കനത്ത മഴ: എറണാകുളം ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; 78 പേരെ മാറ്റിപ്പാർപ്പിച്ചു

പ്രതീകാത്മക ചിത്രം
കൊച്ചി: കനത്ത മഴയെ തുടർന്ന് ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി പ്രവർത്തിക്കുന്ന ക്യാമ്പുകളിലേക്ക് 27 കുടുംബങ്ങളിൽ നിന്നായി 78 പേരെ മാറ്റിപ്പാർപ്പിച്ചു.
ഇന്നലെ രാത്രി മുതൽ തുടരുന്ന ശക്തമായ മഴയിൽ ജില്ലയിൽ ഒരു വീടിന് പൂർണമായും മൂന്ന് വീടുകൾക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി. ആലുവ താലൂക്കിൽ ഒരു കടമുറിക്കും ഭാഗിക നാശനഷ്ടം റിപ്പോർട്ട് ചെയ്തു.
മൂവാറ്റുപുഴ താലൂക്കിലെ വെള്ളൂർകുന്നം വില്ലേജിൽ മൂന്ന് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കടാതി സൺഡേ സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ എട്ട് കുടുംബങ്ങളിലായി 19 പേരും, ടൗൺ യുപി സ്കൂളിലെ ക്യാമ്പിൽ 10 കുടുംബങ്ങളിലായി 25 പേരും, വാഴപ്പിള്ളി ജെബിഎസിലെ ക്യാമ്പിൽ അഞ്ച് കുടുംബങ്ങളിലായി 22 പേരുമാണ് കഴിയുന്നത്.
മൂവാറ്റുപുഴ വില്ലേജ് എസ്എബിടിഎം സ്കൂളിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ നാല് പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കോതമംഗലം താലൂക്കിലെ നേര്യമംഗലം ഗവ ഹൈസ്കൂളിൽ രണ്ട് കുടുംബങ്ങളിലായി അഞ്ച് പേരാണ് നിലവിൽ ക്യാമ്പിൽ കഴിയുന്നത്.
നീണ്ടപ്പാറ ഗവ എൽപി സ്കൂളിലും കുട്ടമ്പുഴ ഗവ എൽപി സ്കൂളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ മഴക്കെടുതി സാഹചര്യം അധികൃതർ നിരീക്ഷിച്ചുവരികയാണ്. ആവശ്യമായ ഇടങ്ങളിൽ കൂടുതൽ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.










0 comments