യുഎസിൽ യാത്രാവിലക്കും രാഷ്ട്രീയ വിവാദങ്ങളും; സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും സന്ദേശവുമായി ലോകകപ്പിനെ വരവേൽക്കാൻ കാനഡ

ഫിഫ ലോകകപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുന്ന ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിലുള്ള ബിസി പ്ലേസ് സ്റ്റേഡിയം.2026 മേയ് 4 ലെ ചിത്രം| Photo Credit: AP
വാൻകൂവർ: വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് വടക്കേ അമേരിക്കൻ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുമ്പോൾ, കായികമാമാങ്കത്തെ നോക്കിക്കാണുന്നതിൽ യുഎസ്എയും കാനഡയും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്സിൽ യാത്രാ വിലക്കുകൾ, കുടിയേറ്റ നയങ്ങൾ, ഇറാനുമായുള്ള രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ ടൂർണമെന്റിന്റെ അന്തരീക്ഷത്തിന് മേൽ കരിനിഴൽ വീഴ്ത്തുമ്പോൾ, സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും സന്ദേശമുയർത്തി ലോകത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് അയൽരാജ്യമായ കാനഡ.
ഫുട്ബോൾ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അത് നിങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് ചോദിക്കാറില്ലെന്നും കാനഡ സോക്കർ പ്രസിഡന്റ് പീറ്റർ ഔഗ്രൂസോ വാൻകൂവറിൽ നടന്ന ഫിഫ കോൺഗ്രസിൽ വ്യക്തമാക്കി.
ലോകകപ്പ് ആതിഥേയത്വത്തിനായി കനേഡിയൻ സർക്കാരിന് ഏകദേശം 1 ബില്യൺ ഡോളർ ചെലവ് വരുമെന്ന ഔദ്യോഗിക റിപ്പോർട്ടുകൾ സാമ്പത്തിക ആശങ്കകൾ ഉയർത്തുന്നുണ്ടെങ്കിലും, ആഗോള വേദിയിൽ യുഎസ്എയിൽ നിന്ന് വ്യത്യസ്തമായ ഒരു മാതൃക ഉയർത്തിക്കാട്ടാനുള്ള അവസരമായാണ് രാജ്യം ഇതിനെ കാണുന്നത്.
ഇറാൻ ടീമിന്റെ പങ്കാളിത്തവും ട്രംപ് ഭരണകൂടത്തിന്റെ കർശനമായ യാത്രാ വിലക്കുകളും അമേരിക്കയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇറാൻ, ഹെയ്തി, ഐവറി കോസ്റ്റ്, സെനഗൽ തുടങ്ങിയ ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളിലെ സന്ദർശകർക്ക് യുഎസ്എ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കായികപ്രേമികൾക്കിടയിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്.
യുഎസ്എയിലെ ഈ കലുഷിതമായ രാഷ്ട്രീയ സാഹചര്യം കാരണം ഇറാൻ ടീം തങ്ങളുടെ പരിശീലന ക്യാമ്പ് അരിസോണയിൽ നിന്നും മറ്റൊരു സഹ-ആതിഥേയരായ മെക്സിക്കോയിലെ ടിജുവാനയിലേക്ക് അടുത്തിടെ മാറ്റിയിരുന്നു.
കാനഡയിലെ പ്രമുഖ നഗരങ്ങളായ ടൊറന്റോയും വാൻകൂവറും ചേർന്ന് ആകെ 13 ലോകകപ്പ് മത്സരങ്ങൾക്കാണ് വേദിയാകുന്നത്. ജൂൺ 12-ന് ടൊറന്റോയിൽ നടക്കുന്ന വിപുലമായ ഉദ്ഘാടന ചടങ്ങുകളോടെയാണ് കാനഡയിലെ മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകുന്നത്.
പ്രശസ്ത പോപ്പ് താരങ്ങളായ അലാനിസ് മോറിസെറ്റ്, മൈക്കൽ ബൂബ്ലെ എന്നിവർ ഈ ഉദ്ഘാടന ചടങ്ങിൽ മാറ്റുകൂട്ടും. ബോസ്നിയ ആൻഡ് ഹെർസഗോവിനയ്ക്കെതിരെയാണ് കാനഡയുടെ ആദ്യ മത്സരം.
1986-ലും 2022-ലും ലോകകപ്പ് കളിച്ചിട്ടുണ്ടെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാൻ കാനഡയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ഇത്തവണ ഗ്രൂപ്പ് ബിയിലെ എല്ലാ മത്സരങ്ങളും സ്വന്തം മണ്ണിലാണ് രാജ്യം കളിക്കുന്നത്. ജൂൺ 18-ന് ഖത്തറിനെതിരെയും ജൂൺ 24-ന് സ്വിറ്റ്സർലൻഡിനെതിരെയുമാണ് വാൻകൂവറിലെ കാനഡയുടെ മറ്റ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
2010-ലെ വിന്റർ ഒളിംപിക്സ് ഹോക്കിയിൽ യുഎസ്എയെ തോൽപ്പിച്ച് രാജ്യം സ്വർണ്ണം നേടിയപ്പോഴുള്ള അതേ ആവേശം ഇത്തവണ വാൻകൂവറിലെ തെരുവുകളിൽ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.
1994-ൽ അമേരിക്കയിൽ ലോകകപ്പ് നടന്നത് അവിടുത്തെ മേജർ ലീഗ് സോക്കറിന്റെ വളർച്ചയ്ക്ക് കാരണമായതുപോലെ, വരാനിരിക്കുന്ന ലോകകപ്പ് കാനഡയിലെ ഫുട്ബോൾ വിപ്ലവത്തിന് വഴിവെക്കുമെന്ന് കനേഡിയൻ പരിശീലകൻ ജെസ്സി മാർഷ് പ്രത്യാശ പ്രകടിപ്പിച്ചു.
നിലവിൽ കാനഡയിലെ കുട്ടികൾക്കിടയിൽ ഏറ്റവും ജനപ്രിയമായ കായികവിനോദമാണ് ഫുട്ബോൾ. സ്വന്തം നാട്ടുകാർക്ക് മുന്നിൽ ടീം കാഴ്ചവെക്കുന്ന കളി മികവാകും ഈ ലോകകപ്പിന്റെ യഥാർത്ഥ വിജയത്തെ നിർണ്ണയിക്കുകയെന്നും മാർഷ് കൂട്ടിച്ചേർത്തു.










0 comments