ad
Deshabhimani

print edition കാത്തുവച്ച കൗമാര ബൂട്ടുകൾ

Spain.jpg

പ‍ൗ കുബാർസി

വെബ് ഡെസ്ക്

Published on Jul 20, 2026, 12:20 AM | 2 min read

ന്യൂയോർക്ക്‌: വമ്പൻമാർക്ക് കാലിടറുകയും അപ്രതീക്ഷിത കുതിപ്പുകൾക്ക്‌ വേദിയാകുകയും ചെയ്‌ത ലോകകപ്പിൽ വിസ്‌മയം തീർത്ത യുവതാരങ്ങൾ ഒരുപിടിയുണ്ട്‌. ഇതിഹാസതാരങ്ങൾ പടിയിറങ്ങുമ്പോൾ ഭാവിയെക്കുറിച്ച്‌ ആശങ്ക വേണ്ട. പ്രായത്തെ വെല്ലുന്ന കളിമികവുമായി കളം നിറഞ്ഞവരുണ്ട്‌. അവരുടെ ബൂട്ടുകളിൽ പ്രതീക്ഷയർപ്പിക്കാം. യൂറോപ്പിലെ വന്പൻ ക്ലബ്ബുകൾ ഇ‍ൗ ക‍ൗമാരക്കാർക്ക്‌ പിന്നാലെയുണ്ട്‌.


​അയൂബ്‌ ബുവാദി 
(മൊറോക്കോ, മധ്യനിരതാരം)

വയസ്‌: 18

ക്ലബ്ബ്‌: ലില്ലെ

ഫ്രാൻസിന്റെ യൂത്ത്‌ ടീമിൽ കളിച്ച അയൂബ്‌ ബുവാദി പിന്നീടാണ്‌ മൊറോക്കോയിലേക്ക്‌ ചേക്കേറിയത്‌. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ബ്രസീലിനെതിരെ മധ്യനിരക്കാരൻ വരവറിയിച്ചു. കൃത്യതയുള്ള പാസുകളാണ്‌ സവിശേഷത. എതിരാളികളിൽ നിന്ന്‌ പന്ത്‌ പിടിച്ചെടുക്കാനും അവരുടെ മുന്നേറ്റം തടയാനും പ്രത്യേക മികവുണ്ട്‌. 16 വയസ്സുമുതൽ ഫ്രഞ്ച്‌ ക്ലബ്ബ്‌ ലില്ലെയുടെ താരം. യൂറോപ്പിലെ മുൻനിര ക്ലബ്ബുകൾ ബുവാദിയെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്‌.

​പ‍ൗ കുബാർസി 
(സ്‌പെയ്‌ൻ, പ്രതിരോധതാരം)

​വയസ്‌: 19

ക്ലബ്ബ്‌: ബാഴ്‌സലോണ

സ്‌പെയ്‌നിന്റെ വിശ്വസ്‌തനായ കാവൽക്കാരൻ. സെമിയിൽ കരുത്തുറ്റ ഫ്രാൻസ്‌ മുന്നേറ്റനിരയെ പത്തൊന്പതുകാരന്റെ നേതൃത്വത്തിലാണ്‌ തടഞ്ഞത്‌. ബാഴ്‌സലോണയെ സ്‌പാനിഷ്‌ ലീഗ്‌ ചാന്പ്യൻമാരാക്കുന്നതിൽ നിർണായക പങ്ക്‌ വഹിച്ചു. ലോകകപ്പിൽ സ്‌പെയ്‌ൻ ആകെ വഴങ്ങിയത്‌ ഒരു ഗോളാണെന്നത്‌ കുബാർസിയുടെ മികവ്‌ അടിവരയിടുന്നു.


​യാൻ ദിയോമെൻഡേ 
(ഐവറി കോസ്റ്റ്‌, മുന്നേറ്റതാരം)

വയസ്‌: 19

ക്ലബ്ബ്‌: ആർ ബി ലെയ്‌പ്‌സിഗ്‌

ജർമൻ ക്ലബ്ബ്‌ ആർ ബി ലെയ്‌പ്‌സിഗ്‌ താരമായ പത്തൊന്പതുകാരൻ ചാന്പ്യൻസ്‌ ലീഗ്‌ ജേതാക്കളായ പിഎസ്‌ജിയിലേക്ക്‌ കൂടുമാറാനിരിക്കുകയാണ്‌. ലോകകപ്പിൽ ഗോൾ നേടാനായില്ലെങ്കിലും താരത്തിന്റെ ഡ്രിബ്ലിങ്‌ മികവ് പലതവണ പ്രകടമാവുകയും അത് സഹതാരങ്ങൾക്ക് അവസരങ്ങൾ തുറന്നുകൊടുക്കുകയും ചെയ്തു. ഒരു ഗോളിന്‌ വഴിയൊരുക്കി.


