റയൽ എംബാപ്പെയോടൊപ്പം നിൽക്കണം, സന്തോഷം നിറഞ്ഞ നിമിഷങ്ങൾ അവൻ ആരാധകർക്ക് സമ്മാനിക്കും: റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ. PHOTO: Facebook
മാഡ്രിഡ്: റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയെ പ്രശംസിച്ചും താരത്തിന് നിർദേശങ്ങൾ നൽകിയും ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്‌പാനിഷ് ടെലിവിഷൻ പരിപാടിയായ ‘എൽ ചിറിൻഗുയിറ്റോ ഡി ജുഗോൺസ്’ലാണ് എംബാപ്പെയുടെ ഇഷ്‌ട താരമായ റൊണാൾഡോ നിർദേശങ്ങളുമായെത്തിയത്.
കിലിയൻ എംബാപ്പെയെ വളരെയേറെ ഇഷ്‌ടമാണെന്ന് പറഞ്ഞ മുൻ റയൽ മാഡ്രിഡ് ഫോർവേർഡ് താരത്തെ വേണ്ടുവോളം പ്രശംസിക്കുകയും ചെയ്തു. ‘എംബാപ്പെയെ എനിക്ക് വളരെയേറെ ഇഷ്‌ടമാണ്, അവൻ ചെറുപ്പത്തിൽ എന്നെ ഇഷ്‌ടതാരമായി കണ്ടത് കൊണ്ടല്ല ഈ അഭിപ്രായം. അവൻ മികച്ച താരം തന്നെയാണ്.’- റൊണാൾഡോ പറഞ്ഞു.
പിഎസ്‌ജിയിൽ നിന്ന് ഈ സീസണിന്റെ തുടക്കത്തിലാണ് കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലെത്തിയത്. സാന്റിയാഗോ ബെർണാബ്യൂവിൽ അത്ര മികച്ച തുടക്കം താരത്തിന് ലഭിച്ചില്ലെങ്കിലും ഇപ്പോൾ മികച്ച രീതിയിലാണ് പന്ത് തട്ടുന്നത്. ക്ലബ്ബിൽ റൊണാൾഡോയ്‌ക്ക് സമാനമായ കരിയർ എംബാപ്പെയ്‌ക്കുമുണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുമുണ്ട്.
പരിപാടിയിൽ എംബാപ്പെയുടെ മികവിനെ കുറിച്ച് റയൽ മാഡ്രിഡ് ആരാധകരോടും റൊണാൾഡോ സംസാരിക്കുന്നുണ്ട്. ‘റയലിന്റെ ആരാധകരോട്, നിങ്ങൾ ഈ ചെറുപ്പക്കാരനെ വിശ്വാസത്തിലെടുക്കണം. അവൻ പ്രതിഭാശാലിയായ കളിക്കാരനാണ്. റയൽ മാഡ്രിഡ് അവനെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങൾ അവൻ ആരാധകർക്ക് സമ്മാനിക്കുമെന്നതിൽ സംശയമില്ല’- റൊണാൾഡോ പറഞ്ഞു.
ഞാൻ റയൽ മാഡ്രിഡിൽ ഉണ്ടായിരുന്നെങ്കിൽ ‘നമ്പർ 9’ പൊസിഷനിൽ എങ്ങനെ കളിക്കണമെന്ന് താൻ അവനെ പഠിപ്പിക്കുമായിരുന്നുവെന്നും റൊണാൾഡോ പറഞ്ഞു. ‘എന്റെ അഭിപ്രായത്തിൽ എംബാപ്പെയുടെ പൊസിഷൻ നമ്പർ 9 അല്ല. അതുകൊണ്ടുതന്നെ ആ പൊസിഷനിൽ കളിക്കാൻ അവൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഞാൻ സ്‌ട്രൈക്കർ ആയിരുന്നില്ല, പക്ഷേ വിങ്ങറായ ഞാൻ സ്‌ട്രൈക്കറായി ഗോളുകൾ നേടി. യഥാർഥ സ്‌ട്രൈക്കർ ആവാതെ ആ പൊസിഷന്റെ ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നു ഞാൻ ചെയ്തത്. എംബാപ്പെയും അത് ചെയ്താൽ മതി.’- റൊണാൾഡോ കൂട്ടിച്ചേർത്തു.
ചുവരിൽ മുഴുവൻ റൊണാൾഡോയുടെ ചിത്രങ്ങളുമായി നിൽക്കുന്ന കുട്ടിയായ കിലിയൻ എംബാപ്പെയുടെ ചിത്രം ഫുട്‌ബോൾ ആരാധകർക്ക് സുപരിചിതമാണ്. നിരവധി സന്ദർഭങ്ങളിൽ എംബാപ്പെ റൊണാൾഡോയെ പ്രിയപ്പെട്ട കളിക്കാരനായി കണ്ട കാര്യം സംസാരിച്ചിട്ടുമുണ്ട്.









0 comments