print edition പ്രതിരോധ സ്‌പെയ്‌ൻ

സ്‌പെയ്‌ൻ താരങ്ങളുടെ ആഘോഷം \ Photo: X/SEFutbol
ന്യൂജേഴ്‌സി: ഐക്യം, കഠിനാധ്വാനം, സമർപ്പണം. കോച്ച് ലൂയിസ് ഡെ ലാ ഫുയന്റെയുടെ മന്ത്രം ഇതാണ്. 2010നുശേഷം ആദ്യ ലോക കിരീടത്തിനായി കൊതിക്കുന്ന സ്‌പാനിഷ് സംഘം ഫുയന്റയുടെ രീതികളിൽ സംതൃപ്‌തരാണ്. ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ തോൽപ്പിച്ചാണ് ലോകകപ്പ് ഫുട്‌ബോൾ ക്വാർട്ടറിൽ കടന്നത്. ഒറ്റ ഗോളിനാണ് ജയം. തുടർച്ചയായ 35 കളിയിൽ ടീം തോൽവിയറിഞ്ഞിട്ടില്ല. അതിൽ 29 ജയവും ഒന്പത് സമനിലയും.
ആധികാരികമായിരുന്നില്ല ടീമിന്റെ പ്രകടനം. എങ്കിലും സ്‌പെയ്‌ൻ ആത്മവിശ്വാസത്തിലാണ്. ലോകകപ്പിൽ ഒറ്റ മത്സരത്തിലും ഗോൾ വഴങ്ങിയിട്ടില്ല. ആക്രമണത്തേക്കാൾ പ്രതിരോധത്തെ ആശ്രയിക്കുന്നു. ക്വാർട്ടറിൽ ബൽജിയം ആണ് എതിരാളി.
2010ൽ ലോക ജേതാക്കളാകുന്പോൾ ടികി–ടാക ശൈലിയായിരുന്നു അതിന് ആധാരം. ബാഴ്‌സലോണ ക്ലബ്ബിന്റെ ആശയം കോച്ച് വിസെന്റെ ഡെൽ ബോസ്‌കെ ദേശീയ ടീമിലേക്ക് പരിവർത്തനപ്പെടുത്തി. കുറിയ പാസുകൾ നിരന്തരമൊഴുക്കി അവർ കളംപിടിച്ചു.
പതിനാറ് വർഷങ്ങൾക്കുശേഷം ആദ്യമായി ലോകകപ്പിന്റെ ക്വാർട്ടറിലെത്തുന്പോൾ പ്രതിരോധത്തിലാണ് ശ്രദ്ധ. തുടർച്ചയായ അഞ്ച് കളിയിലും എതിർടീമിന് സ്‌പാനിഷ് ഗോൾമുഖം തുറക്കാനായിട്ടില്ല. ലോകകപ്പിൽ തുടർച്ചയായ ആറ് മത്സരങ്ങളിലാണ് നേട്ടം. കഴിഞ്ഞ ലോകകപ്പിൽ മൊറോക്കോയോട് ഷൂട്ടൗട്ടിലായിരുന്നു തോൽവി. പത്ത് മണിക്കൂർ ഒന്പത് മിനിറ്റായി സ്‌പെയ്‌ൻ ഒരു ഗോൾ വഴങ്ങിയിട്ട്. ഗോൾകീപ്പർ ഉനായ് സിമോൺ ഗോൾ വഴങ്ങാതെ 609 മിനിറ്റായി.
അയ്‌മെറിക് ലപോർടെ, പൗ കുബാർസി, പെഡ്രോ പോറോ, മാർക് കുകുറെല്ല എന്നിവരാണ് സ്‌പാനിഷ് പ്രതിരോധത്തിൽ.
മധ്യനിരയിൽ റോഡ്രിയും പെഡ്രിയും കരുത്തുനൽകുന്നു. റോഡ്രി മത്സരത്തിൽ 106 തവണയാണ് പന്ത് തൊട്ടത്. ആകെ കൃത്യതയുള്ള പാസുകൾ 87ഉം.
റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും ജോയോ -ഫെലിക്‌സും ഉൾപ്പെട്ട പോർച്ചുഗൽ ആക്രമണനിരയെ കൃത്യമായി തടയാൻ സ്‌പാനിഷ് പ്രതിരോധത്തിന് കഴിഞ്ഞു. റൊണാൾഡോയ്‌ക്ക് 19 തവണ മാത്രമാണ് പന്ത് തൊടാനായത്. ആകെ തൊടുത്തത് മൂന്ന് ഷോട്ടുകൾ.










0 comments