print edition "ഇൗ ഫലം റദ്ദാക്കൂ' ട്രംപിന് മറുപടി

ന്യൂയോർക്ക്: ഡോണൾഡ് ട്രംപിന്റെ അധികാരക്കളി മൈതാനത്തെയും വിവാദക്കളമാക്കി. കളിനിയമങ്ങൾക്കപ്പുറത്ത് ഫിഫ തലവൻ ജിയാനി ഇൻഫാന്റിനോ നടപ്പാക്കിയത് ട്രംപിന്റെ തീരുമാനങ്ങളാണ്. അമേരിക്കൻ ടീമിലെ ഫൊളാരിൻ ബലോഗന്റെ ചുവപ്പുകാർഡ് റദ്ദാക്കിയ നടപടി അങ്ങേയറ്റം അപലപനീയമായി. നിയമപുസ്‌തകങ്ങളെ നോക്കുകുത്തിയാക്കിയാണ് ലോകകപ്പ് മുന്നോട്ടുപോകുന്നത്. തുടക്കത്തിൽതന്നെ അമേരിക്കൻ പ്രസിഡന്റിന്റെ നീക്കങ്ങൾ സമത്വമെന്ന ഫ-ുട്‌ബോളിന്റെ ആശയത്തെ തകർത്തു.
യുദ്ധപശ്‌ചാത്തലത്തിലെത്തിയ ഇറാൻ ടീമിന് ദുരിത പൂർണമായ അനുഭവങ്ങളായിരുന്നു അമേരിക്കയിൽ. പല രാജ്യങ്ങളിലെയും കളിക്കാരും കോച്ചുമാരും റഫറിമാരും ഉൾപ്പെടെ അപമാനിക്കപ്പെട്ടു. ലോകകപ്പിന്റെ വിശ്വാസ്യതയ്‌ക്ക് കോട്ടം തട്ടി.
ബോസ്‌നിയ ആൻഡ് ഹെർസെഗൊവിനയുമായുള്ള കളിയിലാണ് ബലോഗന് ചുവപ്പുകാർഡ് കിട്ടിയത്. പിന്നാലെ ചുവപ്പുകാർഡ് ശിക്ഷ ഫിഫ റദ്ദാക്കി. കാർഡ് ഒഴിവാക്കാൻ ഫിഫ തലവൻ ഇൻഫാന്റിനോയെ ട്രംപ് നേരിട്ട് വിളിച്ചുവെന്നത് ഞെട്ടലോടെയാണ് ലോകം കേട്ടത്. ആ ഇടപെടലിൽ കാർഡ് ഒഴിവായി. ബൽജിയത്തിന്റെ അപ്പീൽ തള്ളി. യുവേഫയുടെ പ്രതിഷേധം അവഗണിച്ചു. ഒടുവിൽ അമേരിക്കയെ തോൽപ്പിച്ചശേഷം ‘ഇൗ ഫലം റദ്ദാക്കൂ’ എന്ന് പരിഹാസരൂപേണ ബൽജിയം -ഫുട്‌ബോൾ അസോസിയേഷൻ സമൂഹ മാധ്യമത്തിൽകുറിച്ച പോസ്‌റ്റ് ട്രംപിനെ നേരിട്ട് ലക്ഷ്യംവച്ചുള്ളതായിരുന്നു.
രാഷ്‌ട്രീയ വിരോധം മൂലം ഇറാൻ ടീമിന് അമേരിക്കയിൽ താമസവും പരിശീലന സൗകര്യവും നിഷേധിച്ചതായിരുന്നു ഇൗ പരന്പരയിലെ ആദ്യ സംഭവം. ആഫ്രിക്കയിലെ കഴിഞ്ഞ വർഷത്തെ മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ട സൊമാലിയക്കാരൻ ഒമർ അബ്‌ദുൾകാദിർ അർടാനെയ്‌ക്ക് വിസ നിഷേധിച്ചു. സ്വിറ്റ്‌സർലൻഡ് മുന്നേറ്റക്കാരൻ ബ്രീൽ എംബോളോയ്‌ക്ക് സുരക്ഷാപരിശോധന നീണ്ടത് കാരണം ആദ്യദിനം ടീമിനൊപ്പം ചേരാനായിരുന്നില്ല. ഇറാഖ് താരം അയ്‌മെൻ ഹുസൈനെ ഏഴ് മണിക്കൂർ വിമാനത്താവളത്തിൽ ചോദ്യം ചെയ്‌തു. ആഫ്രിക്കയിലെ അറബ് രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്കും പത്രപ്രവർത്തകർക്കും അമേരിക്ക വിസ നിഷേധിച്ചപ്പോഴും ഫിഫ മൗനം തുടർന്നു. ‘ശരിയായ വ്യക്തികളാണ് അമേരിക്കയിൽ പ്രവേശിക്കുന്നതെന്ന് ഭരണകൂടം ഉറപ്പുവരുത്തും’ എന്നായിരുന്നു ട്രംപിന്റെ ന്യായീകരണം.










0 comments