കാനഡയിൽ സ്ട്രീസ്റ്റ് ഫെസ്റ്റിനിടെ വെടിവെപ്പ്: രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

ടൊറന്റോയിലെ 'സൽസ ഓൺ സെന്റ് ക്ലെയർ' ഉത്സവത്തിനിടെ വെടിവെയ്പ്പുണ്ടായ സ്ഥലം | Photo by LAURA PROCTOR / AFP
ടൊറന്റോ : കാനഡയിലെ ടൊറന്റോയിൽ സ്ട്രീറ്റ് ഫെസ്റ്റിനിടെയുണ്ടാ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അക്രമികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ടോടെ സെന്റ് ക്ലെയർ അവന്യൂവിലാണ് വെടിവെപ്പുണ്ടായത്. സംഭവസ്ഥലത്തെത്തിയ പൊലീസ് അഞ്ചോളം പേരെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിൽ രണ്ട് പേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പൊലീസ് എത്തുന്നതിന് മുൻപ് തന്നെ പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. നിലവിൽ പ്രദേശം പൂർണമായും സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രദേശവാസികളോട് ഈ ഭാഗത്തേക്ക് വരുന്നത് ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ലാറ്റിൻ സംസ്‌കാരം, തനത് സംഗീതം, നൃത്തം, പ്രാദേശിക വിഭവങ്ങൾ എന്നിവ ആഘോഷിക്കുന്ന ടൊറന്റോയിലെ പ്രശസ്തമായ വാർഷിക ഉത്സവമായ 'സൽസ ഓൺ സെന്റ് ക്ലെയർ'നടക്കുമ്പോഴായിരുന്നു ദാരുണമായ സംഭവം. നിരവധി കടകളും റെസ്റ്റോറന്റുകളും നിറഞ്ഞ ടൊറന്റോയിലെ തിരക്കേറിയ പ്രധാന തെരുവിലാണ് ഈ മേള സംഘടിപ്പിച്ചിരുന്നത്.









0 comments