ad
Deshabhimani

ചികിത്സാ പിഴവ്; ആലുവ ജില്ലാ ആശുപത്രിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ് നൽകി

aluva dist hosp
വെബ് ഡെസ്ക്

Published on Jul 12, 2026, 01:09 PM | 1 min read

ആലുവ: പ്രതിരോധ കുത്തിവെപ്പിന് പിന്നാലെ ആറ് മാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ് നൽകിയതായി പരാതി. സംഭവത്തിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. മരുന്ന് ഓവർഡോസ് നൽകിയതിനെ തുടർന്ന് കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി കുടുംബം പരാതിയിൽ പറഞ്ഞു.


ഒരാഴ്ച മുൻപാണ് കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പ് (ഇമ്മ്യൂണൈസേഷൻ വാക്സിൻ) എടുക്കുന്നതിനായി മാതാപിതാക്കൾ ആലുവ ജനറൽ ആശുപത്രിയിൽ എത്തിയത്. കുത്തിവെപ്പിന് ശേഷം നൽകിയ പാരസെറ്റാമോൾ മരുന്നിന്റെ അളവ് കൂടിയതാണ് കുഞ്ഞിന് പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായതെന്ന് കുടുംബം പറയുന്നു.


കുഞ്ഞിന്റെ സ്ഥിതി ഗുരുതരമാവുകയും തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ അടിയന്തരമായി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ കുഞ്ഞിന്റെ ചികിത്സയ്ക്കായി ഇതിനകം ഒരു ലക്ഷത്തോളം രൂപ ചെലവഴിക്കേണ്ടി വന്നതായും മാതാപിതാക്കൾ വ്യക്തമാക്കി.


കുഞ്ഞ് അപകടാവസ്ഥ തരണം ചെയ്തതിന് ശേഷമാണ് മാതാപിതാക്കൾ ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. മരുന്ന് ഓവർഡോസ് നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.


ഡോക്ടറുടെ ഭാ​ഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെ പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആലുവ പോലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home