പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയം; കൊൽക്കത്തയില്‍ യുവാവിനെയും അച്ഛനെയും നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ യുവാവിനെയും അച്ഛനെയും നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു. കൊൽക്കത്തയിലെ ബഹാലയിലാണ് സംഭവം.
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവും മാതാവും അമ്മാവനും ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ കാണാനെത്തിയ യുവാവിനെ കണ്ട പെൺകുട്ടിയുടെ അമ്മാവന്റെ സുഹൃത്ത് വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവും അമ്മാവനും ചേർന്ന് യുവാവിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും തടഞ്ഞുവെച്ച് തങ്ങളുടെ വീട്ടിലെത്തിച്ച് ക്രൂരമായി മർദിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധം ഉയർന്നു. രോഷാകുലരായ നാട്ടുകാർ പെൺകുട്ടിയുടെ വീട് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ക്രൂരതയ്ക്ക് ഇരയായവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.







0 comments