ad
Deshabhimani

വിവാദം കനത്തതോടെ പിന്മാറ്റം; സ്വകാര്യ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച് ഫിഫ

giani infantino

ജിയാനി ഇൻഫന്റീനോ

വെബ് ഡെസ്ക്

Published on Aug 01, 2026, 07:49 PM | 2 min read

സൂറിച്ച്: ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ മത്സരങ്ങളുടെ വാണിജ്യ അവകാശങ്ങളിൽ സ്വകാര്യ നിക്ഷേപകർക്ക് ഓഹരി നൽകാനുള്ള വിവാദ പദ്ധതി ഉപേക്ഷിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ. ആഗോള തലത്തിൽ ഉയർന്ന ശക്തമായ എതിർപ്പിനെ തുടർന്നാണ് മറ്റ് വഴികളില്ലാതെ ഇൻഫന്റിനോ ഫിഫ ഫോർവേഡ് എന്റർപ്രൈസ് (എഫ്എഫ് ഇ) പദ്ധതി പിൻവലിച്ചത്.


പദ്ധതി ലോക ഫുട്ബോൾ രംഗത്ത് വലിയ ഭിന്നതകൾ സൃഷ്ടിച്ചതായി സമ്മതിച്ച ഇൻഫന്റീനോ, ഇത് ഫിഫയുടെ അടിസ്ഥാന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമാക്കി.


"എല്ലാ അഭിപ്രായങ്ങളും പരിഗണിച്ചപ്പോൾ, പദ്ധതിയുടെ പേരിൽ ഉണ്ടായ ഭിന്നതകൾ ഇനി മുന്നോട്ടുള്ള ലക്ഷ്യത്തിന് അനുയോജ്യമല്ലെന്ന് വ്യക്തമായി. അതിനാൽ ഈ നിർദേശം നടപ്പാക്കില്ല," ഇൻഫന്റീനോ പ്രസ്താവനയിൽ പറഞ്ഞു.


ലോകകപ്പ് വാണിജ്യ അവകാശങ്ങളുടെ ഭാഗം സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ യുവേഫ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. പദ്ധതി പിൻവലിച്ചില്ലെങ്കിൽ ഭാവിയിലെ ഫിഫ ടൂർണമെന്റുകൾ ബഹിഷ്കരിക്കുമെന്ന് പോലും യുവേഫ മുന്നറിയിപ്പ് നൽകിയിരുന്നു.


ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി ), കോൺകാകാഫ് എന്നിവ ഉൾപ്പെടെയുള്ള മറ്റ് കോൺഫെഡറേഷനുകളും പദ്ധതിയോട് എതിർപ്പ് പ്രകടിപ്പിച്ചു. ഫിഫയിലെ മുതിർന്ന ഉപദേശകനായ കാർലോസ് കോർഡെയ്‌റോ പദ്ധതിയിൽ പ്രതിഷേധിച്ച് രാജിവെക്കുകയും ചെയ്തു.


മതിയായ കൂടിയാലോചനകളില്ലാതെ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചതിനെ ഫിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കെവിൻ ലാമൂർ വിമർശിച്ചിരുന്നു. ഇതോടെ ഫിഫ നേതൃത്വത്തിനുള്ളിലെ ഭിന്നതകളും പുറത്തുവന്നു.


പുരുഷ, വനിതാ ലോകകപ്പ്, ക്ലബ് ലോകകപ്പ് എന്നിവയുടെ വാണിജ്യ അവകാശങ്ങളിൽ ഓഹരി വിറ്റ് നൂറുകണക്കിന് മില്യൺ ഡോളർ സമാഹരിക്കുകയായിരുന്നു എഫ്എഫ് ഇ പദ്ധതിയുടെ ലക്ഷ്യം. ഈ തുക ഫിഫയുടെ 211 അംഗ അസോസിയേഷനുകൾക്കിടയിൽ വിതരണം ചെയ്യാനായിരുന്നു പദ്ധതി.


പദ്ധതിയിൽ പങ്കെടുക്കുന്ന അംഗ അസോസിയേഷനുകൾക്ക് 2 കോടി ഡോളർ വരെ അധിക ധനസഹായം നൽകുമെന്നും ഫിഫ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനുകളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല.


ഇപ്പോൾ ഇൻഫന്റീനോയുടെ നേതൃത്വമാണ് ഫുട്ബോൾ ലോകത്ത് ചർച്ചയാകുന്നത്. പദ്ധതിയുടെ പരാജയം ഫിഫ പ്രസിഡന്റിന്റെ സ്ഥാനത്തിന് സമ്മർദ്ദം വർധിപ്പിച്ചിരിക്കുകയാണ്.


അതേസമയം, ഫിഫയുടെ കൈവശമുള്ള കോടിക്കണക്കിന് ഡോളർ കരുതൽ ധനം ഉപയോഗിച്ച്, അംഗ ഫെഡറേഷനുകൾക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home