ad
Deshabhimani

ആന്ധ്രയിൽ വീണ്ടും കോവിഡ് ഭീതി; വൈഎസ്ആർ കടപ്പയിൽ 8 കേസുകൾ, രണ്ട് മരണം

COVID IN ANDHRA

വിശാഖപട്ടണത്തെ കിംഗ് ജോർജ്ജ് ആശുപത്രിയിൽ (കെജിഎച്ച്) സജ്ജമാക്കിയ പ്രത്യേക കോവിഡ് ഐസൊലേഷൻ വാർഡ്. Photo Credit:The Hindu

വെബ് ഡെസ്ക്

Published on Jul 12, 2026, 01:58 PM | 1 min read

അമരാവതി: ആന്ധ്രപ്രദേശിൽ വീണ്ടും കോവിഡ് ഭീതി പടരുന്നു. വൈഎസ്ആർ കടപ്പ ജില്ലയിൽ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ എട്ട് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും രണ്ട് പേർ മരണപ്പെടുകയും ചെയ്തതോടെ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി.


കടപ്പ രാജംപേട്ട് സ്വദേശിയായ 52-കാരൻ പനിയും ചുമയും ബാധിച്ച് വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ച മറ്റൊരു കടപ്പ സ്വദേശിയായ 43-കാരൻ ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ കോവിഡ് ഐസിയുവിൽ ചികിത്സയിലിരിക്കെയും മരണത്തിന് കീഴടങ്ങി.


കടപ്പ മെഡിക്കൽ കോളേജിലെ 25 വയസുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിദ്യാർത്ഥി ഇപ്പോൾ വീട്ടിൽ ഐസൊലേഷനിലാണ്.


പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രത്യേക റാപ്പിഡ് റെസ്പോൺസ് ടീമുകളെ ജില്ലയിൽ വിന്യസിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്നുള്ള 40 ഓളം പേരുടെ സാമ്പിളുകൾ ശേഖരിച്ചതിൽ 18 പേരുടെ ഫലം നെഗറ്റീവാണ്.


ബാക്കിയുള്ളവയുടെ ഫലം വരാനുണ്ട്. കോവിഡ് വകഭേദം തിരിച്ചറിയുന്നതിനായി സാമ്പിളുകൾ പൂനെയിലെ ലബോറട്ടറിയിലേക്ക് ജീനോം സീക്വൻസിംഗിനായി അയച്ചിരിക്കുകയാണ്.


പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home