സ്വർണപ്പണയ തട്ടിപ്പ്; യുവതികളുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും

അഞ്ജു, ഐശ്വര്യ
കോവളം : സ്വർണപ്പണയ തട്ടിപ്പിനെ തുടർന്ന് യുവതികൾ ആത്മഹത്യചെയ്ത സംഭവത്തിൽ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കബളിപ്പിക്കലിന്റെ ഇരകളായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികൾ വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ അഞ്ജു (28), വെങ്ങാനൂർ ചാവടിനട രാജ രാജീവ് സദനത്തിൽ ഐശ്വര്യ (32) എന്നിവരാണ് വിഷം കഴിച്ച് ആത്മഹത്യചെയ്തത്. സംഭവത്തിൽ അറസ്റ്റിലായ വെങ്ങാനൂർ പനങ്ങോട് ശ്യാമളാലയത്തിൽ സിന്ധുകുമാരിക്ക് (53) എതിരെ വിവിധ സ്റ്റേഷനുകളിലായി 19 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 11.260 ഗ്രാം സ്വർണം തട്ടിയെന്ന ഊരൂട്ടമ്പലം സ്വദേശി ശ്യാംകുമാറിന്റെ പരാതിയിൽ മലയിൻകീഴ് പൊലീസ് കേസെടുത്തു.
സിന്ധുകുമാരിയുടെ വീട്ടിൽനിന്ന് ചില ഫിനാൻസിന്റെ രസീതുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഒന്നരക്കോടി രൂപയുടെ ഇടപാട് നടന്നതായി പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കോടികളുടെ തട്ടിപ്പിനായി പുറമേനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് ബാങ്കുകളിലെ ആറ് അക്കൗണ്ടുകളിലായുള്ള ഇടപാടുകളുടെ രേഖകൾ വിശദമായി പരിശോധിക്കും. സിന്ധുകുമാരിയോട് അടുപ്പമുള്ള കോ–ഓപ്പറേറ്റീവ് സൊസൈറ്റികളുൾപ്പെടെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കും.
സ്ഥാപനത്തിലെ തിരിമറിയെത്തുടർന്നാണ് ഐശ്വര്യയും അഞ്ജുവും വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുവരിൽനിന്ന് സുഹൃത്തായ സിന്ധുകുമാരി 70 പവൻ സ്വർണം തട്ടിയെടുത്തിരുന്നു. ഇതിന്റെ മനോവിഷമത്തിൽ ഇരുവരും ഒന്നിച്ചാണ് ശീതള പാനീയത്തിൽ വിഷം കലർത്തിക്കഴിച്ചത്.
ഐശ്വര്യ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ അമരവിള ബ്രാഞ്ചിലെയും അഞ്ജു വിഴിഞ്ഞം ബ്രാഞ്ചിലെയും ജീവനക്കാരികളായിരുന്നു. കഴിഞ്ഞ 30ന് ഇരുവരും തിയറ്റർ ജങ്‌ഷനിലെ കടയിൽനിന്ന് ശീതളപാനീയം വാങ്ങി കോവളം ആവാടുതുറ ബീച്ചിലെത്തിയാണ് വിഷം കലർത്തിക്കഴിച്ചത്. മുമ്പ് സ്വർണ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന പ്രതി, യുവതികളുടെ വിശ്വാസ്യത നേടി. തുടർന്ന് യുവതികൾ ജോലി ചെയ്യുന്ന ധനകാര്യ സ്ഥാപനത്തിൽ ഇടപാടുകാർ പണയംവയ്ക്കുന്ന സ്വർണം കുറഞ്ഞ പലിശയ്ക്ക് വയ്ക്കാമെന്ന് പറഞ്ഞ് വാങ്ങിയിരുന്നു. ഇതിന്റെ കമീഷൻ യുവതികൾക്ക് നൽകിയിരുന്നു. എന്നാൽ പിന്നീട് സ്വർണം തിരികെയെടുക്കാൻ ഇടപാടുകാർ എത്തിയപ്പോൾ പ്രതി നൽകിയില്ല. ഇതോടെ യുവതികൾ കടം വാങ്ങി ഇടപാടുകാർക്ക് സ്വർണം വാങ്ങി നൽകേണ്ടിവന്നു. കടബാധ്യത കൂടിയതോടെ യുവതികൾ പ്രതിസന്ധിയിലായി.
ആത്മഹത്യചെയ്യുന്നതിന് ഒരാഴ്ച മുമ്പ് യുവതികൾ പ്രതിയെ കണ്ട് സ്വർണം തിരികെ ആവശ്യപ്പെട്ടിരുന്നു. മരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലെന്ന് പറഞ്ഞപ്പോൾ ‘നീ പോയി ചാകെടി’ എന്ന് പ്രതി പറഞ്ഞതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.
പ്രതിക്കെതിരെ കൂടുതൽ കേസുകൾ
അഞ്ജു 20 പവനും ഐശ്വര്യ 50 പവനുമാണ് പ്രതിക്ക് കൈമാറിയത്. കൈക്കലാക്കിയ സ്വർണം പ്രതി കോവളത്തെ മറ്റൊരു പണമിടപാട് സ്ഥാപനത്തിൽ വിറ്റു. വിൽക്കാനാണ് ഏൽപ്പിച്ചതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇവർക്കെതിരെ പന്ത്രണ്ടോളം പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സിന്ധുകുമാരിയുടെ വീട് റെയ്ഡ് ചെയ്‌തപ്പോൾ വ്യാജ വിസിറ്റിങ് കാർഡുകളും വ്യാജ ബിൽ ബുക്കും കണ്ടെടുത്തു. പ്രതിക്കെതിരെ കോവളം സ്റ്റേഷനിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയതിന് രണ്ടുകേസും മലയിൽകീഴ് സ്റ്റേഷനിൽ വഞ്ചനാക്കുറ്റത്തിന് കേസുമുണ്ടെന്ന് പൊലീസ് പറഞ്ഞു.
തട്ടിച്ചെടുത്ത പണംകൊണ്ട് സിന്ധു ആഡംബര ജീവിതം നയിക്കുകയായിരുന്നു. വീടിന് സമീപം മറ്റൊരു വീടിന്റെ നിർമാണം നടന്നിരുന്നു. ഇവരുടെ മകൾ യുകെയിലും മകൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥനുമാണ്. പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ, ബാങ്ക് വിവരങ്ങൾ, ഫോൺ വിവരങ്ങൾ എന്നിവ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.











0 comments