പ്രതിരോധം, കടന്നാക്രമണം: തുർക്കിയെ തുരത്തി ഓസീസ്

വാൻകൂവർ: ഇരുപത്തിനാല് വർഷത്തിനുശേഷം ലോകവേദിയിൽ തിരിച്ചെത്തിയ തുർക്കിയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തുരത്തി ഓസ്‌ട്രേലിയ. തുർക്കി നിരന്തരം ആക്രമിച്ച് കളിച്ചപ്പോൾ പ്രതിരോധത്തിൽ ഊന്നിനിന്ന ഓസീസ്, കൗണ്ടർ അറ്റാക്കിലൂടെയാണ് ഗോൾ നേടിയത്. 27-ാം മിനിറ്റിൽ നെസ്‍റ്റോറി ഇറാൻകുൻഡയും 75-ാം മിനിറ്റിൽ കോണർ മെറ്റ്കാഫുമാണ് ടീമിനായി വലകുലുക്കിയത്.
2002ൽ മൂന്നാം സ്ഥാനത്തെത്തി വിസ്‌മയിപ്പിച്ച തുർക്കി മിന്നും പ്രകടനത്തോടെയാണ് തുടങ്ങിയത്. എന്നാൽ ഓസീസ് പ്രതിരോധവും കീപ്പർ പാട്രിക് ബീച്ചിന്റെ സേവും തുർക്കിയെ തളർത്തി. തുടക്കത്തിൽ തന്നെ തുർക്കി, ഓസ്‌ട്രേലിയയുടെ ഗോൾ മുഖത്ത് ആക്രണങ്ങൾ നടത്തി. തുർക്കി നിരന്തരം ഗോളിനായി ശ്രമിച്ചു കൊണ്ടേയിരുന്ന സമയത്ത് വീണു കിട്ടിയ മികച്ച അവസരം ഓസീസ് ഗോളാക്കി മാറ്റി. മത്സരത്തിന്റെ 27-ാം മിനിറ്റില്‍ തുർക്കിയുടെ അർദ ഗുലെറിന്റെ ഗോൾ ശ്രമം ഓസ്‌ട്രേലിയൻ കീപ്പർ പാട്രിക് ബീച്ച് സേവ് ചെയ്തതിന് പിന്നാലെ നടത്തിയ കടന്നാക്രമണമാണ് ആദ്യഗോളിൽ കലാശിച്ചത്. കീപ്പർ നൽകിയ പന്തുമായി കുതിച്ച എങ്‌സ്റ്റ്ലർ, ഇറാൻകുൻഡയിലേക്ക് നീട്ടി നൽകി. പ്രതിരോധത്തെ വെട്ടിച്ച് മുന്നേറിയ ഇറാൻകുൻഡ പന്ത് കൃത്യമായി പോസ്റ്റിൽ അടിച്ചു കയറ്റി.
ലീഡ് നേടിയതോടെ പ്രതിരോധത്തിൽ ഊന്നിയാണ് ഓസ്‌ട്രേലിയ കളിച്ചത്. തുർക്കി താരങ്ങൾ പന്തുമായി എത്തുമ്പോൾ പത്ത് ഓസീസ് താരങ്ങളും ബോക്സിൽ ഉണ്ടാകും. അപ്പോഴും കൗണ്ടർ അറ്റാക്കുകളിലൂടെ തുർക്കി ഗോൾ മുഖത്ത് ആക്രണങ്ങൾ വിതച്ച് കൊണ്ടിരുന്നു. കളി അവസാനിക്കാൻ 15 മിനിറ്റ് ബാക്കി നിൽക്കെ ഓസ്ട്രേലിയ ലീഡ് ഇരട്ടിയാക്കി.










0 comments