അതിതീവ്ര മഴ; നാളെ 4 ജില്ലകളിൽ മതപഠന ക്ലാസുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Photo: മിഥുന്‍ അനില മിത്രന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ മതപഠന ക്ലാസുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഞായറാഴ്ച 02/08/2026) അവധി പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും റസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല.
കണ്ണൂർ കളക്ടറുടെ കുറിപ്പ്;
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (02/08/26), ഞായറാഴ്ച അവധി (സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിൽ).
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (02/08/26, ഞായറാഴ്ച) അവധി പ്രഖ്യാപിക്കുന്നു (സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിൽ).
ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
മലപ്പുറം കളക്ടറുടെ കുറിപ്പ്;
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഞായർ) അവധി
മലപ്പുറം ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും ജില്ലയിലെ മദ്രസ്സകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് രണ്ട്) അവധി ആയിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല
വയനാട് കളക്ടർ കുറിപ്പ്;
ശക്തമായ മഴ: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, ദുരന്തനിവാരണ നിയമം 2005 പ്രകാരം 2026 ഓഗസ്റ്റ് 2 (ഞായർ) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ , കോച്ചിംഗ് സെന്ററുകൾ, മത പഠന ക്ലാസുകൾ , സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
റസിഡൻഷ്യൽ സ്കൂളുകളിലെയും കോളേജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പുവരുത്തേണ്ടതും, സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാവുന്നതുമാണ്.
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും 02.08.2026-ന് ശേഷം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി തുടരുന്നതാണ്.
ശക്തമായ മഴയും മണ്ണിടിച്ചിൽ സാധ്യതയും നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അനാവശ്യ യാത്രകൾ ഒഴിവാക്കേണ്ടതുമാണ്.
കോഴിക്കോട് കളക്ടറുടെ കുറിപ്പ്:
മതബോധന ക്ലാസുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും വിലക്ക്
ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ (ഓഗസ്റ്റ് 2 ഞായര്‍) എല്ലാ മദ്രസകളും സണ്‍ഡേ സ്‌കൂളുകളും മറ്റു മതബോധന ക്ലാസുകളും ട്യൂഷന്‍ സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ചിടണം. കുട്ടികള്‍ക്കായി നടത്തുന്ന ഓഫ് ലൈൻ പഠന-പരിശീലന ക്ലാസുകളൊന്നും അനുവദിക്കില്ല. എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.
ജില്ലയില്‍ നിലവിലുള്ള ക്വാറികളുടെ പ്രവര്‍ത്തനത്തിനും വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്കുള്ള പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും പ്രവേശനത്തിനും വിലക്കുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിച്ച് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയോ മറ്റു ലംഘനങ്ങള്‍ നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005ലെ വകുപ്പുകള്‍ പ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും കര്‍ശന നിയമനടപടി സ്വീകരിക്കും.










0 comments