'ടോക്‌സിക്' ട്രെയിലർ തീയതി പ്രഖ്യാപിച്ചു; യഷിന്റെ മാസ് പോസ്റ്ററും പുറത്ത്

ടോക്‌സിക് സിനിമയുടെ പോസ്റ്റർ |Photo:X
ബംഗളൂരു : റോക്കിങ് സ്റ്റാർ യഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' എന്ന സിനിമയുടെ ട്രെയിലർ ഓഗസ്റ്റ് 8ന് പ്രേക്ഷകരിലേക്ക് എത്തും. യഷിന്റെ തികച്ചും വ്യത്യസ്തമായ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് അണിയറപ്രവർത്തകർ ട്രെയിലർ റിലീസ് വിവരം പങ്കുവെച്ചത്.
വളരെ ആകാംക്ഷയുണർത്തുന്ന രീതിയിലാണ് പുതിയ പോസ്റ്റർ. ചിത്രത്തിൽ 'റായ' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കൈയിൽ ടോമി ഗണ്ണുമായി നിൽക്കുന്ന നായകന്റെ നിഴൽരൂപമാണ് പോസ്റ്ററിൽ പ്രമേയമാക്കിയിരിക്കുന്നത്. കഥയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്താതെ പ്രേക്ഷകരിൽ ദുരൂഹതയും ആകാംക്ഷയും നിറയ്ക്കാൻ പോസ്റ്ററിന് സാധിക്കുന്നുണ്ട്.
ബംഗളൂരുവിൽ സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരിക്കും ട്രെയിലർ ആദ്യമായി പുറത്തുവിടുക. കർണാടകയിൽ നിന്ന് തന്നെ പ്രമോഷൻ പരിപാടികൾക്ക് തുടക്കമിടാനാണ് യഷും നിർമാണ പങ്കാളികളായ കെവിഎൻ പ്രൊഡക്ഷൻസും തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചതിന്റെ രണ്ടാം വാർഷിക ദിനമെന്ന പ്രത്യേകതയും ഓഗസ്റ്റ് 8നുണ്ട്.
ഗീതു മോഹൻദാസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങി പ്രമുഖ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കന്നഡയ്ക്ക് പുറമെ ഇംഗ്ലീഷിലും ചിത്രീകരിച്ചിട്ടുള്ള സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റി ഓഗസ്റ്റ് 26ന് ആഗോളതലത്തിൽ തീയേറ്ററുകളിലെത്തിക്കും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.










0 comments