ad
Deshabhimani

കെഎസ്‌ആർടിസി: സർവീസ് മുടക്കം പതിവ്, യാത്രക്കാർ പെരുവഴിയിൽ; സ്വകാര്യ ലോബികൾക്ക് നേട്ടമുണ്ടാക്കാൻ നീക്കം

ksrtc buses

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 08, 2026, 03:02 PM | 2 min read

തിരുവനന്തപുരം : ജനങ്ങൾക്ക് ആശ്രയമാകേണ്ട പൊതു​ഗതാ​ഗത സംവിധാനമായ കെഎസ്‌ആർടിസി യാത്രക്കാരെ വലയ്ക്കുന്നത് തുടരുന്നു. ദീർഘദൂര സർവീസുകളടക്കം മുടങ്ങുന്നതും റദ്ദാക്കുന്നതും തുടർക്കഥയായതോടെ യാത്രക്കാർ പെരുവഴിയിലാകുന്നു. സ്വകാര്യ ബസ്‌ ലോബികളെ സഹായിക്കാനാണ്‌ ശ്രമമെന്ന് യാത്രക്കാർ പറയുന്നു. അറിയിപ്പില്ലാതെയാണ് ദീർഘ ദൂര സർവീസുകളടക്കം റദ്ദാക്കുന്നത്. ബസ് സ്റ്റാൻഡിലെത്തിയ ശേഷം മാത്രമാണ് യാത്രക്കാർ വിവരമറിയുന്നത്. കൂടിയ തുക നൽകി ബുക്ക് ചെയ്ത പ്രീമിയം ബസുകൾക്കു പകരം സാധാരണ ബസുകളാണ് പലപ്പോഴും പകരം യാത്രയ്ക്ക് ഏർപ്പെടുത്തി നൽകുന്നത്. യാത്രക്കാർക്ക് നഷ്ടമാകുന്ന തുകയും തിരികെ ലഭിക്കുന്നില്ല.


കെഎസ്ആർടിസി ബസ് റദ്ദാക്കുന്ന റൂട്ടുകളിലെല്ലാം മിനിറ്റുകൾക്ക് മുമ്പും ശേഷവും അന്തർ സംസ്ഥാന സ്വകാര്യ ആഡംബര ബസുകൾ സർവീസ് നടത്തുന്നുണ്ട്. തലസ്ഥാനത്തെ തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽനിന്ന്‌ പുറപ്പെടേണ്ട ബസുകൾ ഞായറാഴ്‌ച മണിക്കൂറുകൾ വൈകിയാണ്‌ പുറപ്പെട്ടത്‌. മാസങ്ങൾക്കുമുമ്പ് ഓൺലൈൻ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തവർ കുടുങ്ങി. 74 ഷെഡ്യൂളുകളുടെ സ്ഥാനത്ത്‌ ഓപ്പറേറ്റ്‌ ചെയ്‌തത്‌ 65 എണ്ണംമാത്രം. പകൽ 12.15നുള്ള കൊല്ലൂർ മൂകാംബിക, വൈകിട്ട്‌ 6.35ന്റെ പുനലൂർ വഴി ഗുരുവായൂർ, രാത്രി എട്ടിനുള്ള മൈസൂർ, പകൽ 3.30നുള്ള നിലമ്പൂർ സൂപ്പർ ഫാസ്റ്റ്‌, രാത്രി 8.15നുള്ള ഉ‍ൗട്ടി സൂപ്പർ ഡീലക്‌സ്‌, രാത്രി 9.15നുള്ള പാലക്കാട്‌ സൂപ്പർ ഫാസ്റ്റ്‌, രാത്രി 9.15നുള്ള ഇടുക്കി നെടുങ്കണ്ടം സർവീസുകളാണ്‌ വൈകിപ്പിച്ചത്‌. മൈസൂരിലേക്കും പറശ്ശിനിക്കടവിലേക്കും ബുക്ക്‌ ചെയ്‌തവർ ഡിപ്പോയിലെത്തിയപ്പോൾ ബസില്ലെന്ന്‌ പറഞ്ഞതോടെ അധികൃതരുമായി വാക്കേറ്റമായി. രംഗം വഷളായപ്പോൾ മാത്രമാണ്‌ മണിക്കൂറുകൾ വൈകി സർവീസ്‌ നടത്താൻ തയ്യാറായത്‌.


