കല്യാണത്തിൽ പങ്കെടുക്കാനെത്തി; അപകടത്തിൽ ജീവൻ പൊലിഞ്ഞത് ഉറ്റസുഹൃത്തുക്കളായ അഞ്ചുപേർക്ക്

കാറിൽ വരുമ്പോൾ നാട്ടിലെ സുഹൃത്തിന് ഷാൻ അയച്ച സെൽഫി. മുന്നിൽ ഇടത്ത് ഷാൻ സിറാജ്, വലത്ത് പരം ഛേത്രി, പിറകിൽ വലത് ഹർഷ് ഷാദുരി, നടുവിൽ മുഹമ്മദ് റിസ്വാൻ. ഇടത് ആദിത്യ കൃഷ്ണദീപ്.
കണ്ണൂർ : ബംഗളൂരുവിൽനിന്ന് വിവാഹത്തിനായി കണ്ണൂർ അഴീക്കോടേക്കുവന്നവർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന അഞ്ചാമത്തെയാളും മരിച്ചു. ഗുരുതര നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന തൃശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്ലാറ്റിൽ താമസിക്കുന്ന ആദിത്യ കൃഷ്‌ണദീപ് (21) ശനിയാഴ്‌ച രാത്രി പത്തോടെയാണ് മരിച്ചത്. കണ്ണൂർ അഴീക്കോട് ചക്കരപ്പാറ മന്നത്ത് ഹൗസിൽ ഷാൻ സിറാജ് (22), നീലേശ്വരം മടിക്കൈ കണ്ടംകുട്ടിച്ചാലിലെ മുഹമ്മദ് റിസ്വാൻ (22), യുപി നോയ്‌ഡ സ്വദേശി പരം ഛേത്രി ബഹാദൂർ (22), ഹൈദരാബാദ് സ്വദേശി ഹർഷ് ഷാദുരി (22) എന്നിവർ അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. മട്ടന്നൂർ– കണ്ണൂർ വിമാനത്താവള റോഡിലെ കൂടാളി കുംഭം കുന്നുമ്മൽ മടപ്പുരക്ക് സമീപം വെള്ളി രാത്രി 11.30ഓടെയാണ് അപകടം.
ഷാനിന്റെ ഉപ്പയുടെ സഹോദരന്റെ മകളുടെ കല്യാണത്തിനാണ് സുഹൃത്തുക്കൾ ബംഗളൂരുവിൽനിന്ന് വെള്ളി ഉച്ചക്ക് കാറിൽ വന്നത്. നിയന്ത്രണം തെറ്റി മരത്തിലിടിച്ച് പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാരും ഫയർഫോഴ്‌സും മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ കാർ കത്തിയത് നാട്ടുകാർ ഉടൻ അണച്ചു. യുപി രജിസ്‌ട്രേഷനിലുള്ള കാർ ഷാനാണ് ഓടിച്ചത്. ഞായറാഴ്‌ചയാണ് കല്യാണം. ബംഗളൂരുവിൽ ബിഎംഎസ് എൻജിനിയറിങ് കോളേജ് അവസാന വർഷ വിദ്യാർഥികളായിരുന്ന ഇവർ ഒന്നിച്ചാണ് താമസം. ഷാൻ ക്യാമ്പസ് റിക്രൂട്ട്‌മെന്റിൽ ബംഗളൂരുവിൽ തന്നെ ജോലിക്ക് കയറിയിട്ട് രണ്ടുമാസമായതേയുള്ളൂ.

ഷാനിന്റെയും റിസ്വാന്റെയും മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അഴീക്കോട് ചക്കരപ്പാറ മന്നത്ത് ഹൗസിൽ സിറാജിന്റെയും ഷംനയുടെയും മകനാണ് ഷാൻ. സമീൻ സഹോദരി. മടിക്കൈ കണ്ടംകുട്ടിച്ചാൽ സ്വദേശി ബഷീറിന്റെയും റീനത്തിന്റെയും മകനാണ് മുഹമ്മദ് റിസ്വാൻ. സഹോദരങ്ങൾ: ഷെബിൻ ഫയാസ് (നഴ്സിങ് വിദ്യാർഥി), ഹിന ഫാത്തിമ. നാവികസേന ഉദ്യോഗസ്ഥൻ എ പി പ്രദീപിന്റെയും ഹണിയുടെയും മകനാണ് ആദിത്യ കൃഷ്‌ണദീപ്. സഹോദരൻ: ആർണവ് കൃഷ്ണദീപ്.










0 comments