ആര് വാഴും ആര് വീഴും; ലോകകപ്പിൽ ഇനി മരണപ്പോരാട്ടം

2026 ഫിഫ ലോകകപ്പിൽ ഇനി മരണപ്പോരാട്ടം. ജൂൺ 12ന് 48 രാജ്യങ്ങളുമായി ആരംഭിച്ച പോരാട്ടത്തിൽ ഇനി കളത്തിലുള്ളത് നാല് ടീമുകൾ. ലോക റാങ്കിങ്ങിൽ ആദ്യ നാല് സ്ഥാനങ്ങളിലുള്ള കരുത്തൻ ടീമുകളാണ് ഇത്തവണ സെമിയിൽ മാറ്റുരയ്ക്കുന്നത്. ആദ്യ സെമിയിൽ യൂറോപ്യൻ ശക്തികളായ ഫ്രാൻസും സ്പെയ്നും ഏറ്റുമുട്ടും. ജൂലൈ 15ന് 12.30നാണ് മത്സരം. ലോകകപ്പിൽ ഇക്കുറി കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ട ടീമുകളാണ്. അതിശക്ത നിരയാണ് ഫ്രാൻസിന്. യൂറോ ചാമ്പ്യൻമാരായ സ്‌പെയ്‌ൻ അപരാജിതരായാണ് മുന്നേറുന്നത്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയും സ്‌പാനിഷ് കൗമാര വിസ്‌മയം ലമീൻ യമാലും മുഖാമുഖമെത്തുന്നു.
ലോകകപ്പിൽ ഇതിന്‌മുമ്പ് ഒരു തവണ മാത്രമാണ് ഇരു ടീമുകളും പോരടിച്ചത്. 2006ലെ പ്രീ ക്വാർട്ടറിൽ. ഫ്രാൻസ് 3–1ന് ജയിച്ചു. ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ വർഷം നേഷൻസ് ലീഗ് സെമിയിൽ. ഗോൾമേളം കണ്ട കളിയിൽ 5–4ന് സ്‌പെയ്‌ൻ ജയിച്ചു. 2024ലെ യൂറോയിൽ 2–1 ജയം. 2021 നേഷൻസ് ലീഗ് ഫൈനലിൽ ഫ്രാൻസ് 2–1 ജയത്തോടെ ജേതാക്കളായി.
ഇക്കുറി ഫ്രാൻസ് എല്ലാ കളിയും ജയിച്ചു. ആറ് കളിയിൽ 16 ഗോളടിച്ചു. വഴങ്ങിയത് ഒരെണ്ണം മാത്രം. സ്‌പെയ്‌ൻ ആദ്യ കളിയിൽ കേപ് വെർദെയോട് ഗോളടിക്കാതെ പിരിഞ്ഞു. ആറ് കളിയിൽ ആകെ 11 ഗോൾ. ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. എംബാപ്പെ, മിക്കേൽ ഒലീസെ, ഉസ്‌മാൻ ഡെംബെലെ, ദിസിരെ ദുവെ എന്നിവരുൾപ്പെട്ട മുന്നേറ്റമാണ് ഫ്രാൻസിന്റെ ശക്തി. റോഡ്രിയും പെഡ്രിയും നയിക്കുന്ന മധ്യനിരയും പ്രതിരോധവുമാണ് സ്‌പെയ്‌നിന്റെ സ്ഥിരതയ്‌ക്ക് കാരണം.
രണ്ടാം സെമിയിൽ നിലനിലെ ചാമ്പ്യൻമാരായ അർജന്റീന യൂറോപ്യൻ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. 16ന് പുലർച്ച 12.30നാണ് മത്സരം. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന സെമിയിലെത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ ജൂലിയൻ ആൽവാരസും ലൗട്ടാരോ മാർട്ടീനെസും നേടിയ ഗോളുകളിലാണ് അർജന്റീന വിജയം സ്വന്തമാക്കിയത്
ലോകകപ്പിൽ വിസ്മയ പ്രകടനം കാഴ്ചവച്ച ഹാളണ്ടിന്റെ നോർവെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്. ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന് നാടകീയ വിജയം സമ്മാനിച്ചത്.
ഇതുവരെ 14 തവണയാണ് അർജന്റീനയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയത്. ആറ് തവണയും ജയം ഇംഗ്ലീഷ് പടയ്ക്കായിരുന്നു. അഞ്ച് മത്സരങ്ങൾ സമനിലയായപ്പോൾ മൂന്നെണ്ണം അർജന്റീന ജയിച്ചു. 1986ൽ ഇംഗ്ലണ്ടും അർജന്റീനയും ഏറ്റുമുട്ടിയ ക്വാർട്ടർ ഫൈനലിലാണ് ചരിത്രപ്രസിദ്ധമായ ദൈവത്തിന്റെ കൈ പിറന്നത്. 2002ലെ ലോകകപ്പിലാണ് അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്ന് സൂപ്പർ താരം ഡേവിഡ് ബെക്കാം നേടിയ പെനാൽറ്റി ഗോളിൽ ഇംഗ്ലണ്ട് വിജയിച്ചു.
ഇംഗ്ലണ്ട് ഇതുവരെ നാല് തവണ സെമി കണ്ടു. 1966ലാണ് ആദ്യമായി സെമിയിലെത്തുന്നത്. അന്ന് വെസ്റ്റ് ജർമനിയെ പരാജയപ്പെടുത്തി തങ്ങളുടെ ഏക ലോകകപ്പ് കിരീടം നേടി. ഏഴാം തവണയാണ് അർജന്റീന ലോകകപ്പ് സെമിയിലെത്തുന്നത്. 1930ൽ ആദ്യ സെമി. അന്ന് രണ്ടാം സ്ഥാനക്കാരായി. 1978, 1986, 2022 വർഷങ്ങളിൽ ചാമ്പ്യൻമാരായി. ഇതാദ്യമായാണ് ഇരുടീമുകളും സെമിയിൽ പരസ്പരം ഏറ്റുമുട്ടുന്നത്.










0 comments