ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടറിൽ റയലിനെ മൂന്ന് ഗോളിന് തകർത്ത് അഴ്‌സണൽ
‘റൈസ് കിക്കിൽ’ റയൽ പിടഞ്ഞു ; ഇരട്ട ഫ്രീകിക്ക് ഗോളുമായി ഡെക്ലൻ റൈസിന്റെ തകർപ്പൻ പ്രകടനം

ചാമ്പ്യൻസ് ലീഗിൽ റയലിനെതിരെ ഡെക്ലൻ റൈസ് ഫ്രീകിക്കിലൂടെ ഗോൾ നേടുന്നു
ലണ്ടൻ :
ഡെക്ലൻ റൈസ് !
ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ റയൽ മാഡ്രിഡിന്റെ ആധിപത്യത്തിന് അഴ്‌സണൽ കൊടുത്ത മറുപടി. പന്ത്രണ്ട് മിനിറ്റിൽ റൈസ് തൊടുത്ത രണ്ട് ഉജ്വല ഫ്രീകിക്കുകൾ തീഗോളമായപ്പോൾ റയൽ ഉരുകിവീണു. മിക്കേൽ മെറീനോയുടെ ഗോളും ചേർത്ത് 3–-0ന് അഴ്‌സണൽ ആദ്യപാദ ക്വാർട്ടർ സ്വന്തം പേരിലാക്കി. രണ്ടാംപാദം 16ന് റയൽ തട്ടകമായ സാന്റിയഗോ ബെർണബ്യൂവിൽ.
ബലവാൻമാരുടെ കൂട്ടമായ റയൽ അഴ്‌സണലിന്റെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ നിഴൽരൂപങ്ങളാവുകയായിരുന്നു. പല മുൻനിര താരങ്ങളും പരിക്കിന്റെ പിടിയിലായ അഴ്‌സണൽ വർധിത വീര്യത്തോടെയാണ് പന്ത് തട്ടിയത്. പലപ്പോഴും ഗോൾ കീപ്പർ തിബൗ കുർടോയുടെ അസാമാന്യ മികവാണ് അഴ്‌സണലിനെ ഗോൾ നേടുന്നതിൽ തടഞ്ഞത്. പക്ഷേ, റൈസിന്റെ ഫ്രീകിക്കുകൾക്കുമുന്നിൽ കുർടോയ്‌ക്ക് മറുപടിയുണ്ടായില്ല.
തുടക്കത്തിൽ പ്രതിരോധത്തിലെ വിള്ളലുകൾ മൈക്കേൽ അർടേറ്റയുടെ സംഘത്തിന് ആശങ്കയായി. റയൽ കുന്തമുനകളായ കിലിയൻ എംബാപ്പെയും വിനീഷ്യസ് ജൂനിയറും കൊടുങ്കാറ്റിന്റെ വേഗത്തിലാണ് അഴ്‌സണൽ ബോക്‌സിലേക്ക് പാഞ്ഞെത്തിയത്. ഇരുവർക്കും മൂന്നുവീതം അവസരം കിട്ടി. പക്ഷേ, അഴ്‌സണൽ ഗോൾ കീപ്പർ ഡേവിഡ് റായയെ കാര്യമായ പരീക്ഷിക്കാനുള്ള കരുത്തൊന്നും ഷോട്ടുകൾക്കുണ്ടായില്ല. ഒരുതവണ ജൂഡ് ബെല്ലിങ്‌ഹാം ബോക്‌സിലേക്ക് തള്ളിയിട്ട പന്ത് എംബാപ്പെ കൃത്യമായി കാലിലാക്കി ഗോൾമുഖത്തേക്ക് പാഞ്ഞു. പക്ഷേ, റായയുടെ കൈയിലേക്ക് ദുർബലമായ അടി തൊടുക്കാനേ ഫ്രഞ്ചുകാരന് കഴിഞ്ഞുള്ളൂ.
