Deshabhimani

print edition ഇഡി വ്യാജരേഖ: യുഡിഎഫ് നേതാവിന് വിവരം കൈമാറിയ സിഐക്ക്‌ സസ്‌പെൻഷൻ

kerala police
വെബ് ഡെസ്ക്

Published on Nov 23, 2026, 01:50 AM | 1 min read

കൊച്ചി: ഇഡിയുടെ പേരിൽ വ്യാജരേഖയുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ പിടിയിലായ യുഡിഎഫ്‌ ഘടകകക്ഷി നേതാവ്‌ രാജേന്ദ്രൻ വെള്ളപ്പാലത്തിന്‌ അന്വേഷണവിവരങ്ങൾ കൈമാറിയ എസ്‌എച്ച്‌ഒയെ സസ്‌പെൻഡ്‌ ചെയ്‌തു. പാലാരിവട്ടം സിഐ മഞ്‌ജിത്ത്‌ ലാലിനെയാണ്‌ സിറ്റി പൊലീസ്‌ കമീഷണർ ആർ നിശാന്തിനി സസ്‌പെൻഡ്‌ ചെയ്‌തത്‌. ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് രാജേന്ദ്രനെ സഹായിച്ചതിനും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയതിനുമാണ്‌ സസ്‌പെൻഷൻ. റൂറൽ എസ്‌പി കെ എസ്‌ സുദർശന്റെ സ്‌പെഷ്യൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. കേസന്വേഷിക്കുന്ന എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച്‌ മഞ്‌ജിത്ത്‌ ലാലിന്റെ ഫോൺ പിടിച്ചെടുത്തിരുന്നു. ക്രമവിരുദ്ധവും ഔദ്യോഗികപദവിക്ക് നിരക്കാത്തതുമായ പ്രവർത്തനങ്ങളും ഗുരുതര അച്ചടക്കലംഘനവും ഉണ്ടായതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ്‌ നടപടിയെന്ന്‌ സസ്‌പെഷൻ ഉത്തരവിൽ പറയുന്നു.


രാജേന്ദ്രൻ വെള്ളപ്പാലത്തുമായി മഞ്ജിത്ത് ലാൽ അനധികൃതബന്ധം സ്ഥാപിച്ചിരുന്നു. ഇഡിയുടെ പേരിൽ വ്യാജകത്ത്‌ അയച്ച്‌ കന്പനിയിൽനിന്ന്‌ വിവരങ്ങൾ ശേഖരിച്ച്‌ പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നുകാട്ടി തൃശൂരിലുള്ള ഇന്ത്യൻ കോ-–ഓപ്പറേറ്റീവ്‌ ക്രെഡിറ്റ്‌ സൊസൈറ്റി ലിമിറ്റഡ്‌ സിഇഒ രാജേന്ദ്രനെതിരെ പരാതി നൽകിയിരുന്നു. പരാതിയിൽ നവംബർ രണ്ടിന്‌ അങ്കമാലി പൊലീസ്‌ എഫ്‌ഐആറും രജിസ്‌റ്റർ ചെയ്‌തു. കേസ്‌ ജില്ലാ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്നതിനിടെയാണ്‌ രാജേന്ദ്രൻ വെള്ളപ്പാലത്ത്‌ സൊസൈറ്റി ചെയർമാനെ ഇഡി നോട്ടീസ്‌ സെറ്റിൽമെന്റിനായി വിളിച്ചത്‌. തുടർന്ന്‌ രാജേന്ദ്രനെ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.


രാജേന്ദ്രൻ ആവശ്യപ്പെട്ടതുപ്രകാരം അങ്കമാലിയിൽ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ അന്വേഷണ വിവരങ്ങളും ഇന്ത്യൻ കോ-–ഓപ്പറേറ്റീവ്‌ ക്രെഡിറ്റ്‌ സൊസൈറ്റിയെക്കുറിച്ചും സ്ഥാപനത്തിലെ പ്രധാന ഉദ്യോഗസ്ഥരെക്കുറിച്ചുമുള്ള വിവരങ്ങളും മഞ്‌ജിത്ത്‌ ലാൽ വാട്‌സാപ്പിൽ കൈമാറി. തുടർന്ന്‌ 12ന്‌ രാജേന്ദ്രൻ അറസ്‌റ്റിലായത്‌ അറിഞ്ഞപ്പോൾ തന്റെ ഫോണിൽനിന്ന്‌ ഇ‍ൗ വാട്സാപ്‌ ചാറ്റുകൾ മഞ്‌ജിത്ത്‌ ലാൽ ഡിലീറ്റ്‌ ചെയ്തതായി കണ്ടെത്തിയെന്നും ഉത്തരവിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home