ചുരുങ്ങിയ സമയത്ത് പ്രദീപിന്റെ കയ്യിൽ ഏതെല്ലാം ഫയലുകൾ എത്തി? സ്വർണക്കൊള്ളക്കേസിൽ അട്ടിമറി സംശയിക്കുന്നതായി പിണറായി

പിണറായി വിജയൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് അട്ടിമറിക്കാൻ അണിയറയിൽ നീക്കങ്ങൾ നടക്കുന്നതായി സംശയമുണ്ടെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. കേസിലെ മുഖ്യപ്രതിയുടെ അഭിഭാഷകനായ കെ ബി പ്രദീപിനെ ദേവസ്വംവകുപ്പിന്റെ സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതിൽ അനാവശ്യ തിടുക്കം ഉണ്ടായിട്ടുണ്ട്. പ്ലീഡർ സ്ഥാനം രാജിവെച്ചെതോടെ എല്ലാം അവസാനിച്ചതായി കാണാനാകില്ല. ചുമതലയിലുണ്ടായിരുന്ന ചുരുങ്ങിയ സമയത്ത് പ്രദീപിന്റെ കയ്യിൽ ഏതെല്ലാം ഫയലുകൾ എത്തിയെന്നും, എന്തെല്ലാം ചെയ്തെന്നും സർക്കാർ വ്യക്തമാക്കണമെന്ന് പിണറായി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സ്വർണക്കൊള്ളയിൽ പങ്കുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ചത് സംശസാപ്ദമായ നടപടിയാണ്. ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. സ്മാർട്ട് ക്രിയേഷൻസിന് നൽകിയത് സ്വർണം പൂശിയ ചെമ്പുപാളികളാണ് എന്ന് പ്രത്യേക അന്വേഷകസംഘം കണ്ടെത്തിയിരുന്നു. അങ്ങനെയാണ് പങ്കജ് ഭണ്ഡാരി ഉൾപ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്തത്. എന്നാൽ വെറും ചെമ്പുപാളിയാണ് നൽകിയത് എന്നായിരുന്നു കോടതിയിലും പുറത്തും സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായ പ്രദീപ് പറഞ്ഞിരുന്നത്.
പ്രതികളുടെ താൽപര്യം ഉയർത്തിപ്പിടിക്കുന്ന അഭിഭാഷകനെയാണ് യുഡിഎഫ് സർക്കാർ ദേവസ്വത്തിന്റെ പ്ലീഡറായി നിയമിച്ചത്. ഇതിൽ സാധാരണ ഗതിയിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചോ എന്നതിൽ സംശയമുണ്ട്. അഡ്വക്കേറ്റ് ജനറൽ ശുപാർശ ചെയ്ത്, നിയമവകുപ്പ് കണ്ട്, അത് മുഖ്യമന്ത്രിക്ക് കൊടുക്കുകയും, മുഖ്യമന്ത്രി അംഗീകരിച്ച് മന്ത്രിസഭയിലേക്ക് പോകുകയുമാണ് സാധാരണഗതിയിലെ നടപടികൾ. ഈ നടപടിക്രമങ്ങൾ ഇവിടെ പാലിച്ചോ? നിയമനത്തിൽ സ്വീകരിച്ച അനാവശ്യധൃതി എന്തിനായിരുന്നു? നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും, താൻ അറിഞ്ഞുകൊണ്ടല്ലെന്നുമാണ് ദേവസ്വം മന്ത്രി പറഞ്ഞത്. ഇത്തരം കാര്യങ്ങളിൽ വേണ്ട രാഷ്ട്രീയ ആലോചന നടത്തിയിട്ടുമില്ലെന്നാണ് അറിയുന്നത്.
രാജിവെച്ചതോടെ എല്ലാം അവസാനിച്ചെന്ന് കാണാനാകില്ല. ദേവസ്വത്തിന്റെ പ്ലീഡറായി നിയമിതനായ നിമിഷം മുതൽ ഏതെല്ലാം രേഖകൾ കയ്യിലെത്തി എന്നത് കേസുമായി ബന്ധപ്പെട്ട് വളരെ പ്രധാനമാണ്. ദേവസ്വം വകുപ്പിന്റെ കയ്യിലുള്ള നിർണായക വിവരങ്ങൾ പ്ലീഡറുടെ കയ്യിൽ എത്തിയിട്ടുണ്ടോ? ഇതിൽ അന്വേഷണം നടത്തണം. ഏതെങ്കിലും രേഖകൾ ആ അഭിഭാഷകന്റെ കയ്യിലുണ്ടെങ്കിൽ കണ്ടെത്തി, അങ്ങനെയെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയാകുന്നതിനും മുൻപേ വി ഡി സതീശൻ മംഗലൂരുവിലേക്ക് നടത്തിയ യാത്രയിൽ ദുരൂഹതയുണ്ട്. ശബരിമല സ്വർണക്കൊള്ളക്കേസിൽ ചോദ്യംചെയ്യപ്പെട്ട വ്യക്തി ആ യാത്രയിൽ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ കൂടെപ്പോയത് എന്നതിലും അദ്ദേഹം എങ്ങനെയാണ് ഇടനിലക്കാരനായത് എന്നതിലും മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടില്ല. ഏതെങ്കിലും പ്രധാനപ്പെട്ട കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പോയതാണെന്ന് പറയാനാകില്ലല്ലോ. മുഖ്യമന്ത്രി വ്യക്തത വരുത്താത്തിടത്തോളം കാലം ദുരൂഹത തുടരുമെന്നും പിണറായി പറഞ്ഞു.










0 comments