പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യും; ആഹ്വാനവുമായി ഇറാൻ പരമാധികാര നേതാവ് മൊജ്തബ ഖമ്നേയി

തെഹ്റാൻ : യുഎസ് - ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമ്നേയിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ആയത്തുള്ള മൊജ്തബ ഖമ്നേയി. ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് മൊജ്തബ ഖമ്നേയി പ്രതികാര പ്രഖ്യാപനം നടത്തിയത്. ഈ പ്രതികാരം ഇറാന്റെ മാത്രം ചുമതലയല്ലെന്നും മറിച്ച് ലോകമെമ്പാടുമുള്ള സ്വതന്ത്രരായ ജനങ്ങളുടെ ആഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിതാവിന്റെ വിയോഗത്തെത്തുടർന്ന് ആരംഭിച്ച ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ഇതാദ്യമായാണ് പുതിയ പരമാധികാര നേതാവിന്റെ സന്ദേശം പുറത്തുവരുന്നത്. പ്രതികാരം എന്നത് രാജ്യത്തിന്റെ ഒന്നാകെയുള്ള ആവശ്യമാണെന്നും അത് തീർച്ചയായും നടപ്പാക്കുമെന്നും ഔദ്യോഗിക ടെലിവിഷൻ വഴി പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 28നുണ്ടായ യുഎസ് - ഇസ്രയേൽ വ്യോമാക്രമണത്തിലാണ് ആയത്തുള്ള അലി ഖമ്നേയി കൊല്ലപ്പെട്ടത്.
"രക്തസാക്ഷിത്വം വരിച്ച ഞങ്ങളുടെ നേതാവിന്റെയും ഈ യുദ്ധങ്ങളിൽ ജീവൻ വെടിഞ്ഞ മറ്റ് രക്തസാക്ഷികളുടെയും ചോരയ്ക്ക് ഞങ്ങൾ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ലോകമെമ്പാടുമുള്ള ഓരോ സ്വതന്ത്ര വ്യക്തിയും ഈ ദൗത്യത്തിന്റെ ഭാഗം ഉടൻ തന്നെ പൂർത്തിയാക്കും"- പ്രസ്താവനയിൽ പറയുന്നു.
മാർച്ച് 8ന് പുതിയ പരമാധികാര നേതാവായി ചുമതലയേറ്റ ശേഷം മൊജ്തബ ഖമ്നേയി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആക്രമണത്തിന് ശേഷം മൊജ്തബ ഖമ്നേയിയുടെ ചിത്രങ്ങളോ വീഡിയോകളോ ശബ്ദരേഖയോ ഒന്നും തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ആഴ്ചയിൽ യുഎസ് - ഇറാൻ സൈന്യങ്ങൾ തമ്മിലുണ്ടായ ആക്രമണങ്ങളെ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ താൽക്കാലിക സമാധാന കരാർ പ്രതിസന്ധിയിലാണ്. നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് വെടിനിർത്തൽ കരാർ അവസാനിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇരുരാജ്യങ്ങളും ചർച്ചകളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.










0 comments