ad
Deshabhimani

ദെഷാം പടിയിറങ്ങുന്നു;
ഇനി സിദാൻ യുഗം

Didier Deschamps
വെബ് ഡെസ്ക്

Published on Jul 16, 2026, 12:09 AM | 1 min read

ഡാലസ്‌: ഹാട്രിക്‌ ഫൈനലെന്ന മോഹം ബാക്കിയാക്കി ഫ്രഞ്ച്‌ പരിശീലകൻ ദിദിയെർ ദെഷാം പടിയിറങ്ങുന്നു. ലോകകപ്പിൽ ഞായറാഴ്‌ച പുലർച്ചെ നടക്കുന്ന ലൂസേഴ്‌സ്‌ ഫൈനലോടെ മുൻ ക്യാപ്‌റ്റൻ കൂടിയായ ദെഷാം പരിശീലകസ്ഥാനമൊഴിയും. പിന്നാലെ സിനദിൻ സിദാൻ ചുമതലയേൽക്കും. 2012 മുതൽ ഫ്രാൻസിന്റെ കോച്ചാണ്‌ ഡിഫൻസീവ്‌ മിഡ്‌ഫീൽഡറായിരുന്ന ദെഷാം. തകർന്നടിഞ്ഞ സംഘത്തെ ലോകഫുട്‌ബോളിലെ കരുത്തരാക്കി മാറ്റി.


2014 ലോകകപ്പിൽ ക്വാർട്ടറിലെത്തിച്ചു. 2018ൽ ചാമ്പ്യൻമാരാക്കി. 2022ൽ ഖത്തറിൽ റണ്ണറപ്പ്‌. ഇത്തവണ സെമിയിലും. കളിക്കാരനായും പരിശീലകനായും ലോകചാമ്പ്യനായ മൂന്നാമത്തെ മാത്രം താരമാണ്‌. 1998ൽ ഫ്രാൻസ്‌ ആദ്യ കപ്പുയർത്തുമ്പോൾ ക്യാപ്‌റ്റനായിരുന്നു ദെഷാം.


2021 നേഷൻസ്‌ കപ്പിലും ഫ്രാൻസിനെ ജേതാക്കളാക്കി. 2016 യൂറോ കപ്പിൽ രണ്ടാം സ്ഥാനത്തുമെത്തിച്ചു. ലോകകപ്പിൽ കൂടുതൽ മത്സരങ്ങളിൽ (26) ടീമിനെ ഒരുക്കിയ പരിശീലകനുമാണ്‌ അമ്പത്തേഴുകാരൻ. ഫ്രഞ്ച്‌ ഇതിഹാസ താരമായ സിദാൻ 2006ലാണ്‌ കളി മതിയാക്കിയത്‌. 2016ൽ റയൽ മാഡ്രിഡ്‌ ക്ലബിന്റെ പരിശീലകനായി. രണ്ടുകാലഘട്ടങ്ങളിലായി ചാമ്പ്യൻസ്‌ ലീഗിൽ ഹാട്രിക്‌ ഉൾപ്പെടെ 11 ട്രോഫികൾ സമ്മാനിച്ചു.


"തോൽവി 
അർഹിച്ചത്‌ ': എംബാപ്പെ


അർഹിച്ച തോൽവിയാണ്‌ ടീം ഏറ്റുവാങ്ങിയതെന്ന്‌ ഫ്രാൻസ്‌ ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെ. ‘ലോകകപ്പ്‌ ഫുട്‌ബോൾ സെമിക്ക്‌ വേണ്ട പ്രകടനമായിരുന്നില്ല ഞങ്ങളുടേത്‌. സാങ്കേതികമായും തന്ത്രപരമായും പൂർണ പരാജയമായി. പന്ത്‌ നിയന്ത്രിക്കാനും എതിരാളിയിൽനിന്ന്‌ പിടിച്ചെടുക്കാനും കഴിഞ്ഞില്ല.


തോൽവി ഫുട്‌ബോളിന്റെ ഭാഗമാണ്‌. അതുതന്നെ ആലോചിച്ചിരുന്നാൽ കളി തുടരാൻ കഴിയില്ല. എല്ലാത്തിനെയും നേരിടുക എന്നതാണ്‌ പ്രധാനം. ഫുട്‌ബോൾ ആരെയും കാത്തിരിക്കില്ല. അടുത്തതിനായി തയ്യാറെടുക്കുകയാണ്‌ ഇനി ചെയ്യാനുള്ള കാര്യം’–എംബാപ്പെ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home