ഡ്രൈവർമാരുടെ എണ്ണത്തിലും കുറവുണ്ട്‌. 117 സ്ഥിരം ഡ്രൈവർമാരും 120 ദിവസവേതനക്കാരുമാണുള്ളത്‌. ദിവസവേതനക്കാരുടെ ശമ്പളം മുടങ്ങിയതിനാൽ പലരും ജോലിക്കെത്താനും മടിക്കുന്നു. മുൻമന്ത്രികൂടിയായ കോൺഗ്രസ്‌ നേതാവ്‌ ഇടപെട്ടതിനാൽ തമ്പാനൂരിൽനിന്ന്‌ പുറപ്പെട്ടിരുന്ന പുനലൂർ വഴിയുള്ള മൂകാംബിക സർവീസ്‌ നെയ്യാറ്റിൻകരയിലേക്ക്‌ മാറ്റി. പകൽ 2.15ന്‌ ബസ്‌ പുറപ്പെടുന്നതിന്‌ 15 മിനിറ്റ്‌ മുമ്പേ ഇതേ റൂട്ടിൽ അന്തർ സംസ്ഥാന സ്വകാര്യ ആഡംബര ബസ്‌ സർവീസ്‌ നടത്തുന്നു. മറ്റ്‌ ദീർഘദൂര സർവീസുകൾക്കുമുമ്പെല്ലാം ഇത്തരത്തിൽ സ്വകാര്യ ബസുകളുണ്ട്‌.


ഡിപ്പോ അധികൃതരോട്‌ പരാതിപ്പെട്ടിട്ടും ഷെഡ്യൂൾ സമയം മാറ്റാൻ തയ്യാറാകുന്നില്ലെന്നാണ്‌ ആക്ഷേപം. സർവീസുകൾ നിയന്ത്രിക്കുന്നവർ ഗതാഗതമന്ത്രിയുടെ പാർടിയിൽ അടുത്തിടെ ചേർന്നിട്ടുണ്ടെന്നും മന്ത്രിയുടെ അടുത്തയാളുകളായെന്നും ജീവനക്കാർ ആരോപിക്കുന്നു. യാത്രക്കാരെ ബുദ്ധിമുട്ടിപ്പിച്ച്‌ സർവീസുകളുടെ താളം തെറ്റിക്കുന്നത്‌ ഇവരാണെന്നാണ്‌ ആക്ഷേപം. ദീർഘദൂര സർവീസായ സ്‌കാനിയ എസി ബസിനെ വിശ്വസിച്ചവർക്കാണ്‌ ഞായറാഴ്‌ച ദുർഗതിയുണ്ടായത്‌. മണിക്കൂർ വൈകി സാദാ എസി ബസിലാണ്‌ ഇവർക്ക്‌ യാത്ര തുടരേണ്ടി വന്നത്‌. ഉയർന്ന ടിക്കറ്റ്‌ നിരക്ക്‌ ചാർജ്‌ ചെയ്‌തവർക്ക്‌ മൂന്നു ദിവസത്തിനുശേഷം തുക റീഫണ്ട്‌ ചെയ്യുമെന്ന്‌ കെഎസ്‌ആർടിസി അധികൃതർ പറയുന്നു. എന്നാൽ തുക ലഭ്യമാകുമോയെന്ന് സംശയമാണെന്നും യാത്രക്കാർ പറയുന്നു.


ദീർഘദൂരയാത്രയ്ക്ക്‌ മുൻകൂട്ടി ബുക്ക്‌ ചെയ്‌തവർക്ക്‌ യാത്രാസ‍ൗകര്യം ഒരുക്കണമെന്ന് അറിയാമായിരുന്നിട്ടും സ്വകാര്യ ബസ് ലോബികളെ സഹായിക്കാനായി ശ്രമിക്കുകയാണ് അധികൃതരെന്നും യാത്രക്കാർ പറയുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home