കിങ്‌സ് കപ്പ്: ബാഴ്സയെ ഗോളിൽ മുക്കി അത്‌ലറ്റികോ

മാഡ്രിഡ്: സ്‌പാനിഷ് കിങ്‌സ് കപ്പ് ഫുട്‌ബോൾ ആദ്യപാദ സെമിയിൽ ബാഴ്‌സലോണയെ ഗോളിൽ മുക്കി അത്‌ലറ്റികോ മാഡ്രിഡ്. കിങ്‌സ് കപ്പിൽ നിലവിലെ ജേതാക്കളായ ബാഴ്‌സയെ എതിരില്ലാത്ത നാല് ഗോളിനാണ് അത്‌ലറ്റികോ തകർത്തത്. ഇതോടെ ഫൈനലിലേക്കുള്ള വഴിയിൽ ഡീഗോ സിമിയോണിയുടെ ടീം വലിയ ചുവടുവെപ്പ് നടത്തി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ കാഴ്ചവെച്ച മോശം പ്രകടനത്തിലൂടെ തങ്ങളുടെ തകർച്ചയ്ക്ക് ബാഴ്സലോണ തന്നെ വഴിയൊരുക്കി. ഏഴാം മിനിറ്റിൽ ബാഴ്‌സ ഡിഫൻഡർ എറിക് ഗാർസിയയുടെ ഓൺഗോളിലൂടെയാണ് അത്‌ലറ്റികോ ലീഡ് നേടിയത്. എറിക് ഗാർസിയ നൽകിയ ബാക്ക് പാസ് നിയന്ത്രിക്കാൻ ബാഴ്സ ഗോൾകീപ്പർക്ക് കഴിയാതെ പന്ത് വലയിൽ കയറുകയായിരുന്നു.
തുടർന്ന് 14-ാം മിനിറ്റിൽ ഒൺടോയ്‌ൻ ഗ്രീസ്‌മാനിലൂടെ അത്‌ലറ്റിക്കോ ലീഡ് ഉയർത്തി. 33-ാം മിനിറ്റിൽ അഡമോള ലുക്മാനും ഗോൾ കണ്ടെത്തി. ജൂലിയൻ അൽവാരെസ് നൽകിയ പാസിൽ നിന്നായിരുന്നു ടീമിന്റെ മൂന്നാം ഗോൾ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അൽവാരസ് കൂടി ലക്ഷ്യം കണ്ടതോടെ അത്‌ലറ്റിക്കോയുടെ ലീഡ് 4-0 ആയി.
കൂടുതൽ ഗോളുകൾ നേടാനുള്ള അവസരങ്ങൾ അത്‌ലറ്റിക്കോയ്ക്കും ലഭിച്ചെങ്കിലും അവ ലക്ഷ്യത്തിലെത്തിക്കാനായില്ല. ബാഴ്സലോണയ്ക്ക് താളം കണ്ടെത്താൻ കഴിയാതിരുന്ന മത്സരത്തിൽ അത്‌ലറ്റിക്കോയുടെ ശക്തമായ പ്രതിരോധം തകർക്കാൻ ടീമിനായില്ല. മാർച്ച് മൂന്നിനാണ് രണ്ടാം പാദ മത്സരം.











0 comments