print edition ഇനി അങ്കം ഡൽഹിയിൽ: വിശാല ഗ്രൂപ്പും


റഷീദ് ആനപ്പുറം
Published on Nov 23, 2026, 01:39 AM | 1 min read
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ഏകാധിപത്യം ചെറുക്കാൻ കോൺഗ്രസിൽ അസംതൃപ്‌തരുടെ ‘വിശാല ഗ്രൂപ്പ്’ വരുന്നു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രൂപപ്പെട്ട വിശാല ഐ ഗ്രൂപ്പിന് സമാനമാണിത്. അന്ന് വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമായ മന്ത്രി എ പി അനിൽകുമാറും പുതിയ ഗ്രൂപ്പിലുണ്ട്. ഹൈക്കമാൻഡിൽ സതീശനെതിരെ സമ്മർദം ചെലുത്താൻ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഇതിന്റെ ഭാഗമായാണ് എംപിമാരായ ഷാഫി പറന്പിലും ബെന്നി ബഹ്‌നാനും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് പരാതി നൽകിയത്. സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റേതടക്കമുള്ള പരാതികൾ ഹൈക്കമാൻഡിന് കിട്ടിയിട്ടുണ്ട്. ഇതോടെ ഗ്രൂപ്പ് യുദ്ധം ഡൽഹിയിൽ കേന്ദ്രീകരിക്കും.
സതീശനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് എതിർപ്പ്. മന്ത്രിസഭാ യോഗത്തിലടക്കം അത് പ്രതിഫലിച്ചു. ബോർഡ്, കോർപറേഷൻ വിഭജനം പൂർത്തിയാകുംമുന്പേ സതീശനെ തളയ്‌ക്കുകയാണ് ലക്ഷ്യം. കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, എം എം ഹസ്സൻ, വി എം സുധീരൻ തുടങ്ങിയവരുടെ ആശിസ്സുകളോടെയാണിത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ ഭൂമാഫിയയുടെ ആളായി വിശേഷിപ്പിച്ച സതീശനെതിരെ എ ഗ്രൂപ്പിന്റെ പകരംവീട്ടൽ കൂടിയാണ് പുതിയ ഐക്യം.
അതിനിടെ, സണ്ണി ജോസഫ്, എ പി അനിൽകുമാർ, എം ലിജു എന്നീ മന്ത്രിമാർക്കും യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനുമെതിരെ സതീശനും കൂട്ടരും അടുത്തദിവസം ഹൈക്കമാൻഡിന് പരാതി നൽകും. വേണുഗോപാലിനെയും ലക്ഷ്യംവയ്‌ക്കുന്നുണ്ട്. അനിൽകുമാറിനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് സതീശന്റെ അനുയായികൾ അഴിച്ചുവിടുന്നത്. ഇതിൽ കോൺഗ്രസിലെ പല നേതാക്കളും രോഷാകുലരാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അനിൽകുമാറിന്റെ പേര് വലിച്ചിഴച്ചത് മന്ത്രിസ്ഥാനത്തുനിന്ന് തെറിപ്പിക്കാനായിരുന്നുവെന്നും സംശയിക്കുന്നവർ നേതൃത്വത്തിലുണ്ട്. സുപ്രധാനമായ റവന്യൂ വകുപ്പ് സ്വന്തക്കാരന് നൽകാനുള്ള മുഖ്യമന്ത്രിയുടെ ഗൂഢനീക്കമായിരുന്നു ഇതെന്നാണ് സംശയം.
മുഖ്യമന്ത്രി കൂടിയാലോചിക്കണം: സണ്ണി ജോസഫ്
ഇരിട്ടി: മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും നേതാക്കളുമായി ആലോചിക്കണമെന്നാണ് അഭിപ്രായമെന്ന് കെപിസിസി പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫ്. മന്ത്രിസഭയിലെ തർക്കവിഷയങ്ങൾ സംസാരിക്കാൻ ഡൽഹിയിൽ കേന്ദ്ര നേതൃത്വത്തെ കാണും. ഇക്കാര്യത്തിൽ ഇടപെടണമോ എന്ന് തീരുമാനിക്കേണ്ടത് എഐസിസിയാണ് –അദ്ദേഹം പറഞ്ഞു.







0 comments