ആദ്യ ക്വാർട്ടർ അൽ ഹിലാലും ഫ്‌ളുമിനെൻസെയും , ബ്രസീൽ കരുത്തിൽ അൽ ഹിലാൽ
ക്ലബ് ഫുട്‌ബോൾ ലോകകപ്പ് ; ഏഷ്യ x ലാറ്റിനമേരിക്ക


Sports Desk
Published on Jul 04, 2025, 12:00 AM | 1 min read
ഒർലാൻഡോ
ക്ലബ് ഫുട്‌ബോൾ ലോകകപ്പിൽ ഇന്ന് ഏഷ്യൻ x ലാറ്റിനമേരിക്കൻ മുഖാമുഖം. ആദ്യ ക്വാർട്ടറിൽ സൗദി ക്ലബ് അൽ ഹിലാൽ ബ്രസീലിന്റെ ഫ്‌ളുമിനെൻസെയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് കളി.
ലോകകപ്പിൽ ഞെട്ടിക്കുന്ന പ്രകടനവുമായാണ് അൽ ഹിലാലിന്റെ മുന്നേറ്റം. പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്‌റ്റർ സിറ്റിയെ തോൽപ്പിച്ചതാണ് ശ്രദ്ധേയം. ഇംഗ്ലീഷുകാരെ വാശിയേറിയ പോരാട്ടത്തിൽ 4–-3ന് കീഴടക്കി.
ബ്രസീൽ കളിക്കാരാണ് അൽ ഹിലാലിന്റെ ശക്തി. സിറ്റിക്കെതിരെ വിജയഗോൾ ഉൾപ്പെടെ രണ്ടുതവണ ലക്ഷ്യംകണ്ട മുന്നേറ്റക്കാരൻ മാർകോസ് ലിയോനാർഡോയാണ് അതിൽ പ്രധാനി. ഈ ലോകകപ്പിൽ മൂന്ന് ഗോളാണ് ഇരുപത്തിരണ്ടുകാരന്റെ സമ്പാദ്യം. മറ്റൊരു ബ്രസീലിയൻ താരം മാൽകവും സൗദി ക്ലബ്ബിന്റെ കുതിപ്പിന് ഊർജംപകർന്നു.
ആദ്യ കളിയിൽ കരുത്തരായ റയൽ മാഡ്രിഡിനെ സമനിലയിൽ കുരുക്കി മുന്നേറിയ ഹിലാൽ സിറ്റിയെയും തോൽപ്പിച്ചതോടെ കിരീടപ്രതീക്ഷയിൽ സജീവമായി. പ്രതിരോധത്തിൽ റെനാൻ ലോധിയാണ് മറ്റൊരു ബ്രസീലുകാരൻ. യുവതാരം കായോ സെസാറും സംഘത്തിലുണ്ട്.
റൂബെൻ നെവെസ്, കാലിദു കുലിബാലി, ജോയോ കാൻസെലൊ തുടങ്ങിയ ലോകോത്തര താരങ്ങളും അൽ ഹിലാലിനെ കരുത്തുറ്റ സംഘമാക്കുന്നു. ഗോൾ കീപ്പർ യാസിനെ ബോനോയാണ് സൂപ്പർ താരം.
മറുവശത്ത്, ബ്രസീൽ ക്ലബ് ഫ്‌ളുമിനെൻസെയും തോൽവിയറിയാതെയാണ് മുന്നേറിയത്. പ്രീ ക്വാർട്ടറിൽ ചാമ്പ്യൻസ് ലീഗ് റണ്ണറപ്പായ ഇന്റർ മിലാനെ തോൽപ്പിച്ചു.
പ്രതിരോധക്കാരൻ തിയാഗോ സിൽവയാണ് ടീമിന്റെ കുന്തമുന. ഗോൾ കീപ്പർ ഫാബിയോയും ഇന്ററിനെതിരെ തിളങ്ങി.
മറ്റ് ക്വാർട്ടർ മത്സരങ്ങളിൽ നാളെ പൽമെയ്‌റാസ് ചെൽസിയെയും പിഎസ്‌ജി ബയേൺ മ്യൂണിക്കിനെയും റയൽ മാഡ്രിഡ് ബൊറൂസിയ ഡോർട്ട്‌മുണ്ടിനെയും നേരിടും.
0 comments