ad
Deshabhimani

ആധുനിക ഖത്തറിന്റെ ശില്പി; മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനി അന്തരിച്ചു

Qatar

ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനി | Handout/The Amiri Diwan / via Al-Jazeera

വെബ് ഡെസ്ക്

Published on Jul 12, 2026, 12:09 PM | 2 min read

ദോഹ : ഖത്തറിനെ ആഗോളതലത്തിൽ സ്വാധീനമുള്ള വൻശക്തിയായി വളർത്തിയെടുത്ത മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനി (74) അന്തരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് ഖത്തറിലെ പരമോന്നത സർക്കാർ സ്ഥാപനമായ അമീരി ദിവാൻ അറിയിച്ചു. ഷെയ്ഖ് ഹമദിന്റെ നിര്യാണത്തെത്തുടർന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.


1995 മുതൽ 2013 വരെ ഖത്തർ ഭരിച്ചത് ഷെയ്ഖ് ഹമദ് ആണ്. ഗൾഫ് മേഖലയിലെ ഒരു ചെറിയ രാജ്യമായിരുന്ന ഖത്തറിനെ ലോകത്തിന്റെ നയതന്ത്ര-സാമ്പത്തിക ഭൂപടത്തിൽ മുൻനിരയിലേക്ക് നയിച്ച ദീർഘദർശിയായ ഭരണാധികാരിയാണ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി. 'ഫാദർ അമീർ' എന്ന് ഖത്തർ ജനത ആദരവോടെ വിളിക്കുന്ന അദ്ദേഹത്തിന്റെ ഭരണകാലം രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സുവർണ്ണ കാലഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കേവലം എണ്ണ ഉൽപാദനത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഒരു സമ്പദ്‌വ്യവസ്ഥയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതിക്കാരായി മാറ്റിയെടുത്തത് ഷെയ്ഖ് ഹമദിന്റെ തന്ത്രപരമായ സാമ്പത്തിക നയങ്ങളായിരുന്നു. ഈ സാമ്പത്തിക വളർച്ചയാണ് പശ്ചാത്തല സൗകര്യങ്ങളിലും വിദ്യാഭ്യാസ മേഖലയിലും വൻ വിപ്ലവം സൃഷ്ടിക്കാൻ ഖത്തറിന് കരുത്ത് പകർന്നത്.


സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം ഖത്തറിന് ശക്തമായൊരു ആഗോള പ്രതിച്ഛായ നൽകാൻ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ലോകമാകെ ശ്രദ്ധിക്കപ്പെട്ട അൽ ജസീറ വാർത്താ ശൃംഖലയ്ക്ക് തുടക്കം കുറിച്ചതും, ഖത്തർ ഫൗണ്ടേഷനിലൂടെ ലോകോത്തര സർവ്വകലാശാലകളെ രാജ്യത്തേക്ക് ആകർഷിച്ചതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്. ലോകത്തെ മുൻനിര കായിക - സാംസ്കാരിക മേളകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ശേഷിക്ക് അടിത്തറ പാകിയതും ഷെയ്ഖ് ഹമദിന്റെ ദീർഘവീക്ഷണമായിരുന്നു. 2022ലെ ലോകകപ്പ് ഫുട്ബോളിന് ഖത്തർ വേദിയായതും അതിന്റെ ഫലമായാണ്. പശ്ചിമേഷ്യയിലെ സങ്കീർണമായ പല രാഷ്ട്രീയ പ്രശ്നങ്ങളിലും നിഷ്പക്ഷനായ മധ്യസ്ഥനായി പ്രവർത്തിച്ചുകൊണ്ട് ഖത്തറിനെ ഒരു പ്രധാന നയതന്ത്ര ശക്തിയായി ഉയർത്താനും അദ്ദേഹത്തിന് സാധിച്ചു.


1995ലാണ് അദ്ദേഹം ഖത്തറിന്റെ അധികാരം ഏറ്റെടുത്തത്. ഭരണനേട്ടങ്ങളുടെ അത്യുന്നതിയിൽ നിൽക്കുമ്പോഴും വരുംതലമുറയ്ക്ക് വഴിമാറിക്കൊടുക്കുക എന്ന അപൂർവ്വ മാതൃക ലോകത്തിന് കാണിച്ചുകൊടുത്ത്, 2013 ജൂണിൽ മകനും രാജ്യത്തിന്റെ നിലവിലെ ഭരണാധികാരിയുമായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനിക്ക് അദ്ദേഹം അധികാരം കൈമാറി. പാരമ്പര്യമായി ഭരണം കൈമാറുന്ന ഗൾഫ് അറബ് രാജ്യങ്ങളിൽ ഇത്തരം ഒരു സ്ഥാനത്യാഗം തികച്ചും അപൂർവ്വവും ചരിത്രപരവുമായിരുന്നു. ‌‌‌ഇന്ന് ഖത്തർ കൈവരിച്ചിരിക്കുന്ന എല്ലാ പുരോഗതികൾക്കും അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരങ്ങൾക്കും പിന്നിൽ ഷെയ്ഖ് ഹമദ് എന്ന ദീർഘദർശിയുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനവുമുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രവാസികൾക്ക് ഉൾപ്പെടെ മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കിയ ആധുനിക ഖത്തറിന്റെ ചരിത്രത്തിൽ ഷെയ്ഖ് ഹമദിന്റെ പേര് എക്കാലവും സുവർണാക്ഷരങ്ങളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home