ad
Deshabhimani

സുഹൃത്തുക്കൾക്കൊപ്പം ദ്വീപിലേക്ക് പോയ പതിനെട്ടുകാരൻ മരിച്ച നിലയിൽ; ഫോണിലെ സന്ദേശങ്ങൾ കാണാനില്ലെന്ന് കുടുംബം

nolan xavier
വെബ് ഡെസ്ക്

Published on Jul 12, 2026, 01:30 PM | 2 min read

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിൽ പതിനെട്ടുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ജൂലൈ നാലിന് സുഹൃത്തുക്കൾക്കൊപ്പം ഹോൺ ദ്വീപിലേക്കു പോയ നോളൻ സേവ്യർ വെൽസിന്റെ മൃതദേഹം രണ്ടുദിവസത്തിന് ശേഷം ദ്വീപിന്റെ തീരത്തുനിന്നാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്ന് കുടുംബം ആരോപിച്ചു.


സുഹൃത്തുക്കൾ ദ്വീപിൽനിന്ന് മടങ്ങിയപ്പോൾ നോളൻ ഒപ്പമുണ്ടായിരുന്നില്ല. എന്നാൽ നോളന്റെ മൊബൈൽ ഫോണും വാഹനത്തിന്റെ താക്കോലും അവരുടെ കൈവശമായിരുന്നു. ഫോണിലെ ചില സന്ദേശങ്ങൾ കാണാതായതായും സംഭവത്തെക്കുറിച്ചുള്ള മൊഴികളിൽ ഗുരുതരമായ പൊരുത്തക്കേടുകളുണ്ടെന്നും കുടുംബം ആരോപിച്ചു.


ജൂലൈ നാലിലെ ആഘോഷങ്ങളുടെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം ബോട്ടിൽ ദ്വീപിലെത്തിയ നോളൻ അന്നു രാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയില്ല. സാധാരണയായി ജനവാസമില്ലാത്ത ദ്വീപിൽ അന്ന് ഇരുന്നൂറോളം പേർ ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ അഭിഭാഷകർ പറയുന്നത്. അവിടെയുണ്ടായിരുന്ന ഏക കറുത്തവർഗക്കാരൻ നോളനായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.


നോളൻ സ്വന്തം ഇഷ്ടപ്രകാരം ദ്വീപിൽ തുടരുകയായിരുന്നുവെന്നും പിന്നീട് മുങ്ങിമരിച്ചതാകാമെന്നുമുള്ള വിശദീകരണം കുടുംബം തള്ളി. മികച്ച നീന്തൽക്കാരനും കായികതാരവുമായിരുന്ന മകൻ എങ്ങനെ മരിച്ചുവെന്നതിന് വ്യക്തമായ ഉത്തരം വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. സമഗ്രവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ട് കറുത്തവർഗ സമൂഹവും പൗരാവകാശ പ്രവർത്തകരും രംഗത്തെത്തിയതോടെ സംഭവം രാജ്യവ്യാപക ശ്രദ്ധ നേടിയിരിക്കുകയാണ്.


നോളന്റെ മൊബൈൽ ഫോണും വാഹനത്തിന്റെ താക്കോലും സുഹൃത്തുക്കളുടെ കൈവശമായിരുന്നതും സംശയം വർധിപ്പിച്ചു. ദ്വീപിൽ തുടരാൻ തീരുമാനിച്ച ഒരു യുവാവ് ഫോൺ കൈവശംവെക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ ബെൻ ക്രംപ് ചോദിച്ചു. ഫോൺ തിരികെ ലഭിക്കുന്നതിനായി നോളൻ ഒരാളുമായി തർക്കിക്കുന്ന ദൃശ്യങ്ങൾ മറ്റൊരാൾ പകർത്തിയിട്ടുണ്ടെന്നും അഭിഭാഷകൻ അവകാശപ്പെട്ടു.


ജൂലൈ നാലിന് രാത്രി പതിനൊന്നിനുശേഷമാണ് നോളനെ കാണാനില്ലെന്ന് സുഹൃത്തുക്കളിൽ ഒരാൾ മാതാവിനെ അറിയിച്ചത്. ഇതിന് മുമ്പ് തീരസംരക്ഷണ സേനയ്ക്കും വിവരം നൽകിയിരുന്നു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. അടുത്ത ദിവസം പിതാവ് ബോട്ടിൽ ദ്വീപിന് സമീപം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.


തിങ്കളാഴ്ചയാണ് മിസിസിപ്പി തീരത്തുനിന്ന് ഏകദേശം പതിനൊന്ന് കിലോമീറ്റർ അകലെയുള്ള ഹോൺ ദ്വീപിന്റെ തീരത്ത് നോളന്റെ മൃതദേഹം കണ്ടെത്തിയത്. കടലിൽ മുങ്ങിയിരുന്നെങ്കിൽ സമീപത്തുണ്ടായിരുന്ന ആരും കണ്ടില്ലേ, രക്ഷിക്കാൻ ശ്രമിച്ചില്ലേ എന്നീ ചോദ്യങ്ങളാണ് കുടുംബം ഉയർത്തുന്നത്.


നോളന്റെ ഫോണിലെ ചില സന്ദേശങ്ങൾ കാണാതായതായും മാതാവ് ക്രിസ്റ്റീൻ വോൺസ്ലി ആരോപിച്ചു. ചിത്രങ്ങൾ പകർത്തുന്നതിൽ താൽപ്പര്യമുണ്ടായിരുന്ന നോളന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലും ചിത്രങ്ങളോ സന്ദേശങ്ങളോ ഉണ്ടായിരുന്നില്ല. ഇല്ലാതാക്കിയ വിവരങ്ങൾ വീണ്ടെടുക്കാൻ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.


നോളന്റെ സുഹൃത്തുക്കൾ അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ജാക്സൺ കൗണ്ടി ഷെരീഫ് ജോൺ ലെഡ്ബെറ്റർ പറഞ്ഞു. ഔദ്യോഗിക മൃതദേഹപരിശോധനാ റിപ്പോർട്ട് ലഭിക്കാൻ ആഴ്ചകൾ വേണ്ടിവന്നേക്കും.


അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം വ്യക്തമാക്കിയതിനെ തുടർന്ന് സ്വതന്ത്ര മൃതദേഹപരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വാഷിങ്ടണിൽ നിന്നുള്ള സ്വതന്ത്ര ശരീരശാസ്ത്ര വിദഗ്ധനാണ് പരിശോധന നടത്തുക. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ മുന്നോട്ടുവരണമെന്നും കുടുംബവും അന്വേഷണ ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു.


നടനും നിർമാതാവുമായ ടൈലർ പെറി സംസ്കാരച്ചെലവുകൾ ഏറ്റെടുക്കുമെന്നും മുൻ കായികതാരം കോളിൻ കാപർനിക് സ്വതന്ത്ര മൃതദേഹപരിശോധനയ്ക്കുള്ള ചെലവ് വഹിക്കുമെന്നും കുടുംബം അറിയിച്ചു. ചലച്ചിത്രകാരൻ സ്പൈക്ക് ലീയും കുടുംബത്തിന് പിന്തുണയുമായി വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home