വൈക്കിംഗ് കോട്ട പൊളിച്ച് സിംഹഗർജ്ജനം

Photo Credit:FIFA
നിധിൻ രാജു
Published on Jul 12, 2026, 08:22 AM | 3 min read
തോൽക്കാൻ മനസ്സില്ലാത്ത സിംഹവീര്യത്തോടെ നോർവീജിയൻ കോട്ട പൊളിച്ച് ‘ത്രീ ലയൺസ്’ സെമിയിലേക്ക്. പതറാത്ത നെഞ്ചുറപ്പാണ് ഇംഗ്ലീഷ് ഫുട്ബോളിന്റെ ആത്മാവ്. ദൂരം എത്ര കഠിനമാണെങ്കിലും, വീണുപോയേക്കാവുന്ന നിമിഷങ്ങളിൽനിന്നും അവർ ഉയർത്തെണീക്കും. എന്നാൽ അതികായന്മാരെപ്പോലും പോരാട്ടവീര്യം കൊണ്ട് നിഷ്‌പ്രഭമാക്കിയ നോർവെ ഇംഗ്ലണ്ടിനൊരു ഇൗസി വാക്കോവർ ഒരിക്കലും ഓഫർചെയ്‌തിരുന്നില്ല.
കളിയാരംഭിച്ച മാത്രയിൽ ആസൂത്രിതമായ ഗെയിം പ്ലാൻ ആദ്യം തുറക്കുന്നത് ഇംഗ്ലണ്ടാണ്. മധ്യമേഖലയിലേക്ക് വിന്യസിച്ചുകൊണ്ട് അവർ നാനാഭാഗത്തേയ്ക്കും പന്തൊഴുക്കി. എന്നാൽ നോർവീജിയൻ കോട്ട ഭദ്രമായിരുന്നു. 4–-5–-1 ഫോർമേഷനിൽ നിരന്നുകൊണ്ടാണ് അവർ പ്രതിരോധക്കോട്ട തീർത്തത്. രണ്ടു ലെയറുകളായി പിരിഞ്ഞ, ഒമ്പതുപേരടങ്ങുന്ന മതിൽ ഇംഗ്ലണ്ടുകാർക്ക് ബോക്‌സിനപ്പുറമുള്ള ഏരിയ നിരുപാധികം നിഷേധിച്ചു. ആദ്യഘട്ടത്തിൽ ഉള്ളിലേക്ക് കയറാൻ പഴുതില്ലാതെ ഇംഗ്ലണ്ട് ബോക്‌സിനുപുറത്ത് വെറുതേ പന്തുതട്ടി നടന്നു. ഇടയ്ക്കിടെ ഉയർന്നിറങ്ങിയ ക്രോസുകൾ പക്ഷെ, നോർവീജിയൻ പ്രതിരോധത്തെ ഒട്ടും അലോസരപ്പെടുത്തിയില്ല. 22–ാം മിനിറ്റിൽ ഒരു ലോ ക്രോസ് അപകടമേഖല കടന്ന് അകന്നുപോയി. ആദ്യ 25 മിനിറ്റിൽ ഒരു ഷോട്ട് ഓൺ ടാർഗറ്റ് പോലും പിറക്കാത്ത ഇൗ ലോകകപ്പിലെ ആദ്യ മത്സരമാണിത്.
