ad
Deshabhimani

എംബാപ്പെയുടെ ഹാട്രിക്ക് മികവിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം; സോസിഡാഡിനെ 4-1ന് വീഴ്ത്തി

REAL MADRID

ഹാട്രിക്ക് നേടിയ കിലിയൻ എംബാപ്പെ

വെബ് ഡെസ്ക്

Published on Aug 27, 2026, 01:20 PM | 1 min read

മാഡ്രിഡ്: കിലിയൻ എംബാപ്പെയുടെ ഹാട്രിക്കിന്റെ മികവിൽ റയൽ സോസിഡാഡിനെതിരെ ലാ ലിഗയിൽ റയൽ മാഡ്രിഡിന് 4-1 ന്റെ തകർപ്പൻ ജയം. ഹോസെ മൊറിന്യോ പരിശീലകനായി തിരിച്ചെത്തിയ ശേഷമുള്ള ബെർണബ്യൂവിലെ ആദ്യ മത്സരത്തിലായിരുന്നു റയലിന്റെ മിന്നും പ്രകടനം.


40-ാം മിനിറ്റിൽ എംബാപ്പെ റയലിനെ മുന്നിലെത്തിച്ചെങ്കിലും നാല് മിനിറ്റിനകം ലൂക്ക സുസിച്ച് സോസിഡാഡിനായി സമനില നേടി. രണ്ടാം പകുതിയിൽ റയൽ ആക്രമണം ശക്തമാക്കിയതോടെ മത്സരത്തിന്റെ നിയന്ത്രണം പൂർണമായും ആതിഥേയർ ഏറ്റെടുത്തു.


60-ാം മിനിറ്റിൽ എംബാപ്പെ വീണ്ടും ഗോൾ നേടി. 68-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ റയലിന്റെ ലീഡ് മൂന്നാക്കി. 80-ാം മിനിറ്റിൽ വിനീഷ്യസിന്റെ അസ്സിസ്റ്റിൽ നിന്ന് എംബാപ്പെ ഹാട്രിക് പൂർത്തിയാക്കി.


സോസിഡാഡിനെതിരായ ഹാട്രിക്കോടെ റയലിനായി എല്ലാ മത്സരങ്ങളിലുമായി എംബാപ്പെയുടെ ഹാട്രിക്ക് നേട്ടം ആറായി. 2024-25 സീസണിന് ശേഷം സ്പെയിനിൽ മറ്റൊരു താരത്തിനും ഇത്രയും ഹാട്രിക്കുകൾ നേടാനായിട്ടില്ല.


ലാ ലിഗയിൽ സോസിഡാഡിനെതിരെ അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളാണ് എംബാപ്പെ നേടിയിരിക്കുന്നത്. റയലിനായി മികച്ച ഫോമിലാണ് ഫ്രഞ്ച് സൂപ്പർതാരം.


ആദ്യ പകുതിയിലെ മന്ദഗതിയിലുള്ള പ്രകടനത്തിൽ റയൽ ആരാധകർ അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും ഇടവേളയ്ക്ക് ശേഷം ടീം മികച്ച തിരിച്ചുവരവാണ് നടത്തിയത്.


സോസിഡാഡിന് തുടർച്ചയായ രണ്ടാം തോൽവി


സീസണിലെ ആദ്യ മത്സരത്തിൽ റയൽ ബെറ്റിസിനോട് 1-0ന് തോറ്റ സോസിഡാഡിന് ഇതോടെ തുടർച്ചയായ രണ്ടാം തോൽവിയായി. അതേസമയം, റയൽ മാഡ്രിഡ് ഇനി ചാമ്പ്യൻസ് ലീഗ് ഡ്രോയിലേക്ക് ശ്രദ്ധ തിരിക്കും. ഞായറാഴ്ച മലാഗയ്‌ക്കെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home