ad
Deshabhimani

print edition ചാമ്പ്യൻ പോര്‌ തുടങ്ങുന്നു

football
വെബ് ഡെസ്ക്

Published on Sep 08, 2026, 01:30 AM | 1 min read

റോം: യൂറോപ്യൻ ഫുട്‌ബോളിലെ പുതിയ ചാന്പ്യനെ കണ്ടെത്താനുള്ള പോരാട്ടങ്ങൾക്ക്‌ ഇന്ന്‌ തുടക്കം. റയൽ മാഡ്രിഡ്‌–ഇന്റർ മിലാൻ പോരാണ്‌ ചാന്പ്യൻസ്‌ ലീഗ്‌ ആദ്യ റ‍ൗണ്ടിലെ ഇന്നത്തെ ശ്രദ്ധേയ മത്സരം. മാഞ്ചസ്‌റ്റർ സിറ്റി പോർടോയെ നേരിടും. ആസ്‌റ്റൺ വില്ല–ക്ലബ്‌ ബ്രുജ്‌, ബൊറൂസിയ ഡോർട്ട്‌മുണ്ട്‌–വിയ്യാറയൽ, ലില്ലെ – റയൽ ബെറ്റിസ്‌ മത്സരങ്ങളും ഇന്നാണ്‌.


നിലവിലെ ജേതാക്കളായ പിഎസ്‌ജി, അഴ്‌സണൽ, ബാഴ്‌സലോണ, ലിവർപൂൾ, ബയേൺ മ്യൂണിക്‌, മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ ടീമുകളെല്ലാം ഇ‍ൗയാഴ്‌ച കളത്തിലിറങ്ങും. നേപ്പാൾ പ്രളയത്തിൽ ജീവൻ നഷ്ടമായവരുടെ ഓർമയ്‌ക്ക്‌ മുന്നിൽ ഒരു നിമിഷം ആദരവ്‌ അർപ്പിച്ചായിരിക്കും മത്സരങ്ങൾ തുടങ്ങുക. ‘ഒറ്റയ്‌ക്കല്ല, നേപ്പാൾ’ എന്ന ബാനറും ഉയരും.


ഹൊസെ മൊറീന്യോയ്‌ക്ക്‌ കീഴിൽ പുതിയ തുടക്കമാണ്‌ റയൽ തേടുന്നത്‌. 15 തവണ ജേതാക്കളായ റയൽ അവസാനമായി കപ്പുയർത്തിയത്‌ 2023–24 സീസണിലാണ്‌. കഴിഞ്ഞ തവണ ബയേണിനോട്‌ തോറ്റ്‌ സെമിയിൽ പുറത്തായി.


സ്വന്തം തട്ടകത്തിലാണ്‌ റയൽ ഇന്ററിനെ വരവേൽക്കുക. കിലിയൻ എംബാപ്പെ, വിനീഷ്യസ്‌ ജൂനിയർ, ജൂഡ്‌ ബെല്ലിങ്‌ഹാം‍ തുടങ്ങിയ ലോകോത്തര താരങ്ങൾ ഉൾപ്പെട്ട റയൽ നിര സ്‌പാനിഷ്‌ ലീഗിൽ കഴിഞ്ഞ ദിവസം റയൽ ബെറ്റിസിനോട്‌ ഒറ്റ ഗോളിന്‌ തോറ്റിരുന്നു. ഇന്റർ ഇറ്റാലിയൻ ലീഗിൽ മൂന്ന്‌ കളിയും ജയിച്ചു. അവസാന കളിയിൽ നാപോളിയെ 3–2നാണ്‌ കീഴടക്കിയത്‌. ല‍ൗതാരോ മാർട്ടിനെസിന്റെ ഗോളടി മികവിലാണ്‌ കുതിപ്പ്‌.


എൺസോ മറെസ്‌കയ്‌ക്ക്‌ കീഴിൽ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ തകർപ്പൻ തുടക്കം കുറിച്ച സിറ്റി പോർച്ചുഗൽ ക്ലബ്‌ പോർട്ടോയുടെ തട്ടകത്തിൽ തുടങ്ങും. എർലിങ്‌ ഹാലണ്ട്‌, റയാൻ ചെർക്കി, എൺസോ ഫെർണാണ്ടസ്‌ എന്നീ വന്പൻ താരങ്ങളുടെ മികവിലാണ്‌ സിറ്റി എത്തുന്നത്‌. പോർട്ടോയും സീസൺ ഗംഭീരമായാണ്‌ തുടങ്ങിയത്. പോർച്ചുഗൽ ലീഗിൽ തുടർച്ചയായ അഞ്ച്‌ കളിയും ജയിച്ചു. 11 ഗോളടിച്ചപ്പോൾ വഴങ്ങിയത്‌ ഒരെണ്ണം മാത്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home