വിംബിൾഡണിനോട് പ്രണയം തീർന്നിട്ടില്ല; കിരീടത്തിനായി തിരിച്ചെത്തുമെന്ന് ജോകോവിച്ച്

നൊവാക് ജോകോവിച്ച് | Photo Credit - Facebook / Novak Djokovic
ലണ്ടൻ : വിംബിൾഡണോടുള്ള തന്റെ പ്രണയം അവസാനിച്ചിട്ടില്ലെന്നും 40ാം വയസിൽ പുരുഷ സിംഗിൾസ് കിരീടത്തിനായി ഒരു തവണ കൂടി ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലേക്ക് മടങ്ങിയെത്തുമെന്നും ടെന്നീസ് ഇതിഹാസം നൊവാക് ജോകോവിച്ച്. റെക്കോർഡിനൊപ്പമെത്തുന്ന എട്ടാം വിംബിൾഡൺ കിരീടമെന്ന ജോകോവിച്ചിന്റെ സ്വപ്നമാണ് ലോക ഒന്നാം നമ്പർ താരം യാനിക് സിന്നറിനു മുന്നിൽ തകർന്നത്.
സെമിഫൈനലിൽ 6-4, 6-4, 6-4 എന്ന സ്കോറിനാണ് ഇറ്റാലിയൻ താരം സിന്നർ വിജയം പിടിച്ചെടുത്തത്. ടൂർണമെന്റിന്റെ സെമിയിൽ സിന്നറോട് ജോകോവിച്ച് തുടർച്ചയായി തോൽക്കുന്നത് ഇത് രണ്ടാം തവണയാണ്. എങ്കിലും സെന്റർ കോർട്ടിലെ തന്റെ അവസാന മത്സരമായിരിക്കാം ഇതെന്ന സൂചനകളെ ജോകോ പൂർണമായും തള്ളിപ്പറഞ്ഞു.
"ഒരു തവണ കൂടി തിരിച്ചുവരാൻ ഞാൻ ആഗ്രഹിക്കുന്നു" 2027ലെ വിംബിൾഡൺ കോർട്ടിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ജോകോ പ്രതികരിച്ചു. ഫെലിക്സ് ഓഷെ അലിയാസിമെക്കെതിരെ അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന വിംബിൾഡൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടിയാണ് ജോകോവിച്ച് സെമിയിലെത്തിയത്. എന്നാൽ ആ പ്രകടനം സെമിയിൽ ആവർത്തിക്കാൻ സിന്നർ അനുവദിച്ചില്ല. മത്സരത്തിന് ശേഷം 24 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ ജോകോവിച്ച് ഈ കളിയെ "തകർപ്പൻ പോരാട്ടം"എന്നാണ് വിശേഷിപ്പിച്ചത്.
മുൻപ് ആധിപത്യം പുലർത്തിയിരുന്ന വിംബിൾഡണിൽ നിന്ന് നേരിട്ടുള്ള സെറ്റുകൾക്ക് പുറത്താകേണ്ടി വന്നെങ്കിലും 12 മാസം മുൻപുള്ളതിനേക്കാൾ മികച്ച ശാരീരികക്ഷമത തനിക്കിപ്പോഴുണ്ടെന്നും നല്ല ഓർമകളുമായാണ് മടങ്ങുന്നതെന്നും ജോകോ പറഞ്ഞു. 2023ലെ യുഎസ് ഓപ്പണിലാണ് ജോകോവിച്ച് അവസാനമായി ഗ്രാൻഡ് സ്ലാം കിരീടം നേടിയത്. ഫെബ്രുവരിയിൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ റണ്ണറപ്പായ ശേഷമാണ് വിംബിൾഡണിന്റെ സെമിയിലേക്ക് എത്തിയത്.










0 comments