അഴ്‌സണൽ വേഗത്തിൽ കളിയുടെ താളംപിടിച്ചു. മധ്യനിരയിൽ മാർടിൻ ഒദെഗാർദും റൈസും തോമസ് പാർടിയും പന്തിൽ പിടിമുറുക്കി. ബുകായോ സാക്ക ആക്രമണങ്ങൾക്ക് ഊർജം പകർന്നു. ഗബ്രിയേൽ മാർട്ടിനെല്ലി പലതവണ ഗോളിന് അരികെയെത്തി. പക്ഷേ, കുർടോയുടെ ചിലന്തി കൈകൾ മാർട്ടിനെല്ലിയെ തടഞ്ഞു. ഇരട്ടസേവിലൂടെയാണ് ഒരു തവണ ബൽജിയംകാരൻ റയലിനെ രക്ഷിച്ചത്. റൈസിന്റെ ബുള്ളറ്റ് ഹെഡറും പിന്നാലെ മാർട്ടിനെല്ലിയുടെ കരുത്തുറ്റ അടിയും കുർടോ സാഹസികമായി തടഞ്ഞു. മെറീനോയുടെ ഗോളെന്നുറപ്പിച്ച ഹാഫ് വോളിയും കുർടോ തട്ടിയകറ്റിയപ്പോൾ ആരാധകർ അമ്പരപ്പോടെ തലയിൽ കൈവച്ചു.
ഇടവേളയ്‌ക്കുശേഷം അഴ്‌സണൽ കളിക്ക് വേഗംകൂട്ടി. 58–-ാം മിനിറ്റിൽ സാക്കയെ ഡേവിഡ് അലാബ വീഴ്‌ത്തിയതിന് ഫ്രീകിക്ക്. റൈസ് പന്തിലേക്ക് അടുക്കുമ്പോൾ റയൽ അപകടം അറിഞ്ഞില്ല. വലംകാൽ ചെരിച്ച് പന്ത് ഊക്കോടെ ഇംഗ്ലീഷുകാരൻ തട്ടിയപ്പോൾ റയലിന്റെ നാലംഗ പ്രതിരോധ മതിൽ വായുവിലേക്ക് ഉയർന്നു. മതിലിൽ തൊടാതെ പന്ത് പുറത്തേക്കെന്നപോലെ വലതുവശത്തേക്കിറങ്ങി. പിന്നെ മനോഹരമായി അകത്തേക്ക് വളഞ്ഞിറങ്ങി. കൃത്യതയും സൗന്ദര്യവും ഒരുപോലെ ചാലിച്ച ആ നീക്കത്തിലേക്ക് കുർടോയുടെ നീരാളികൈകൾക്ക് എത്താനായില്ല. വലതുമൂലയിലേക്ക് പന്ത് അറ്റുവീണു. റയൽ ഞെട്ടി. തീർന്നില്ല. ആദ്യത്തേതിൽനിന്ന് ഒരുതരിപോലും മാറ്റ് കുറയാതെ രണ്ടാമത്തെ കിക്കും വളഞ്ഞിറങ്ങി. 70–-ാം മിനിറ്റിൽ റൈസ് ഇടതുഭാഗത്ത്‌നിന്ന് തൊടുത്തു. പ്രതിരോധ മതിലിന് മുകളിലൂടെ വലതുമൂലയുടെ അറ്റംതട്ടി താഴേക്ക്. കുർടോയ്‌ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
അഞ്ച് മിനിറ്റിൽ റയലിന്റെ അവസാന പ്രതിരോധവും അവസാനിച്ചു. റൈസിന്റെ സ്‌പർശം ആ ഗോളിലുമുണ്ടായി. മധ്യനിരയിൽനിന്നുള്ള ലോങ്‌ബോൾ ലിയാൻഡ്രോ ട്രൊസാർഡിലേക്ക്. പിന്നെ പാർശ്വത്തിൽ ലെവിസ് സ്‌കെല്ലിയുടെ കാലിലേക്ക്. ഈ പ്രതിരോധക്കാരന്റെ ക്രോസ് മെറീനോ ഇടംകാൽകൊണ്ട് വലയിലാക്കി.