ആദ്യ അരമണിക്കൂർ ഇംഗ്ലണ്ട് കീപ്പർ പിക്ക്‌ഫോർഡിന് ഒരു വിശ്രമദിനം പോലെ സുന്ദരമായിരുന്നു. അയാളെ ഫ്രെയിമിലേക്ക് കൊണ്ടുവരുന്ന യാതൊന്നും ഗ്രൗണ്ടിൽ സംഭവിക്കുന്നില്ല. എന്നാൽ 32–ാം മിനിറ്റിൽ അതുവരെയുള്ള കളിക്ക് വിപരീതമായി, ബോക്‌സിനുള്ളിൽ നോർവേക്ക് ഒരവസരം വീണുകിട്ടുന്നുണ്ട്. അത് മുതലാക്കാൻ കഴിഞ്ഞില്ലെങ്കിലും ആ ഇവന്റിന് ശേഷമാണ് നോർവേയുടെ ഒഫെൻസിവ് ലൈനിന് ഊർജം ലഭിക്കുന്നത്. പിന്നീട് തുടർച്ചയായ അവസരങ്ങൾ അവർ സൃഷ്ടിച്ചെടുക്കുന്നുണ്ട്. അതിന്റെ ബാക്കിപത്രമെന്നവണ്ണമാണ് 36–ാം മിനിറ്റിൽ മത്സരത്തിലെ ആദ്യഗോൾ പിറക്കുന്നത്. ഇടത് പാർശ്വത്തിലൂടെ ബോക്‌സിനുള്ളിൽ പ്രവേശിക്കുന്ന ഷെൽഡറപ്പിന്റെ ബൂട്ടിൽനിന്ന് പന്തകലുമ്പോൾ കീപ്പറുൾപ്പെടെ സകലരും പ്രതീക്ഷിക്കുന്നത് ഗോൾ ഏരിയയിലേക്ക് വളഞ്ഞിറങ്ങുന്ന ഒരു ക്രോസായിരുന്നു. എന്നാൽ അവിശ്വസനീയമാം വണ്ണം പന്ത് നേരെ സെക്കൻഡ് പോസ്റ്റിലേക്കാണ് പോകുന്നത്. വലത് പോസ്റ്റിലിടിച്ച് അത് വലയ്ക്കുള്ളിലേക്കൂർന്നിറങ്ങി. നോർവേ മുന്നിൽ, 1-–0!
തുടർന്ന് അർദ്ധാവസരങ്ങളിൽപോലും അസാധാരണമായ ആങ്കിളുകളിൽനിന്ന് ഗോളിലേക്ക് തൊടുക്കാൻ നോർവീജിയൻ നിര യാതൊരു സന്ദേഹവും കാണിക്കുന്നില്ല.
ഒട്ടും താമസിക്കാതെ ഇംഗ്ലണ്ട് ആക്രമണങ്ങളുടെ കെട്ടഴിക്കുന്നുണ്ട്. എന്നാൽ പന്ത് പിടിച്ചെടുക്കുമ്പോളൊക്കെയും നോർവേയുടെ ഭാഗത്തുനിന്ന് വേഗമുള്ള കൗണ്ടറുകളാണ് വരുന്നത്. ആദ്യപകുതിക്ക് പിരിയും മുമ്പ്, ഇംഗ്ലണ്ട് താരങ്ങളെ ഉള്ളിൽ പ്രവേശിപ്പിക്കാതെ കെട്ടിയടച്ച നോർവീജിയൻ കോട്ടപൊളിച്ച് ബെല്ലിങ്ഹാം വെടിപൊട്ടിച്ചു! ഇടതുവിങ്ങിലൂടെ മുന്നേറിയ ഗോർഡൻ, പെനാൽറ്റി ബോക്സിന്റെ അതിരിലേക്ക് പന്ത് നീട്ടിനൽകി. പന്ത് പിടിച്ചെടുക്കുന്ന ബെല്ലിങ്ഹാം മുന്നോട്ട്. ഇടതുകാലുകൊണ്ട് കൃത്യമായി പ്ലേസ് ചെയ്യുന്ന പന്ത് പോസ്റ്റിന്റെ ഫാർ എൻഡിലേക്കാണ്. ഒരു പ്യുവർ സ്ട്രൈക്കറുടെ ക്വാളിറ്റിയാണ് മുന്നേറ്റക്കാരൻ പ്രദർശിപ്പിക്കുന്നത്.
ആദ്യപകുതിക്ക് പിരിയുമ്പോൾ സ്‌കോർ: 1–1.