​​ദിസിരെ ദുവെ 
(ഫ്രാൻസ്‌, മുന്നേറ്റതാരം)

വയസ്‌: 21

ക്ലബ്ബ്‌: പിഎസ്‌ജി

​ഫ്രാൻസിന്റെ 2024 ഒളിന്പിക്‌ ടീമിൽ നിന്ന്‌ ലോകകപ്പ്‌ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട താരം. ക്ലബ്ബ്‌ ലോകകപ്പിലും ചാന്പ്യൻസ്‌ ലീഗിലും മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച്‌ ലീഗിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം രണ്ട്‌ തവണ നേടി. ലോകകപ്പിൽ നോർവെയ്‌ക്കെതിരെ ഗോൾ നേടി. മൊറോക്കോയ്‌ക്കെതിരായ ക്വാർട്ടറിൽ ഗോളവസരവും ഒരുക്കി.


​യൊഹാൻ മൻസാംബി 
(സ്വിറ്റ്‌സർലൻഡ്‌, മധ്യനിര താരം)

വയസ്‌: 21

ക്ലബ്ബ്‌: ഫ്രെയ്‌ബർഗ്‌

മൻസാംബിയുടെ കളിമികവ്‌ സ്വിറ്റ്‌സർലൻഡിന്റെ മുന്നേറ്റത്തിൽ നിർണായകമായി. ലോകകപ്പിൽ മൂന്ന്‌ ഗോളും രണ്ട്‌ ഗോളവസരവും ഒരുക്കി. പരിക്കേറ്റതിനാൽ കൊളംബിയക്കെതിരായ പ്രീ ക്വാർട്ടറിലും അർജന്റീനയ്‌ക്കെതിരെ ക്വാർട്ടറിലും ഇറങ്ങിയില്ല. ഇത്‌ യൂറോപ്യൻ ടീമിന്‌ തിരിച്ചടിയായി. ഇ‍ംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ക്ലബ്ബ്‌ ന്യൂകാസിൽ യുണൈറ്റഡിലേക്ക്‌ ചേക്കേറാനൊരുങ്ങുകയാണ്‌.


​ഗിൽബർട്ടോ മോറ 
(മെക്‌സിക്കോ, മധ്യനിരക്കാരൻ)

​വയസ്‌: 17

ക്ലബ്ബ്‌: ക്ലബ്ബ്‌ ടിജുവാന

ലോകകപ്പ്‌ കളിക്കുന്ന മെക്‌സിക്കോയുടെ ഏറ്റവും പ്രായംകുറഞ്ഞ താരം. നാല്‌ മത്സരങ്ങളിൽ കളത്തിലിറങ്ങി. പ്രായത്തെ വെല്ലുന്ന മികവും സമ്മർദം അതിജീവിക്കാനുള്ള കഴിവും വ്യത്യസ്‌തനാക്കുന്നു. ബ്രസീലിന്റെ ഇതിഹാസതാരം പെലെയ്‌ക്ക്‌ ശേഷം ലോകകപ്പ്‌ നോക്ക‍ൗട്ട്‌ മത്സരം കളിക്കുന്ന പ്രായം കുറഞ്ഞ താരമാണ്‌.

നോർവെയുടെ ഇരുപത്തൊന്നുകാരനായ മധ്യനിരതാരം അന്റോണിയോ നൂസ, ഇംഗ്ലീഷ്‌ പ്രതിരോധനിരയിലെ പുത്തൻതാരോദമായ നിക്കോ ഒറേയ്‌ലി, അമേരിക്കയുടെ പ്രതിരോധതാരം അലെക്‌സ്‌ ഫ്രീമാൻ തുടങ്ങിയ മികച്ച യുവതാരങ്ങളുടെ ഉദയത്തിനും ലോകകപ്പ്‌ വേദി സാക്ഷ്യം വഹിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home