ആൽവാരസും മാർട്ടീനെസും കളം മാറ്റി; സ്വിസ് പടയെ എക്സ്ട്രാ ടൈമിൽ വീഴ്ത്തി അർജന്റീന സെമി ഫൈനലിൽ

Photo Credit:FIFA
കൻസാസ് സിറ്റി: എക്സ്ട്രാ ടൈം പോരാട്ടത്തിനൊടുവിൽ സ്വിറ്റ്‌സർലൻഡിനെ തകർത്ത് അർജന്റീന ലോകകപ്പ് സെമി ഫൈനലിൽ. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. ഒടുവിൽ എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളിൽ ജൂലിയൻ ആൽവാരസും ലൗട്ടാരോ മാർട്ടീനെസും നേടിയ ഗോളുകളിലാണ് അർജന്റീന 3-1 ന്റെ ആവേശ വിജയം സ്വന്തമാക്കിയത്.
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുമെന്ന് കരുതിയിരിക്കെയായിരുന്നു കൻസാസ് സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ആൽവാരസിന്റെ മാന്ത്രിക ഗോൾ പിറന്നത്. 114-ാം മിനിറ്റിൽ സ്വിസ് ബോക്സിന് ഏകദേശം 25 വാര അകലെ വെച്ച് പന്ത് സ്വീകരിച്ച താരം പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി വലംകാലുകൊണ്ട് തൊടുത്ത പന്ത് പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് തുളച്ചുകയറുകയായിരുന്നു.
സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബൽ പൂർണ്ണമായി ഡൈവ് ചെയ്തെങ്കിലും പന്തിനരികിൽ പോലും എത്താനായില്ല. ഗോൾ പിറന്നതോടെ അർജന്റീനിയൻ പകരക്കാരായ കളിക്കാരടക്കം മൈതാനത്തേക്ക് ഓടിയെത്തി ആഹ്ലാദം പങ്കുവെച്ചു.
തൊട്ടുപിന്നാലെ സമനിലയ്ക്കായി സ്വിസ് പട കിണഞ്ഞു ശ്രമിച്ചെങ്കിലും എമിലിയാനോ മാർട്ടിനെസിന്റെ നേതൃത്വത്തിലുള്ള അർജന്റീനിയൻ പ്രതിരോധം കോട്ട കാത്തു.
ബോക്സിലേക്ക് ഉയർന്നുവന്ന അപകടകരമായ ക്രോസ് മാർട്ടിനെസ് കൃത്യമായി കൈപ്പിടിയിലൊതുക്കി. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇഞ്ചുറി ടൈമിൽ (120+1 മിനിറ്റ്) ലൗട്ടാരോ മാർട്ടീനെസ് അർജന്റീനയുടെ മൂന്നാം ഗോളും വലയിലാക്കി സ്വിസ് പടയുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു.
നേരത്തെ എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന നിരന്തര ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. നിശ്ചിത 90 മിനിറ്റിൽ ഉതിർത്തതിനേക്കാൾ കൂടുതൽ ഷോട്ടുകളാണ് അർജന്റീന എക്സ്ട്രാ ടൈമിൽ അടിച്ചുക്കൂട്ടിയത്.
സ്വിസ് പ്രതിരോധം വെട്ടിച്ച് മെസ്സി തൊടുത്ത ഒരു ഷൂട്ട്, കീപ്പർ കോബൽ ആയാസപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. കൗണ്ടർ അറ്റാക്കിലൂടെ മുന്നേറിയ മെസ്സിയുടെ മറ്റൊരു ഷോട്ട് സ്വിസ് നായകൻ ഗ്രാനിറ്റ് ഷാക്ക ബ്ലോക്ക് ചെയ്യുകയും ചെയ്തു.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഒരു കളിക്കാരൻ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതിനാൽ പത്തുപേരുമായാണ് സ്വിറ്റ്‌സർലൻഡ് കളിച്ചത്. ഇതിനിടെ ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് കളിക്കാർ പരസ്പരം കൊമ്പുകോർത്തത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
തർക്കത്തിൽ ഏർപ്പെട്ടതിന് അർജന്റീനയുടെ ജോസെ മാനുവൽ ലോപ്പസിന് റഫറി മഞ്ഞക്കാർഡ് നൽകി. കളിയിലുടനീളം സ്റ്റേഡിയത്തിൽ 'മെസ്സി, മെസ്സി' വിളികളോടെ അർജന്റീനിയൻ ആരാധകർ ആവേശം വാനോളമുയർത്തിയിരുന്നു.










0 comments