹചര്യങ്ങൾ നേരിട്ട അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് മോർക്കലിന്റെ നിർദേശം.
ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിന് മുന്നോടിയായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വെല്ലിങ്ടണിലെ ബേസിൻ റിസർവിൽ കാറ്റിന്റെ ദിശ പെട്ടെന്ന് മാറുന്നത് ബാറ്റർമാർക്കും ബൗളർമാർക്കും വലിയ വെല്ലുവിളിയാണ്. തിങ്കളാഴ്ച നഗരത്തിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയതായും ഹോട്ടലിനുള്ളിൽപ്പോലും കാറ്റിന്റെ ശക്തി അനുഭവപ്പെട്ടതായും മോർക്കൽ പറഞ്ഞു.
രണ്ടോ മൂന്നോ നാലോ ദിവസത്തെ പരിശീലനംകൊണ്ട് വെല്ലിങ്ടണിലെ കാറ്റുമായി പൂർണമായി പൊരുത്തപ്പെടാനാകില്ലെന്ന് മോർക്കൽ ചൂണ്ടിക്കാട്ടി. പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിയായി സ്വീകരിച്ച് അതിനനുസരിച്ച് കളിക്കാൻ താരങ്ങൾ തയ്യാറാകണം. കാറ്റിനെതിരെ പന്തെറിയാൻ ബൗളർമാരിൽ ആരെങ്കിലും മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാറ്റിന്റെ സ്വഭാവം വ്യത്യസ്തമെന്ന് ബ്രേസ്വെൽ
വെല്ലിങ്ടണിലെ കാറ്റ് പലപ്പോഴും ദിശമാറി വീശുന്നതിനാൽ കളിക്കാർക്ക് തന്ത്രങ്ങളിൽ മാറ്റം വരുത്തേണ്ടിവരുമെന്ന് ന്യൂസിലൻഡ് ഓൾറൗണ്ടർ മൈക്കൽ ബ്രേസ്വെൽ പറഞ്ഞു. കാറ്റിന്റെ ശക്തി കാരണം ഒരു മത്സരത്തിനിടെ മൈതാനത്തിന്റെ ഒരറ്റത്തെ ക്യാമറകൾ ഓഫ് ചെയ്യേണ്ടിവന്ന അനുഭവവും അദ്ദേഹം പങ്കുവച്ചു.
കാറ്റിന്റെ ദിശയും ശക്തിയും വിലയിരുത്തി ബാറ്റർമാർ ആക്രമണാത്മകമായോ പ്രതിരോധാത്മകമായോ കളിക്കണമെന്നും ബൗളർമാർ സാഹചര്യത്തിനനുസരിച്ച് പന്തെറിയണമെന്നും ബ്രേസ്വെൽ വ്യക്തമാക്കി. വെല്ലിങ്ടണിലെ കാലാവസ്ഥ ഇന്ത്യൻ താരങ്ങളുടെ ടെസ്റ്റ് പരമ്പരാ തയ്യാറെടുപ്പിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.









0 comments