print edition സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ: തൃശൂർ പുറത്ത്

കോഴിക്കോട് കോർപറേഷൻ സ്--റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തൃശൂർ മാജിക്കിനെതിരെ കാലിക്കറ്റ് എഫ്സിക്കായി ഗോളുകൾ നേടിയ ലിയോ ഡേവിഡും (ഇടത്ത്) ആൻഡ്രൂസും ആഘോഷത്തിൽ /ഫോട്ടോ: മിഥുൻ അനില മിത്രൻ
ജിതിൻ ബാബു
Published on Nov 23, 2026, 01:30 AM | 1 min read
കോഴിക്കോട്: സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ വിജയക്കുതിപ്പ് തുടർന്ന് കാലിക്കറ്റ് എഫ്‌സി. ലീഗ് ഘട്ടത്തിലെ അവസാന ഹോം മത്സരത്തിൽ തൃശൂർ മാജിക് എഫ്‌സിയെ മൂന്ന്ഗോളിന് തോൽപ്പിച്ചു. മാക്‌സിമിലാനോ ഉറുറ്റി, ലിയോ ഡേവിഡ്, ആൻഡ്രൂസ് എന്നിവർ ഗോളടിച്ചു. നിലവിലെ റണ്ണറപ്പായ തൃശൂർ ലീഗിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി.
നിലനിൽപ്പിന് വിജയം അനിവാര്യമായിരുന്ന തൃശൂർ കരുതലോടെയാണ് തുടങ്ങിയത്. എന്നാൽ കാലിക്കറ്റിന്റെ തുടർച്ചയായ ആക്രമണത്തിൽ പതറി. പതിനഞ്ചാം മിനിറ്റിൽ മാക്‌സിമിലാനോ ലക്ഷ്യം കണ്ടു. പ്രതിരോധക്കാരെ വെട്ടിച്ച് ബോക്‌സിനുള്ളിലേക്ക് കുതിച്ചെത്തിയ അർജന്റീനക്കാരന്റെ ഇടംകാൽഷോട്ട് ഗോളിയെ വെട്ടിച്ച് വലയിലേക്ക് കയറി. തൃശൂർ മറുപടിക്കായി ശ്രമിച്ചെങ്കിലും ലക്ഷ്യം അകന്നു.
രണ്ടാം പകുതിയിൽ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടിയാണ് കാലിക്കറ്റ് കളത്തിലിറങ്ങിയത്. 53–ാം മിനിറ്റിൽ ലിയോ ഡേവിഡ് ലീഡ് രണ്ടാക്കി. ഇടതുവിങ്ങിൽ നിന്ന് ആൻഡ്രൂസ് ബോക്‌സിലേക്ക് ഉയർത്തി നൽകിയ പാസ് പിടിച്ചെടുത്ത മാക്‌സിമിലാനോ പന്ത് ലിയോയ്‌ക്ക് നൽകി. ലിയോയുടെ ഷോട്ട് ഗോളിക്ക് ഒരു അവസരവും നൽകാതെ വലയിലേക്ക്. 79–ാം മിനിറ്റിൽ ആൻഡ്രൂസിന്റെ വകയായിരുന്നു മൂന്നാം ഗോൾ. മുഹമ്മദ് റിയാസ് നൽകിയ ക്രോസ് ആൻഡ്രൂസ് ഗോളിലേക്ക് തിരിച്ചുവിട്ടു.








0 comments