എംബോളോയുടെ റെഡ് കാർഡിന് കാരണം 'മിസ്റ്റേക്കൻ ഐഡന്റിറ്റി' നിയമം; ഫിഫയുടെ പുതിയ നിയമക്കുരുക്കിൽ വീണ് സ്വിറ്റ്സർലൻഡ്

Photo Credit:FIFA
കാൻസാസ് സിറ്റി: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്ക്കെതിരായ മത്സരത്തിൽ സ്വിസ് താരം ബ്രീൽ എംബോളോ പുറത്തായതിന് പിന്നിൽ ലോകകപ്പിന് തൊട്ടുമുമ്പ് ഫിഫ പരിഷ്കരിച്ച ‘മിസ്റ്റേക്കൻ ഐഡന്റിറ്റി’ നിയമമെന്ന് റിപ്പോർട്ട്.
ഈ നിയമം കാരണം റഫറിക്ക് എംബോളോയ്ക്ക് മഞ്ഞക്കാർഡ് നൽകുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. 1-3 ന് സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ച് അർജന്റീന സെമിഫൈനലിൽ കടന്നെങ്കിലും ഈ റെഡ് കാർഡ് വലിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.
മത്സരത്തിനിടെ എംബോളോയുടെ ഡൈവിങ്ങിന് അർജന്റീന താരം ലിയാൻഡ്രോ പരേഡെസിനാണ് റഫറി ആദ്യം മഞ്ഞക്കാർഡ് നൽകിയത്. ഫൗൾ നടന്നു എന്ന് തെറ്റായി വിലയിരുത്തിയാണ് റഫറി പരേഡെസിന് കാർഡ് കാണിച്ചത്.
എന്നാൽ തൊട്ടുപിന്നാലെ വീഡിയോ അസിസ്റ്റന്റ് റഫറി ഇടപെടുകയും റഫറിയോട് ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എംബോളോ ഫൗൾ ചെയ്യപ്പെട്ടതായി അഭിനയിക്കുകയായിരുന്നു എന്ന് ബോധ്യപ്പെട്ടതോടെ റഫറി പരേഡെസിന്റെ മഞ്ഞക്കാർഡ് പിൻവലിച്ചു.
എന്നാൽ, ടൂർണമെന്റിന് തൊട്ടുമുമ്പ് പരിഷ്കരിച്ച ഐഎഫ്എബി നിയമപ്രകാരം ഇത്തരം സന്ദർഭങ്ങളിൽ ഒരിക്കൽ പുറത്തെടുത്ത മഞ്ഞക്കാർഡ് റദ്ദാക്കാൻ റഫറിക്ക് അനുവാദമില്ല. പകരം, അത് 'മിസ്റ്റേക്കൻ ഐഡന്റിറ്റി' ആയി കണക്കാക്കി യഥാർത്ഥ തെറ്റ് ചെയ്ത കളിക്കാരന്റെ പേരിലേക്ക് മാറ്റുക മാത്രമേ ചെയ്യാൻ സാധിക്കൂ.
നിയമത്തിലെ ഈ കുരുക്കാണ് എംബോളോയ്ക്ക് വിനയായത്. ഡൈവിങ്ങിന് മാത്രമായി സാധാരണ റഫറിമാർ രണ്ടാമത് മഞ്ഞക്കാർഡ് നൽകാറില്ലെങ്കിലും, നിയമം കർശനമായി പാലിക്കേണ്ടി വന്നതിനാൽ റഫറിക്ക് എംബോളോയ്ക്ക് കാർഡ് നൽകേണ്ടി വന്നു. ഇത് താരത്തിന്റെ രണ്ടാമത്തെ മഞ്ഞക്കാർഡ് ആയിരുന്നതിനാൽ അത് ചുവപ്പ് കാർഡായി മാറുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ യുഎസ്എ-പരാഗ്വേ മത്സരത്തിലും സമാനമായ രീതിയിൽ യുഎസ് താരം ടിം റീമിന്റെ മഞ്ഞക്കാർഡ് ഡൈവ് ചെയ്ത പരാഗ്വേ താരം മിഗേൽ അൽമിറോണിന്റെ പേരിലേക്ക് വി എ ആർ റിവ്യൂവിലൂടെ മാറ്റിയിരുന്നു.
നിയമത്തിനെതിരെ സ്വിസ് കോച്ച്
മത്സരത്തിൽ 67-ാം മിനിറ്റിൽ ഡാൻ എൻഡോയെയുടെ ഗോളിലൂടെ 1-1 ന് സമനില പിടിച്ച് സ്വിറ്റ്സർലൻഡ് ശക്തമായി തിരിച്ചുവരുന്നതിനിടെയാണ് 72-ാം മിനിറ്റിൽ ഈ തിരിച്ചടിയുണ്ടായത്. ഈ വിചിത്ര നിയമം തങ്ങളുടെ വിജയസാധ്യതകളെ തകർത്തുവെന്ന് സ്വിസ് കോച്ച് മുരദ് യാക്കിൻ മത്സരശേഷം ആഞ്ഞടിച്ചു.
"ആർക്കും അംഗീകരിക്കാൻ കഴിയാത്ത ഒരു നിയമത്തിന്റെ പേരിലാണ് ഞങ്ങൾ ശിക്ഷിക്കപ്പെട്ടത്. ഈ രീതിയിൽ പുറത്തുപോകേണ്ടി വന്നത് അങ്ങേയറ്റം വേദനാജനകമാണ്. എന്റെ കളിക്കാരാണ് യഥാർത്ഥ ഹീറോകൾ. റഫറിയുടേത് തെറ്റായ തീരുമാനമായിരുന്നു. ഈ നിയമം ഞങ്ങളുടെ കളി നശിപ്പിച്ചു." സ്വിറ്റ്സർലൻഡ് കോച്ച് മുരദ് യാക്കിൻ പറഞ്ഞു.
'വ്യക്തവും പ്രകടവുമായ പിഴവുകൾ' തിരുത്താൻ കൊണ്ടുവന്ന വി എ ആർ സംവിധാനത്തെ, സാധാരണ മഞ്ഞക്കാർഡുകൾ വരെ റിവ്യൂ ചെയ്യാനായി ഈ നിയമത്തിലൂടെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ വിമർശനം.










0 comments