ad
Deshabhimani

print edition ഫിഫ തോറ്റു
പ്രതിഷേധം ജയിച്ചു; ഇൻഫാന്റിനോ പുറത്തേക്ക്‌

Gianni Infantino
വെബ് ഡെസ്ക്

Published on Aug 02, 2026, 01:11 AM | 1 min read

സൂറിച്ച്‌: കടുത്ത പ്രതിഷേധങ്ങൾക്ക്‌ വഴങ്ങി ഫിഫ പ്രസിഡന്റ്‌ ജിയാനി ഇൻഫാന്റിനോ. ലോകകപ്പ്‌ ഫുട്‌ബോൾ ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളുടെ നടത്തിപ്പ്‌ സ്വകാര്യ കമ്പനികൾക്ക്‌ നൽകാനുള്ള തീരുമാനം രാജ്യാന്തര ഫുട്‌ബോൾ ഭരണ സംഘടനയായ ഫിഫ പിൻവലിച്ചു. പദ്ധതിയുമായി ഇനി മുന്നോട്ട്‌ പോകില്ലെന്ന്‌ ഇൻഫാന്റിനോ പത്രകുറിപ്പിൽ അറിയിച്ചു. യൂറോപ്യൻ സമിതിയായ യുവേഫ, വടക്കൻ അമേരിക്കൻ സംഘടനയായ കോൺകാകാഫ്‌, ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ തുടങ്ങിയ വൻകരാ സമിതികൾ സ്വകാര്യവത്‌കരണത്തിനെതിരെ ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. യുവേഫ ലോകകപ്പ്‌ ബഹിഷ്‌കരിക്കുമെന്നും പ്രഖ്യാപിച്ചു. ഫിഫയ്‌ക്കകത്തും ഭിന്നസ്വരങ്ങൾ ഉയർന്നതോടെ മറ്റ്‌ വഴികളൊന്നുമില്ലാതെ ഇൻഫാന്റിനോ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.


‘ഫിഫ ഫോർവേഡ്‌ എന്റർപ്രൈസ്‌’ (എഎഫ്‌ഇ) എന്ന പേരിൽ പുതിയ ഉപകമ്പനി രുപീകരിച്ച്‌ 20 ശതമാനം ഓഹരി സ്വകാര്യ കമ്പനികൾക്ക്‌ കൈമാറി രണ്ട്‌ ലക്ഷം കോടി രൂപയോളം സമാഹരിക്കാനായിരുന്നു നീക്കം. വാണിജ്യ കാര്യങ്ങൾ സ്വകാര്യവത്‌കരിച്ചാൽ വലിയ ആപത്ത്‌ നേരിടേണ്ടി വരുമെന്നും ഇത്‌ ഫിഫയെ വിൽക്കുന്നതാണെന്നും യുവേഫ പ്രതികരിച്ചു. അടിയന്തിര യോഗം ചേർന്നശേഷം ലോകകപ്പിലോ ഫിഫയുടെ ഒരു പരിപാടിയിലോ ഭാഗമാകില്ലെന്നും പ്രഖ്യാപിച്ചു. കോൺകാകാഫും എഷ്യൻ കോൺഫെഡറേഷനും സമാന നിലപാടെടുത്തു. 211 രാജ്യങ്ങളാണ്‌ ഫിഫയിലുള്ളത്‌. ഇതിൽ 143 അസോസിയേഷനുകളും യുവേഫ/കോൺകാകാഫ്‌/ഏഷ്യൻ പ്രതിനിധികളാണ്‌.

എതിർപ്പുകളെ ആദ്യം വകവയ്‌ക്കാതിരുന്ന ഇൻഫാന്റിനോയ്‌ക്ക്‌ പാളയത്തിലെ പടയാണ്‌ ക്ഷീണമായത്‌. വിശ്വസ്‌തരിൽ ഒന്നാമനായ ഉപദേഷ്‌ടാവ്‌ കാർലോസ്‌ കൊർദെയ്‌റോ രാജിവച്ചു. ഫുട്‌ബോളിനെ കൊലയ്‌ക്ക്‌ കൊടുക്കുന്നത്‌ എന്നായിരുന്നു കാർലോസിന്റെ പ്രതികരണം. ഫിഫ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസർ കെവിൻ ലാമറും സ്വകാര്യവത്‌കരണത്തിനെതിരെ രംഗത്തുവന്നു. ഇതോടുകൂടി ഗത്യന്തരമില്ലാതെ ഫിഫ തലകുനിച്ചു.

ഇൻഫാന്റിനോ പുറത്തേക്ക്‌


തുടർച്ചയായ വിവാദങ്ങളോടെ ഫിഫ അധ്യക്ഷസ്ഥാനത്തുള്ള ജിയാനി ഇൻഫാന്റിനോയുടെ നിലനിൽപ്പ്‌ അപകടത്തിലാവുകയാണ്‌. യുവേഫയുടെ ജനറൽ സെക്രട്ടറിയായിരുന്ന അമ്പത്താറുകാരൻ 2016ലാണ്‌ രാജ്യാന്തര ഫുട്‌ബോൾ സമിതിയുടെ പ്രസിഡന്റായെത്തുന്നത്‌. അടുത്ത വർഷം മാർച്ച്‌ വരെയാണ്‌ കാലാവധി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home