print edition തെലങ്കാന കോൺഗ്രസിലും കലാപം; വിമതർ പേപ്പട്ടികളെന്ന് രേവന്ത്

ഹൈദരാബാദ്: തെലങ്കാനയിൽ മുഖ്യമന്ത്രിക്കെതിരെ ഹൈക്കമാൻഡിന് പരാതി നൽകിയവർ പേപ്പട്ടികളെന്ന് രേവന്ത് റെഡ്ഡി. രേവന്തിന്റെ നേതൃത്വത്തിൽ വൻ അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുതിർന്ന കോൺഗ്രസ് നേതാക്കളും എംഎൽഎമാരും കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ പരിഹാസത്തോടെ കലഹം മുറുകി. ആഭ്യന്തര ഭിന്നത പരിഹരിക്കാൻ എഐസിസി നിരീക്ഷകൻ ബി എം സന്ദീപ് കുമാറിനെ ഹൈക്കമാൻഡ് ചുമതലപ്പെടുത്തി.
സ്വന്തം പാർട്ടിയിലെ ചില നേതാക്കൾക്ക് "പേപ്പട്ടി കടിയേറ്റ' അവസ്ഥയാണെന്നും അവരെ മാനസികാരോഗ്യ കേന്ദ്രത്തിലയക്കണമെന്നുമാണ് മുഖ്യമന്ത്രി ആക്ഷേപിച്ചത്. മുതിർന്ന നേതാക്കളും നിയമസഭാംഗങ്ങളുമായ രാജ്ഗോപാൽ റെഡ്ഡി, ജെ അനിരുദ്ധ് റെഡ്ഡി എന്നിവരും മുൻമന്ത്രി കൊണ്ട സുരേഖയുടെ മകൾ കൊണ്ട സുസ്‌മിത തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ചത്. മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് തെലങ്കാനയുടെ വിലപ്പെട്ട വിഭവങ്ങൾ, കരാറുകാർക്കും കള്ളന്മാർക്കും തീറെഴുതരുതെന്ന് രാജ്ഗോപാൽ റെഡ്ഡി പ്രതികരിച്ചു. കരാറുകളെല്ലാം ചില പ്രത്യേകകേന്ദ്രങ്ങളിലേക്കാണ് പോകുന്നതെന്നും അനിരുദ്ധ് റെഡ്ഡി തുറന്നടിച്ചു.
ഭൂമി ഇടപാടുകളിൽ മുഖ്യമന്ത്രിക്കും സഹോദരങ്ങൾക്കും പങ്കുണ്ടെന്ന് കൊണ്ട സുസ്‌മിത കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സുസ്‌മിതയുടെ അമ്മ സുരേഖയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കിയാണ് മുഖ്യമന്ത്രി പക തീർത്തത്.








0 comments