ഫിഫ അണ്ടർ-15 ലോകകപ്പ്: സെനഗലിനോട് 6–1ന് പരാജയപ്പെട്ട് ഇന്ത്യ; ടൂർണമെന്റ് സ്റ്റേജിൽ ടയർ ബി വിഭാഗത്തിൽ മത്സരിക്കും

ബാകു: ഫിഫ അണ്ടർ-15 ലോകകപ്പിൽ സെനഗലിനോട് 1–6ന് പരാജയപ്പെട്ട് ഇന്ത്യ. ഗ്രൂപ്പ് മത്സരത്തിൽ ആദ്യ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ ടൂർണമെന്റ് സ്റ്റേജിൽ ടയർ ബി വിഭാഗത്തിലേക്ക് യോഗ്യത നേടി .
ഗ്രൂപ്പ് കെ മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി 10 പോയിന്റ് നേടിയ ഇന്ത്യ, ലാവോസ്, കാമറൂൺ, ബഹ്‌റൈൻ ടീമുകളെ തോൽപ്പിച്ചപ്പോൾ ഗ്രനേഡയ്‌ക്കെതിരെ സമനില വഴങ്ങി. 12 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്തിയ സെനഗൽ ടയർ എ വിഭാഗത്തിൽ ഇടംപിടിച്ചു.
ആദ്യ പകുതിയിൽ നാല് ഗോളുകൾ
സെനഗലിനെതിരായ മത്സരത്തിൽ ഇന്ത്യൻ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത എതിരാളികൾ ആദ്യ പകുതിയിൽ നാല് ഗോളുകൾ നേടി. ഒൻപതാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ സെനഗൽ 11, 14, 18 മിനിറ്റുകളിലും വല കുലുക്കി. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ 0–4ന് പിന്നിലായി.
രണ്ടാം പകുതിയിൽ 25, 30 മിനിറ്റുകളിൽ കൂടി ഗോൾ നേടിയ സെനഗൽ ലീഡ് 6–0 ആക്കി. 33-ാം മിനിറ്റിൽ ഇന്ത്യ ആശ്വാസഗോൾ നേടിയെങ്കിലും തോൽവിയുടെ ഭാരം കുറയ്ക്കാനായില്ല.
ടൂർണമെന്റ് സ്റ്റേജിൽ ആറ് ടയറുകൾ
ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് ഒരു ടീമും പുറത്താകില്ലെന്നതാണ് ടൂർണമെന്റിന്റെ പ്രത്യേകത. ഓരോ ഗ്രൂപ്പിലെയും ടീമുകളുടെ പ്രകടനവും സ്ഥാനവും അടിസ്ഥാനമാക്കി ഒന്നുമുതൽ ആറുവരെ റാങ്കിലുള്ള ടീമുകളെ യഥാക്രമം ടയർ എ, ബി, സി, ഡി, ഇ, എഫ് വിഭാഗങ്ങളിലായി ടൂർണമെന്റ് സ്റ്റേജിൽ ഉൾപ്പെടുത്തും.
ഏറ്റവും ഉയർന്ന വിഭാഗമായ ടയർ എയിൽ ജേതാക്കളാകുന്ന ടീമിനാണ് ഫിഫ അണ്ടർ-15 ലോകകപ്പ് ആൻഡ് ഫെസ്റ്റിവൽ ചാമ്പ്യൻ പട്ടം ലഭിക്കുക. മറ്റ് ടയറുകളിലും പ്രത്യേകം ജേതാക്കളെ പ്രഖ്യാപിക്കും.
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ പ്രകടനം
ഒക്ടോബർ 24ന് നടന്ന ആദ്യ മത്സരത്തിൽ ലാവോസിനെ 4–2ന് തോൽപ്പിച്ച ഇന്ത്യ, അടുത്ത ദിവസം കാമറൂണിനെ 2–1ന് പരാജയപ്പെടുത്തി. തുടർന്ന് ഗ്രനേഡയ്‌ക്കെതിരായ മത്സരം 3–3ന് സമനിലയിൽ അവസാനിച്ചു.
ഒക്ടോബർ 26ന് ബഹ്‌റൈനെ 4–3ന് തോൽപ്പിച്ച് ഇന്ത്യ മൂന്നാം ജയം സ്വന്തമാക്കി. എന്നാൽ സെനഗലിനെതിരായ അവസാന മത്സരത്തിലെ കനത്ത തോൽവിയോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. മൂന്ന് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി 10 പോയിന്റ് നേടിയ ഇന്ത്യ ഇനി ടയർ ബി വിഭാഗത്തിലാകും കളത്തിലിറങ്ങുക.








0 comments