ആവേശഭരിതമായ രണ്ടാം പകുതി പിന്നാലെയുണ്ട്. 56–ാം മിനിറ്റിൽ കോർണർ കിക്കിൽനിന്നും ലഭിച്ച അവസരത്തിൽനിന്നും ഹെഗ്ഗം ഇംഗ്ലീഷ് വല ചലിപ്പിക്കുന്നുണ്ട്. എന്നാൽ കിക്കിന് തൊട്ടുമുമ്പ് ഹാളണ്ട് കമ്മിറ്റ് ചെയ്യുന്ന ഫൗൾ മൂലം വാർ ഇടപെടലിൽ ഗോൾ നിഷേധിക്കപ്പെട്ടു. സാകയുടെ വരവോടെയാണ് ഇംഗ്ലണ്ട് ഗെയിമിലേക്ക് യഥാർഥത്തിൽ ഇൻ ആവുന്നത്. വലതുവിങ്ങിലൂടെ സാക നടത്തിയ കൊള്ളിയാൻ ചലനങ്ങൾ നോർവീജിയൻ പ്രതിരോധത്തെ ആകെ ഉലച്ചു. ബോക്സിനുള്ളിലെ പഴുതുകളിലേക്ക് നിരന്തരം പന്തൊഴുകി. എന്നാൽ മുതലാക്കാൻ ഇംഗ്ലണ്ടിനായില്ല.
രണ്ടാം പകുതിയുടെ ഹൈഡ്രേഷൻ ബ്രേക്കിന് പിന്നാലെ നോർവേയുടെ പന്തുകൾ ഇംഗ്ലണ്ട് ബോക്സിലേക്ക് നിരന്തരമെത്തുന്നുണ്ട്. ഇതോടെ പിക്ഫോർഡിന് പിടിപ്പത് പണിയായി. ഇംഗ്ലണ്ട് സ്വാഭാവികമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. 75–ാം മിനിറ്റ് കോർണറിൽ നിന്ന് ലഭിക്കുന്ന അവസരം നിർഭാഗ്യത്തിന്റെ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. ഇംഗ്ലണ്ട് പലപ്പോഴും പ്രതിരോധം തുറന്നിട്ടിരുന്നു. എന്നാൽ ഹാളണ്ട് തന്റെ മികച്ച ദിവസത്തിലൂടെയായിരുന്നില്ല കടന്നുപൊയ്ക്കൊണ്ടിരുന്നത്. അർദ്ധാവസരങ്ങൾ പോലും കൺവെർട്ട് ചെയ്യുന്നതിൽ പേരുകേട്ട മുന്നേറ്റക്കാരന് നിർണായക മത്സരത്തിൽ തന്റെ ടീമിനെ തോളിൽവഹിക്കാനായില്ല.
ഒടുവിൽ നിശ്ചിതസമയവും കടന്ന് കളി അധികസമയത്തേക്ക്.
അധികസമയം ‘അധികസമയം’ കടക്കുന്നതിനുമുമ്പ് ബ്രിട്ടന്റെ പീരങ്കി മറ്റൊരു വെടി പൊട്ടിക്കുന്നു. റോജേഴ്സ് ബോക്സിന് പുറത്തുനിന്ന് തൊടുക്കുന്ന ഒരു ലോങ് റേഞ്ചർ കീപ്പർക്ക് ബുദ്ധിമുട്ടേറിയ ഹൈറ്റിലേക്കാണ് വരുന്നത്. ആയാസപ്പെട്ട് നൈലൻഡ് കുത്തിയകറ്റിയപ്പോഴേക്കും ബെല്ലിങ്ഹാം ഊഴം കാത്തുനിൽക്കുന്നുണ്ടായിരുന്നു. കീപ്പറിന് തിരികെ പൊസിഷനിലെത്താനുള്ള സമയം ലഭിക്കുന്നില്ല. പോസ്റ്റ് ഓപ്പണാണ്. പന്ത് കൃത്യമായി വലയിലേക്കെന്നതിന് സംശയമേതുമില്ലല്ലോ.
വൈക്കിംഗുകളുടെ അചഞ്ചലമായ പ്രതിരോധ വീര്യത്തെ തകർത്ത്, ഒടുക്കം ഇംഗ്ലണ്ടിന്റെ സിംഹഗർജ്ജനം. തന്ത്രങ്ങളുടെയും പോരാട്ടവീര്യത്തിന്റെയും വിരുന്നിനൊടുവിൽ ഇംഗ്ലണ്ട് വിജയതീരത്തേക്ക്.










0 comments