അവസാന ഘട്ടത്തിൽ രണ്ടാംമഞ്ഞകാർഡ് വഴങ്ങി എഡ്വാർഡോ കമിവംഗ പുറത്തായത് കാർലോ ആൻസെലോട്ടിയുടെ സംഘത്തിന് മറ്റൊരു തിരിച്ചടിയായി.
338–0, 339–2
അമ്പത്തെട്ടാം മിനിറ്റിൽ ഡെക്ലൻ റൈസിന്റെ ഫ്രീകിക്ക് റയൽ മാഡ്രിഡ് വലയിലേക്ക് വളഞ്ഞിറങ്ങുമ്പോൾ കാഴ്‌ചക്കാരുടെ കൂട്ടത്തിൽ ഒരാൾ അത്ഭുതത്തോടെ അതുനോക്കിയിരുന്നു. മുഖം അത്ഭുതംകൊണ്ട് വിടർന്നു. ബ്രസീലിന്റെയും റയലിന്റെയും വിഖ്യാത താരം റോബർട്ടോ കാർലോസായിരുന്നു അത്. ‘സെറ്റ് പീസിൽ’ അത്ഭുതങ്ങൾ കാട്ടിയ കാർലോസിനെപ്പോലും അമ്പരപ്പിക്കുകയായിരുന്നു റൈസ്.
പ്രൊഫഷണൽ ഫുട്‌ബോളിൽ 338 മത്സരങ്ങൾ പൂർത്തിയാക്കിയ ഇംഗ്ലീഷുകാരന്റെ കളിജീവിതത്തിൽ അതുവരെ ഒറ്റ ഫ്രീകിക്ക് ഗോൾ പോലുമുണ്ടായില്ല. 339–-ാമത്തെ കളി ചരിത്രത്തിൽ ഇടംനേടി. ഒരു കളിയിൽ ഇരട്ട ഫ്രീകിക്ക് ഗോൾ അപൂർവം. അതും ചാമ്പ്യൻസ് ലീഗിൽ.
അഴ്‌സണലിന്റെ ഫ്രീകിക്കുകളിൽ ഏറെയും മാർട്ടിൻ ഒദെഗാർദാണ് എടുക്കാറുള്ളത്. റയലിനെതിരെ അവസരം കിട്ടിയപ്പോൾ അഴ്‌സണലിന്റെ സെറ്റ്‌പീസ് പരിശീലകൻ നിക്കോളാസ് ജോവെർ റൈസിന് നിർദേശം നൽകി. നേരിട്ട് അടിക്കാതെ വളച്ച് തൊടുക്കാനായിരുന്നു കോച്ചിന്റെ നിർദേശം. ബുകായോ സാക്കയുടെ പിന്തുണ കൂടി കിട്ടിയപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. ‘അതൊരു മാജിക്കായിരുന്നു’–- റൈസ് പറഞ്ഞു.
അഴ്‌സണൽ മധ്യനിരയുടെ ചാലകശക്തിയാണ് ഇരുപത്താറുകാരൻ. പ്രതിരോധവുമായി കണ്ണിചേർന്നാണ് നീക്കങ്ങൾ. എതിർ മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയാണ് പ്രധാന ജോലി. മുന്നേറ്റത്തിലേക്ക് പന്തെത്തിക്കും. വിടവുള്ള ഇടങ്ങൾ കണ്ടുപിടിക്കുകയും പന്തൊഴുക്കുകയുമാണ് പ്രധാന ദൗത്യം. മധ്യനിരയിൽ റൈസ് അറിയാതെ ഒരു നീക്കവുമുണ്ടാകില്ല. അണിയാത്ത വേഷങ്ങളില്ല.
2023ൽ റെക്കോഡ് തുകയ്‌ക്കാണ് റൈസിനെ അഴ്‌സണൽ സ്വന്തമാക്കുന്നത്. ആ നീക്കം വെറുതെയായില്ല. 2018വരെയും അയർലൻഡിനായി പന്ത് തട്ടിയ റൈസ് 2019ൽ ഇംഗ്ലണ്ട് ദേശീയ കുപ്പായമണിയുകയായിരുന്നു.









0 comments